വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനം ആരംഭിച്ചതോടെ വിഴിഞ്ഞം–കോവളം ചെറുകിട തുറമുഖത്തെ സർവീസ് ഹാർബറായി വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കുന്നു. ഇതോടൊപ്പം വലിയതുറയിലെ നിലവിലെ തീരദേശ അടിസ്ഥാനസൗകര്യവും ട്രാൻഷിപ്പ്മെന്റ് സാധ്യതയും ഉദ്യോഗസ്ഥർ വിലയിരുത്തി. ഇവിടെ എയർ–സീ ട്രാൻഷിപ്പ്മെന്റ് ഹബും ഗോഡൗണുകളും സ്ഥാപിക്കാനുള്ള സാധ്യത കൂടി പരിഗണനയിലുണ്ട്.

ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സെക്രട്ടറിയും തുറമുഖ വകുപ്പ് സെക്രട്ടറിയുമായ ഡോ. രത്തൻ യു. കേൽക്കർ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജെറോമിക് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം തുറമുഖവും വലിയതുറയും സന്ദർശിച്ചു. കേരള മാരിടൈം ബോർഡിന്റെ ഭരണനിയന്ത്രണത്തിലുള്ള വിഴിഞ്ഞം–കോവളം ചെറുകിട തുറമുഖത്തെ നിലവിലുള്ള സൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും സംഘം വിലയിരുത്തി. മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്യുന്ന വികസന പ്രവർത്തനങ്ങളുടെ സാധ്യതകളും പരിശോധിച്ചു.
അന്താരാഷ്ട്ര കിഴക്ക്–പടിഞ്ഞാറൻ കപ്പൽപാതയിൽനിന്ന് ഏകദേശം 10 നോട്ടിക്കൽ മൈൽ മാത്രം അകലെയുള്ള വിഴിഞ്ഞത്തിന് കപ്പലുകൾക്കാവശ്യമായ വിവിധ സേവനങ്ങൾ ഒരുക്കുന്നതിൽ വലിയ സാധ്യതകളാണുള്ളത്.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനത്തോടെ കപ്പലുകൾക്ക് ആവശ്യമായ അനുബന്ധ സേവനങ്ങളുടെ ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിൽ നിലവിലുള്ള വിഴിഞ്ഞം–കോവളം ചെറുകിട തുറമുഖത്തെ ഫലപ്രദമായി വിനിയോഗിച്ച് ഒരു സർവീസ് ഹാർബർ വികസിപ്പിക്കാനാണ് കേരള മാരിടൈം ബോർഡ് ലക്ഷ്യമിടുന്നത്. കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കൽ, അറ്റകുറ്റപ്പണികൾ, കപ്പൽ ഉപകരണങ്ങളുടെയും അവശ്യവസ്തുക്കളുടെയും വിതരണം, ജീവനക്കാരെ മാറ്റുന്നതിനുള്ള സൗകര്യം, കപ്പലുകൾക്ക് താൽക്കാലികമായി നങ്കൂരമിടുന്നതിനുള്ള സൗകര്യം തുടങ്ങിയവ സർവീസ് ഹാർബറിലൂടെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സർവീസ് ഹാർബർ പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞത്ത് കേരള മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കർ ഭൂമി വാണിജ്യാടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകളും പരിഗണനയിലുണ്ട്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനങ്ങൾക്ക് അനുബന്ധമായി മേഖലയിലെ സമുദ്രസേവന അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുതിയ സേവനമേഖലകൾക്ക് വഴിയൊരുക്കുന്നതിനും നിർദിഷ്ട പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വലിയതുറയിലെ നിലവിലെ പിയറിന്റെ കടലാക്രമണം മൂലം തകർന്ന ഭാഗങ്ങൾ, എയർ–സീ ട്രാൻഷിപ്പ്മെന്റ് ഹബിനും അനുബന്ധ ഗോഡൗൺ സൗകര്യങ്ങൾക്കുമുള്ള സാധ്യത എന്നിവ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും തുറമുഖ വകുപ്പിന്റെ സെക്രട്ടറിയുമായ ഡോ. രത്തൻ യു. കെൽക്കരുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ വലിയതുറയും സന്ദർശിച്ചു.
നിലവിലെ പിയറിന്റെ അവസ്ഥ, കടൽക്ഷോഭം മൂലമുണ്ടായ നാശനഷ്ടങ്ങൾ, സുരക്ഷിതവും സുസ്ഥിരവുമായ വികസനത്തിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ സംഘം വിലയിരുത്തി. വ്യോമ–കടൽ ഗതാഗത ശൃംഖലകൾ തമ്മിലുള്ള ചരക്ക് നീക്കം കാര്യക്ഷമമാക്കാൻ വലിയതുറയിൽ എയർ–സീ ട്രാൻഷിപ്പ്മെന്റ് ഹബ് സ്ഥാപിക്കാനുള്ള സാധ്യതയും പരിശോധിച്ചു.നിർദ്ദിഷ്ട പദ്ധതിയുടെ ഭാഗമായി ഗോഡൗണുകളും ബന്ധപ്പെട്ട ലോജിസ്റ്റിക്സ് അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കാനുള്ള സാധ്യതയും പരിശോധിച്ചു. കേരളത്തിലെ സമഗ്രമായ സമുദ്ര–ലോജിസ്റ്റിക്സ് ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനും എയർ–സീ വ്യാപാര–ട്രാൻഷിപ്പ്മെന്റ് ശൃംഖലയിൽ തിരുവനന്തപുരത്തെ പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള സർക്കാരിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.
The Kerala government is exploring plans to develop the Vizhinjam–Kovalam minor port into a dedicated service harbour following the operational launch of Vizhinjam International Seaport. The proposed facility would provide essential maritime services, including ship refuelling, repairs, equipment and supply distribution, and crew changes. Authorities are also assessing the feasibility of establishing an air–sea transshipment hub and warehouses at Valiyathura. A team led by Ports Secretary Dr. Rathan U. Kelkar and Vizhinjam International Seaport Limited Managing Director Jeromik George inspected the existing infrastructure at both locations. As part of the Mission Samudra initiative, the government is also considering commercial development of five acres of land owned by the Kerala Maritime Board at Vizhinjam. The proposals aim to strengthen maritime connectivity, logistics infrastructure, and port-related business opportunities in Kerala.

