വ്യാവസായിക ഉൽപ്പാദനത്തിന് സർക്കാർ സബ്സിഡികൾ നൽകി അമിത ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യ, ചൈന എന്നിവയുൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ ചുമത്താൻ അമേരിക്ക ഒരുങ്ങുന്നു. ഈ ആഴ്ച തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കുമെന്ന് ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. 1974-ലെ വ്യാപാര നിയമത്തിലെ സെക്ഷൻ 301 പ്രകാരം മാർച്ച് 11-ന് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് (USTR) ജാമിസൺ ഗ്രീർ ആരംഭിച്ച അന്വേഷണത്തിന്റെ കണ്ടെത്തലുകൾ ഉടൻ പുറത്തുവിടും. ഈ രാജ്യങ്ങളിലെ സർക്കാർ സഹായങ്ങൾ കുറഞ്ഞ നിരക്കിലുള്ള ഉൽപ്പന്നങ്ങൾ ആഗോള വിപണിയിൽ നിറയാൻ കാരണമായെന്നും ഇത് അമേരിക്കൻ കമ്പനികൾക്ക് തിരിച്ചടിയായെന്നുമാണ് യുഎസിന്റെ വിലയിരുത്തൽ.

പുതിയ തീരുവ നിരക്കുകൾ എത്രയായിരിക്കുമെന്ന് വ്യക്തമല്ലെങ്കിലും നിലവിലുള്ള നികുതികൾക്ക് പുറമെയായിരിക്കും ഇത് ചുമത്തുക. നിർബന്ധിത തൊഴിലാളികളെ ഉപയോഗിക്കുന്നുവെന്നാരോപിച്ച് ജൂലൈയിൽ പൂർത്തിയാക്കിയ മറ്റൊരു അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഈ 16 രാജ്യങ്ങൾക്കും 10 മുതൽ 12.5 ശതമാനം വരെ തീരുവ ചുമത്താൻ യുഎസ്ടിആർ ശുപാർശ ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരമുള്ള (IEEPA) തീരുവകൾ സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ ചർച്ചകൾ വീണ്ടും സജീവമായ ഘട്ടത്തിലാണ് ഈ പുതിയ നീക്കം. ബംഗ്ലാദേശ്, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ എതിരാളികളെക്കാൾ കുറഞ്ഞ തീരുവ യുഎസ് വിപണിയിൽ നേടിയെടുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഇത് പുതിയ വെല്ലുവിളിയാകും.
The US is preparing to impose additional tariffs on 16 countries, including India and China, over industrial subsidies, posing new hurdles for India-US bilateral trade talks.

