ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥാവകാശത്തെയും ഭരണനിർവഹണത്തെയും ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ, ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റയ്ക്കെതിരെ പരസ്യ വിമർശനവുമായി അന്തരിച്ച വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ ഇളയ സഹോദരൻ ജിമ്മി ടാറ്റ രംഗത്തെത്തി. പൊതുവേദികളിൽ നിന്ന് എപ്പോഴും അകന്നുനിൽക്കുന്ന 86-കാരനായ ജിമ്മി ടാറ്റ, സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെ (SRTT) ആജീവനാന്ത ട്രസ്റ്റിയാണ്.

ടാറ്റ സൺസിൽ 66 ശതമാനം ഓഹരി പങ്കാളിത്തമുള്ള ടാറ്റ ട്രസ്റ്റുകളുടെ നിയന്ത്രണം നോയൽ ടാറ്റയുടെ കുടുംബത്തിലേക്ക് കേന്ദ്രീകരിക്കാനുള്ള നീക്കങ്ങൾ ‘പിൻവാതിൽ അധികാര പിടിച്ചെടുക്കലിന്’ തുല്യമാണെന്ന് ജിമ്മി ആരോപിച്ചു. സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ് (SDTT) ട്രസ്റ്റി വിജയ് സിംഗുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെ ഇരുവരും ഒപ്പിട്ട രണ്ടുപേജുള്ള കുറിപ്പിലാണ് ഈ ഗുരുതര ആരോപണങ്ങളുള്ളത്. ഒരു ട്രസ്റ്റിൽ ഒരേ കുടുംബത്തിൽ നിന്ന് ഒന്നിലധികം അംഗങ്ങളെ ഉൾപ്പെടുത്തുന്നത് സ്ഥാപകരുടെ ഉദ്ദേശ്യശുദ്ധിക്ക് വിരുദ്ധമാണെന്നും കുറിപ്പിൽ പറയുന്നു.
ടാറ്റ ട്രസ്റ്റ് ചെയർമാന് ലഭിച്ച അമിതമായ വീറ്റോ അധികാരങ്ങളെ വിമർശിച്ച ജിമ്മി, ടാറ്റ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന ആവശ്യത്തെയും ശക്തമായി പിന്തുണച്ചു. ലിസ്റ്റിംഗ് നടപ്പിലാക്കുന്നത് ഗ്രൂപ്പിലെ രഹസ്യാത്മകതയുടെ സംസ്കാരം അവസാനിപ്പിക്കുമെന്നും കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ലിസ്റ്റിംഗ് ടാറ്റയുടെ ജീവകാരുണ്യ പാരമ്പര്യത്തെ ബാധിക്കുമെന്നാണ് നോയൽ ടാറ്റയുടെ നിലപാട്. ആർബിഐയുടെ ലിസ്റ്റിംഗ് മാനദണ്ഡങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ടാറ്റ സൺസിനെ വിഭജിക്കാനുള്ള ഏതൊരു നീക്കവും ഓഹരി ഉടമകളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും ജിമ്മി മുന്നറിയിപ്പ് നൽകി. ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ആരാണ് ജിമ്മി ടാറ്റ?
നേവൽ ടാറ്റയുടെയും ആദ്യ ഭാര്യ സൂണി കമ്മീഷറിയറ്റിന്റെയും രണ്ടാമത്തെ മകനാണ് ജിമ്മി നേവൽ ടാറ്റ. രത്തൻ ടാറ്റയുടെ നേർസഹോദരനും, നേവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിലെ മകനായ നോയൽ ടാറ്റയുടെ അർദ്ധസഹോദരനുമാണ് അദ്ദേഹം.
രത്തൻ ടാറ്റയിൽ നിന്ന് വ്യത്യസ്തമായി, ടാറ്റ കുടുംബത്തിലെയും ബിസിനസ്സ് സാമ്രാജ്യത്തിലെയും ഉന്നത സ്ഥാനങ്ങൾക്കിടയിലും തികച്ചും ലളിതവും സ്വകാര്യവുമായ ജീവിതമാണ് ജിമ്മി നയിക്കുന്നത്. സാങ്കേതികവിദ്യകളോട് വലിയ താൽപ്പര്യമില്ലാത്ത അദ്ദേഹം, ട്രസ്റ്റ് യോഗങ്ങളിലെ രേഖകൾ തപാൽ വഴിയാണ് കൈപ്പറ്റുന്നത്. മികച്ചൊരു സ്ക്വാഷ് കളിക്കാരൻ കൂടിയായ ജിമ്മി, പല മത്സരങ്ങളിലും തന്നെ തോൽപ്പിച്ചിട്ടുണ്ടെന്ന് വ്യവസായി ഹർഷ് ഗോയങ്ക മുൻപ് അനുസ്മരിച്ചിട്ടുണ്ട്.
ടാറ്റ സൺസിൽ 3,262 ഓഹരികളാണ് (ഏകദേശം 0.81 ശതമാനം) ജിമ്മി ടാറ്റയ്ക്കുള്ളത്. രത്തൻ ടാറ്റയുടെ വിൽപത്രം പ്രകാരം കുടുംബത്തിന്റെ ജുഹുവിലുള്ള വസ്തുവിലും അദ്ദേഹത്തിന് ഓഹരി ലഭിച്ചിട്ടുണ്ട്. സർ രത്തൻ ടാറ്റ ട്രസ്റ്റിന് പുറമെ ബായ് ഹീരാബായ് ജംഷെഡ്ജി ടാറ്റ നവസാരി ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ, സർവജനിക് സേവാ ട്രസ്റ്റ് എന്നിവയിലും അദ്ദേഹം ട്രസ്റ്റിയാണ്.
Jimmy Tata, brother of Ratan Tata, openly criticizes Noel Tata over Tata Trusts governance and supports Tata Sons listing. Learn about who Jimmy Tata is and the ongoing rift.

