ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വില്യം രാജകുമാരനും ഭാര്യ കെയ്റ്റ് മിഡിൽടണും മൂന്ന് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച ഇന്ത്യയിലെത്തും. സന്ദർശനത്തിന്റെ ഭാഗമായി ബുധനാഴ്ച ന്യൂഡൽഹിയിൽ വെച്ച് ഇരുവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഫിലിപ്പീൻസ് സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന പ്രധാനമന്ത്രിയുമായി കാലാവസ്ഥാ വ്യതിയാനം, കോമൺവെൽത്ത് സഹകരണം, വ്യാപാര-സാംസ്കാരിക ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. 2016-ന് ശേഷം ഇതാദ്യമായാണ് ഇരുവരും ഇന്ത്യ സന്ദർശിക്കുന്നത്.

സന്ദർശനത്തിന്റെ ഭൂരിഭാഗം സമയവും മുംബൈയിലായിരിക്കും ദമ്പതികൾ ചെലവഴിക്കുക. മുംബൈയിൽ നടക്കുന്ന 2026-ലെ ‘എർത്ത്ഷോട്ട് പ്രൈസ്’ പുരസ്കാര ദാന ചടങ്ങാണ് സന്ദർശനത്തിലെ പ്രധാന പരിപാടി. പരിസ്ഥിതി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന അഞ്ച് വിഭാഗങ്ങളിലെ വിജയികൾക്ക് പത്ത് ലക്ഷം പൗണ്ട് വീതം സമ്മാനമായി ലഭിക്കും. ഇതിന് പുറമെ, ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിലെ 15,000 സ്കൂളുകളിൽ നിന്നുള്ള പത്ത് ലക്ഷം കുട്ടികൾ പങ്കാളികളാകുന്ന ആദ്യത്തെ ‘ചിൽഡ്രൻസ് എർത്ത്ഷോട്ട്’ സംരംഭത്തിലും, സ്ട്രീറ്റ് ക്രിക്കറ്റ് മത്സരത്തിലും ബോളിവുഡ് താരങ്ങളുമായുള്ള കൂടിക്കാഴ്ചയിലും ഇരുവരും പങ്കെടുക്കും.
Prince William and Kate Middleton to visit India for 3 days. Key highlights include a meeting with PM Narendra Modi and attending the Earthshot Prize 2026 ceremony in Mumbai.

