മോസ്കോയിൽ നടന്ന അന്താരാഷ്ട്ര നിർമ്മിത ബുദ്ധി സമ്മേളനത്തിൽ (AI Journey 2026) റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ സംവാദത്തിൽ വിദ്യാഭ്യാസ രംഗത്തെ എ.ഐ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്ത് കേരളത്തിൽ നിന്നുള്ള 17-കാരനായ സംരംഭകൻ റൗൾ ജോൺ അജു. വീഡിയോകളിലൂടെയും ഗെയിമുകളിലൂടെയും കണക്ക് പോലുള്ള വിഷയങ്ങൾ രസകരമായി പഠിക്കാൻ എ.ഐ എങ്ങനെ സഹായിക്കുമെന്ന് റൗൾ വിശദീകരിച്ചപ്പോൾ, വെറുതെ മനഃപാഠമാക്കുന്നതിനേക്കാൾ ചിന്തിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടതെന്നും എന്നാൽ ഓർമ്മിക്കാനും പഠിക്കാനും യുക്തിപൂർവ്വം ചിന്തിക്കാനുമുള്ള കഴിവ് അനിവാര്യമാണെന്നും പുടിൻ മറുപടി നൽകി. എ.ഐയെ സഹായിയായി ഉപയോഗിക്കുമ്പോൾ ആളുകൾ സ്വയം ചിന്തിക്കുന്നതും യുക്തി ഉപയോഗിക്കുന്നതും നിർത്തുന്നത് വിദ്യാഭ്യാസ പ്രക്രിയയ്ക്ക് ഭീഷണിയല്ലേ എന്നും പുടിൻ ചോദിച്ചു.

എ.ഐയെ പൂർണ്ണമായി ആശ്രയിക്കുന്നതിനേക്കാൾ, നിർമ്മിത ബുദ്ധിയുമായി സഹകരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്ന കൃത്യമായ മറുപടിയാണ് റൗൾ നൽകിയത്. 40 കുട്ടികളുള്ള ഒരു ക്ലാസ്സിൽ ഓരോരുത്തരുടെയും പഠനരീതിക്കനുസരിച്ച് വ്യക്തിഗതമായ പിന്തുണ നൽകാൻ ഒരധ്യാപകന് എങ്ങനെ സാധിക്കുമെന്ന ചോദ്യമുയർത്തിയ റൗൾ, ആ വിടവ് നികത്താൻ എ.ഐയ്ക്ക് കഴിയുമെന്ന് ചൂണ്ടിക്കാട്ടി. ഗെയിമുകളിലൂടെയാണ് താൻ എ.ഐ പഠിച്ചതെന്നും, പഠനം കൂടുതൽ ആകർഷകവും വ്യക്തിഗതവുമാക്കാൻ ഈ രീതി സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
17-year-old Malayali entrepreneur Raul John Aju interacts with Russian President Vladimir Putin at the Moscow AI conference, discussing AI’s role in education.

