ശബരിമല തീർഥാടകർക്ക് സുഗമവും സുരക്ഷിതവുമായി യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് നേരിട്ട് പമ്പയിലേക്കുള്ള കെഎസ്ആർടിസി എയർ കണ്ടീഷൻ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തീർഥാടകർക്ക് കേവലം 340 രൂപ ടിക്കറ്റ് നിരക്കിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് എ.സി ബസിൽ യാത്ര ചെയ്യാം. മണ്ഡല -മകര വിളക്ക് തീർഥാടന കാലം മുഴുവൻ ഈ സർവീസ് തുടരും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വിമാനമാർഗം എത്തുന്ന തീർഥാടകർക്ക് പുറമേ, മറ്റുള്ളവർക്കും മുൻകൂട്ടി ബുക്ക് ചെയ്ത് ഈ യാത്രാ സൗകര്യം ഉപയോഗിക്കാനാകും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എയർപോർട്ടിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രാത്രി ഒൻപതരയ്ക്ക് പമ്പയിലേക്കും വൈകിട്ട് ഏഴ് മണിക്ക് തിരികെ വിമാനത്താവളത്തിലേക്കും എത്തുന്ന രീതിയിലാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. നെടുമ്പാശ്ശേരിയിൽ നിന്ന് രാത്രി എട്ടരയ്ക്ക് പമ്പയിലേക്കും തിരികെ വൈകിട്ട് ഏഴുമണിക്ക് വിമാനത്താവളത്തിലേക്കുമാണ് സർവീസ്. വിവിധ വിമാനങ്ങളിൽ വന്നിറന്ന ഭക്തർക്ക് വിരിവെയ്ക്കുവാനും വിശ്രമിക്കുവാനും പ്രത്യേക സൗകര്യം ഇരു വിമാനത്താവളങ്ങളിലും ഒരുക്കിയിട്ടുണ്ട്. കെഎസ്ആർടിസി ബുക്കിങ് സൈറ്റ് വഴിയും വിമാന ബുക്കിങ് സൈറ്റുകൾ വഴിയും ബുക്ക് ചെയ്യാനാകും. വിമാന ടിക്കറ്റുകളുടെ ബുക്കിങ് വെബ്സൈറ്റുകളിൽ കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള വെബ്സൈറ്റ് ലിങ്കും ലഭ്യമാക്കിയിട്ടുണ്ട്.
ഇനി മുതൽ ഇരുമുടിക്കെട്ട് നിറച്ച് തീർഥാടകർ ബസ് സ്റ്റേഷനുകളിലേക്ക് എത്തുന്നതിന് പകരം, അവരുടെ വീടിനോ ക്ഷേത്രത്തിനോ സമീപത്ത് നിന്ന് തന്നെ കെഎസ്ആർടിസി ബസിൽ യാത്ര തുടങ്ങാനുള്ള ചാർട്ടേഡ് ട്രിപ്പും ഒരുക്കിയിട്ടുണ്ട്. വ്യക്തികൾക്കും കുടുംബങ്ങൾക്കും ഭക്തസംഘങ്ങൾക്കും വിവിധ സംഘടനകൾക്കും ആവശ്യങ്ങൾക്കനുസരിച്ച് കെഎസ്ആർടിസി ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ ഈ സംവിധാനം വഴി സാധ്യമാകും. യാത്രക്കാരുടെ എണ്ണം, യാത്ര ആരംഭിക്കുന്ന സ്ഥലം, തീയതി, സമയം, യാത്രയുടെ ദൈർഘ്യം എന്നിവയുടെ അടിസ്ഥാനത്തിൽ ചാർട്ടേഡ് സർവീസുകൾ ക്രമീകരിക്കാനുമാകും. ഭക്തർക്ക് സ്വന്തം പ്രദേശത്തുനിന്ന് തന്നെ പമ്പയിലേക്കും തിരിച്ചും നേരിട്ട് യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഇതിലൂടെ ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി.
KSRTC has launched an AC bus service from Thiruvananthapuram Airport to Pamba for Sabarimala pilgrims at ₹340 along with chartered bus booking options.

