തിയേറ്ററിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന മഞ്ഞുമ്മൽ ബോയ്സിന് സ്നേഹാദരവുമായി അമൂൽ. കേരളത്തിനകത്തും പുറത്തും നിന്ന് മികച്ച പ്രതികരണം നേടി കൊണ്ട് ജൈത്രയാത്ര നടത്തുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്.
ഈ അവസരത്തിലാണ് സിനിമയ്ക്ക് ട്രിബ്യൂട്ട് നൽകി കൊണ്ട് ഇന്ത്യയിലെ പ്രശസ്ത ഡെയറി ബ്രാൻഡായ അമൂൽ ആനിമേറ്റഡ് ഡൂഡിൽ തയ്യാറാക്കിയത്. മഞ്ഞ് അമൂൽ (ManjAmul boys) ബോയ്സ് എന്ന പേരിൽ കഥാപാത്രങ്ങളുടെ കാർട്ടൂൺ വരച്ചു ചേർത്തതാണ് ഡൂഡിൽ. സിനിമയിലെ ആറ് കഥാപാത്രങ്ങൾ അമൂലിന്റെ വെണ്ണ പുരട്ടിയ ബ്രഡ് കഴിക്കുന്നതാണ് ഡൂഡിൽ. മഞ്ഞുമ്മൽ ബോയ്സിന്റെ ജനപ്രീതി വർധിച്ചു കൊണ്ടിരിക്കുന്നു എന്നു കുറിച്ചാണ് ഡൂഡിൽ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.
ഇതു കൂടാതെ കഴിഞ്ഞ ദിവസം ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സും മഞ്ഞുമ്മൽ ബോയ്സിന്റെ പശ്ചാത്തലത്തിൽ ഒരു പോസ്റ്റർ റിലീസ് ചെയ്തിരുന്നു. ഗുണാ കേവിന് സമീപത്തെ മരത്തിന്റെ വേരുകളിൽ മഞ്ഞുമ്മൽ ബോയ്സിലെ കഥാപാത്രങ്ങൾ ഇരിക്കുന്ന ചിത്രം എഡിറ്റ് ചെയ്താണ് ചെന്നൈ സൂപ്പർ കിങ്സ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
തമിഴ്നാട്ടിൽ ഉൾപ്പടെ ഗംഭീര കളക്ഷനാണ് ചിത്രം നേടുന്നത്. ഫെബ്രുവരി 22ന് തിയേറ്ററിലെത്തിയ സിനിമ ആഗോളതലത്തിൽ 150 കോടി ക്ലബിൽ എത്തിയിരിക്കുകയാണ്.
ആഗോള ബോക്സ് ഓഫീസിൽ 175 കോടിയിലധകം നേടിയ 2018 ആണ് ഇനി മഞ്ഞുമ്മൽ ബോയ്സിന്റെ മുന്നിലുള്ളത്. തമിഴ്നാട്ടിൽ നിന്ന് മാത്രം 25 കോടി രൂപയ്ക്ക് മുകളിലാണ് കളക്ഷൻ. തമിഴ്നാട്ടിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന മലയാള ചിത്രം കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്. കമൽഹാസൻ അടക്കമുള്ളവർ ചിത്രത്തെ പ്രശംസിച്ചിരുന്നു.
കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ സുഹൃത്തുക്കളുടെ കഥയാണ് മഞ്ഞുമ്മൽ ബോയ്സ് പറയുന്നത്. യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് കഥ ഒരുക്കിയിരിക്കുന്നത്. സൗബിൻ, ശ്രീനാഥ് ഭാസി, ദീപക് പറമ്പോൽ, ലാൽ ജൂനിയർ, ഖാലിദ് റഹ്മാൻ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, വിഷ്ണു രഘു, അരുൺ കുര്യൻ, ബാലു വർഗീസ്, ഗണപതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Manjummel Boys, directed by Chidambaram, is a heartwarming tale set in Kerala, featuring the journey of a group of friends who find success and love amidst challenges. Learn about the film’s storyline, characters, and reception.