മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികളിൽ മരപ്പട്ടി ശല്യം വർധിച്ചത് അടുത്തിടെ വാർത്തയായിരുന്നു. കേരളത്തിലെ പഴയ വീടുകളുടെ മച്ചുകളിലും, ഇരുട്ടറകളിലും പകൽ ഉറങ്ങി രാത്രികാലങ്ങളിൽ മാത്രം ഭക്ഷണം തേടിയിറങ്ങുന്ന മൃഗമാണ് മരപ്പട്ടി. പെപ്പിൽ നിന്ന് പിടിച്ച് വെക്കുന്ന വെള്ളം മൂടിവെച്ചില്ലെങ്കിൽ മരപ്പട്ടി മൂത്രം ഒഴിക്കുമെന്ന ആശങ്കയാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. തെക്കനേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും പ്രധാനമായും കാണപ്പെടുന്ന മരപ്പട്ടിയെ പക്ഷെ പാത്രം തുറന്ന് വെച്ച് കാത്തിരിക്കുന്ന ബിസിനസ്സ്കാരുണ്ട്.
ഇന്തോനേഷ്യക്കാർ മരപ്പട്ടിയെ മികച്ച വാണിജ്യ സാധ്യതയുള്ള മൃഗമായാണ് കണക്കാക്കുന്നത്. മരപ്പട്ടിയെ ഉപയോഗിച്ച് കോപ്പി ലുവാക് എന്ന വിലയേറിയ ഒരു കാപ്പിപ്പൊടി ഇന്തോനേഷ്യക്കാർ തയാറാക്കുന്നുണ്ട്. ഇന്തൊനീഷ്യയിലെ സുമാത്ര, ബാലി, സുലവെസി, ഈസ്റ്റ് ടയ്മൂർ തുടങ്ങിയ ദ്വീപുകളിലും ഫിലിപ്പീൻസിലും കാപ്പിപ്പൊടി നിർമ്മാണത്തിൽ മരപ്പട്ടി സവിശേഷമായ സ്ഥാനം വഹിക്കുന്നു.
മികവും രുചിയുമുള്ള കാപ്പിചെടിയുടെ പഴുത്ത കായകൾ വളർത്ത് മരപ്പട്ടികൾക്ക് ഭക്ഷിക്കാൻ കൊടുക്കും. പഴങ്ങൾ മാത്രം കഴിക്കുന്ന ശീലമുള്ള മരപ്പട്ടിയുടെ ദഹനവ്യവസ്ഥ ഭാഗികമായി മാത്രം ഈ കാപ്പിക്കുരുക്കളെ ദഹിപ്പിക്കും. മരപ്പട്ടിയുടെ വിസർജ്യത്തിനൊപ്പം പുറത്തുവരുന്ന ഈ പകുതി ദഹിച്ച കാപ്പിക്കുരുക്കൾ ശുചിയാക്കിയ ശേഷം പ്രത്യക രീതിയിൽ ഉണക്കിപ്പൊടിച്ചാണ് കോപ്പി ലുവാക് ഉണ്ടാക്കുന്നത്. കിലോയ്ക്ക് 100 ഡോളർ മുതൽ 1300 ഡോളർ വരെ വില വരുന്നവയാണ് കോഫി ലുവാക്.
ആദ്യകാലങ്ങളിൽ ആളുകൾ മരപ്പട്ടി വിസർജിക്കുന്ന കാപ്പിക്കുരുക്കൾ കാട്ടിൽ തേടിയലഞ്ഞു ശേഖരിച്ചു ശേഖരിക്കുകയായിരുന്നു പതിവ്. എന്നാൽ കാപ്പിയുടെ ഡിമാൻഡ് തിരിച്ചറിഞ്ഞതോടെ ഈ രീതി വാണിജ്യവത്കരിക്കപ്പെട്ടു. ഇന്തോനേഷ്യയടക്കം പ്രദേശങ്ങളിൽ വ്യാപകമായി മരപ്പട്ടികളെ കൂട്ടിലടച്ചു കാപ്പിക്കുരു ഭക്ഷണമായി നൽകിയുള്ള കാപ്പിയുത്പാദന രീതി തുടങ്ങി. സിവറ്റ് കോഫി എന്ന പേരിലും വിദേശങ്ങളിൽ അറിയപ്പെടുന്ന വളരെ വിലയേറിയ കാപ്പിപ്പൊടി ഇനങ്ങളിൽ ഒന്നാണ് കോപ്പി ലുവാക്. അമേരിക്കയിലും, യൂറോപ്പ്യൻ രാജ്യങ്ങളിലും ഏറെ ആരാധകരുണ്ട് കോപ്പി ലുവാക് കോഫിക്ക്.
The process of producing Coffee Luwak, the most exquisite variety of coffee, known for its unique taste, in Indonesia and other Asian countries like the Philippines.Asian palm civet