അർഹതപ്പെട്ട 13,608 കോടി രൂപയിൽ 8,700 കോടി രൂപ പിൻവലിക്കാൻ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് അനുമതി ലഭിച്ചു. 19,370 കോടി രൂപ അധികമായി കടമെടുക്കണമെന്ന കേരളത്തിൻ്റെ അപേക്ഷ കേന്ദ്രം തള്ളി ദിവസങ്ങൾക്കകമാണ് നടപടി.
സുപ്രീംകോടതി നിർദേശിച്ചതനുസരിച്ചാണ് കേന്ദ്രത്തിനെതിരെയുള്ള ഹർജി പിൻവലിക്കാതെതന്നെ കേരളത്തിന് ഈ വായ്പ കിട്ടുന്നത്. ശനിയാഴ്ചയാണ് അനുമതി കിട്ടിയത്. അതെ സമയം 19,370 കോടി രൂപ അധികമായി കടമെടുക്കണമെന്ന കേരളത്തിൻ്റെ അപേക്ഷ കേന്ദ്രം പരിഗണിച്ചിട്ടില്ല.
റിസർവ് ബാങ്കിന്റെ കടപ്പത്രങ്ങളിലൂടെയാണ് വായ്പയെടുക്കുന്നത്. കടപ്പത്രങ്ങളുടെ ലേലം എല്ലാ ചൊവ്വാഴ്ചയുമാണ് നടക്കുക. ശനിയാഴ്ച കടമെടുപ്പിനു ലഭിച്ച അനുമതി വൈകിയതിനാൽ 12-ന് നടക്കുന്ന ലേലത്തിൽ അപേക്ഷനൽകി കേരളത്തിന് പങ്കെടുക്കാനാകില്ല. അതിനാൽ അടുത്ത 19 ചൊവാഴ്ച നടക്കുന്ന ലേലംവരെ കാത്തിരിക്കണം. 20-ന് പണം ട്രഷറിയിലെത്തും. ഈ മാസത്തെ ട്രഷറി വഴിയുള്ള ചെലവുകൾക്ക് അങ്ങനെ തുക ലഭിക്കും.
നേരത്തെ കേരളം നൽകിയ ഹർജിയിൽ 13,000 കോടി രൂപ സംസ്ഥാനത്തിന് ഉടൻ നൽകുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, 19,370 കോടി രൂപ അധികമായി കടമെടുക്കണമെന്ന സംസ്ഥാനത്തിൻ്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം പിന്നീട് അറിയിച്ചു.
അനുവദിച്ച മൊത്തം വായ്പയിൽ ഏകദേശം 4800 കോടി വൈദ്യുതിമേഖലയുടെ നഷ്ടം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾക്കാണ്. ഇതിന് അനുമതി നൽകുന്ന നടപടികൾ കേന്ദ്രം പൂർത്തിയാക്കിയിട്ടില്ല. അടുത്തയാഴ്ച അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലുള്ള ബുദ്ധിമുട്ട് അടുത്ത സാമ്പത്തികവർഷം ഇല്ലാതാകണമെങ്കിൽ അധികവായ്പയെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കണം. ഇക്കാര്യത്തിൽ ഈ സാമ്പത്തികവർഷം തീരുമാനമുണ്ടാകാൻ സാധ്യതയില്ല. 19,351 കോടിയുടെ വായ്പകൂടി അംഗീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ കേന്ദ്രം തള്ളിയിരുന്നു.
കിഫ്ബിക്കും സാമൂഹികസുരക്ഷാ പെൻഷൻ കമ്പനിക്കും എടുക്കുന്ന വായ്പകൾ സംസ്ഥാനത്തിന്റെ വായ്പപ്പരിധിയിൽനിന്ന് ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആത്യന്തിക ആവശ്യം. ഇതിനു തയ്യാറല്ലെന്നാണ് സംസ്ഥാനവുമായി നടത്തിയ ചർച്ചയിൽ കേന്ദ്രം അറിയിച്ചത്. എന്നാൽ സുപ്രിം കോടതിയിൽ തുടരുന്ന നിയമപോരാട്ടത്തിൽ ഇക്കാര്യത്തിൽ സംസ്ഥാനത്തിന് അനുകൂലമായൊരു നടപടി ഉണ്ടാവുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.
Kerala has received permission from the Center to withdraw Rs 8,700 crore out of the Rs 13,608 crore it was entitled to. However, the Center rejected Kerala’s request for an additional loan of Rs 19,370 crore. Get the latest updates on Kerala’s borrowing and financial decisions.