വളർന്നുവരുന്ന ഇന്ത്യൻ പ്രീമിയം ഇലക്ട്രിക് വാഹന വിപണിയിൽ സാന്നിധ്യമറിയിക്കാൻ പ്രമുഖ ആഡംബര വാഹന നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ (JLR) തയ്യാറെടുക്കുന്നു. 2027-ഓടെ കമ്പനിയുടെ ആദ്യ ഇലക്ട്രിക് വാഹനങ്ങളായ റെയ്ഞ്ച് റോവർ ഇലക്ട്രിക്, റെയ്ഞ്ച് റോവർ സ്പോർട്ട് ഇലക്ട്രിക് എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ജെ.എൽ.ആർ ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ രാജൻ അംബ അറിയിച്ചു. തുടക്കത്തിൽ വിപണിയിലെ പ്രതികരണം വിലയിരുത്തുന്നതിനായി പൂർണമായും ഇറക്കുമതി ചെയ്ത വാഹനങ്ങളാവും (CBU) ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുക.

ഇന്ത്യയിലെ വിൽപ്പന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഡിസംബറോടെ ഷോറൂമുകളുടെ എണ്ണം 40 ആയി ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാറിന്റെ (FTA) ഭാഗമായി ഉണ്ടായ വിലക്കുറവും പ്രാദേശിക നിർമാണവും കമ്പനിയുടെ വിൽപ്പനയ്ക്ക് വലിയ കരുത്തേകിയിട്ടുണ്ട്. രാജ്യത്ത് ചാർജിങ് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുന്നതും ഇ.വി നയങ്ങളും ലാൻഡ് റോവറിന്റെ ഇലക്ട്രിക് മോഡലുകൾക്ക് അനുകൂല അന്തരീക്ഷമൊരുക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
Jaguar Land Rover (JLR) is set to launch its first electric vehicles in India by 2027, featuring the Range Rover Electric and Range Rover Sport Electric

