രണ്ട് ലക്ഷത്തി നാൽപ്പത്തിഓരായിരം കോടി രൂപയുടെ ആസ്തിയുള്ള കമ്പനി. അതിന്റെ ഫൗണ്ടിംഗ് ചെയർമാന്റെ ആസ്തിയാകട്ടെ 98,000 കോടി രൂപയും. ഉള്ള പണത്തിന്റെ മുക്കാൽ പങ്കും ചിലവഴിക്കുന്നത് ആയിരത്തോളം എൻജിഒ-കൾ വഴി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്. ഈ മനുഷ്യൻ ഉപയോഗിക്കുന്നത്, തന്റെ ഒരു ജീവനക്കാരന്റെ കൈയിൽ നിന്ന് വാങ്ങിയ ഒരു സെക്കൻഹാന്റ് കാറും.
നാല് ചക്രം കൈയ്യിൽ വന്നാൽ മൂന്നരക്കോടിയുടെ റേഞ്ച് റോവറും, ലിമിറ്റഡ് എഡിഷൻ റോൾസ് റോയ്സ് ഫാൻ്റം എഡിഷനുമൊക്കെ വാങ്ങുന്ന കോടീശ്വരന്മാരുടെ ഇന്ത്യയിലാണ് 1 ലക്ഷം കോടിയോളം രൂപ ഇട്ടുമൂടാൻ ഉണ്ടായിട്ടും ഒരാൾ ഇത്ര സിംപിളായി ജീവിക്കുന്നത്. ആ ലെജന്റാണ് അസിം പ്രേംജി.
ജിന്ന വിളിച്ചു, പോയില്ല
മഹാരാഷ്ട്രയിലെ ഒരു ചെറിയ പട്ടണമായ അമാൽനെറിൽ (Amalner) മുഹമ്മദ് ഹാഷിം പ്രേംജിയുടെ മകനായി 1945-ലാണ് അസിം പ്രേംജി ജനിച്ചത്.
അസിംപ്രേജി ജനിച്ച വർഷമാണ് അദ്ദേഹത്തിന്റെ പിതാവ് വെസ്റ്റേൺ ഇന്ത്യ വെജിറ്റബിൾ പ്രൊഡക്റ്റ്സ് എന്ന കമ്പനി തുടങ്ങിയത്. അത് കുടുംബ ബിസിനസ്സിന്റെ തുടക്കമായിരുന്നു. സൺഫ്ലവർ വനസ്പതി എന്ന പാചക എണ്ണയായിരുന്നു ബിസിനസ്സ്.
എണ്ണ ഉണ്ടാക്കുമ്പോഴുള്ള ബൈപ്രൊഡക്റ്റായി ഒരു സോപ്പും വിപണയിലിറക്കി. അതിന്റെ ബ്രാൻഡ് നെയിം 787 എന്നായിരുന്നു. രാജ്യം വിഭജനത്തിന് സാക്ഷ്യം വഹിച്ച 1947. കലാപ കലുഷിതമായ അന്തരീക്ഷത്തിൽ ഗുജറാത്തിലെ ഒരു മുസ്ലീം കുടുംബത്തിന് ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോവുക തീർത്തും അസാധ്യമായിരുന്നു. അപ്പോഴേക്കും സംരംഭകൻ എന്ന പേരെടുത്ത മുഹമ്മദ് ഹാഷിമിനെ, മുഹമ്മദാലി ജിന്ന പാകിസ്ഥാനിലേക്ക് ക്ഷണിച്ചു. അവിടെ ബിസിനസ്സ് വളർത്താനുള്ള സൗകര്യങ്ങൾ ഓഫർ ചെയ്തു. പക്ഷെ പ്രേംജിയുടെ പിതാവ് അത് നിരസിച്ചു. അദ്ദേഹം ഇന്ത്യവിട്ട് പോകില്ലെന്ന് തീരുമാനമെടുത്തിരുന്നു.
ബിസിനസ്സ് വിപുലീകരിക്കുന്നു
1966-ൽ അസിം അമേരിക്കയിലെ സ്റ്റാൻഫോർഡിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിഗ് പഠിക്കവേ പിതാവ് മരിച്ചു. അദ്ദേഹം നാട്ടിലെത്തി, പിതാവിന്റെ ബിസിനസ്സ് ഏറ്റെടുത്തു. പാചക എണ്ണയുടെ സംരംഭത്തിൽ നിന്ന് വേഗം ബിസിനസ്സ് ഡൈവേഴ്സിഫിക്കേഷൻ വരുത്തി. ബേക്കറിക്കാവശ്യമായ അസംസ്കൃത എണ്ണകൾ, ടോയ്ലറ്റ് സോപ്പുകൾ, ബേബി സോപ്പുകൾ, ഇലക്ട്രിക്കൽ പ്രോഡക്റ്റുകൾ അങ്ങനെ കുറെ വിവധതരം പ്രോഡക്റ്റുകൾ!
1977-ലാണ് അസിംപ്രേംജി വിപ്രോയെ അസാധാരണമായ തലത്തിലേക്ക് വളർത്താനുളള ഡിസൈനിംഗ് നടത്തുന്നത്. കംപ്യൂട്ടർ ഇൻഡസ്ട്രിയുടെ വളർച്ചയെ ഒരു കിനാവ് പോലെയോ, ഫാന്റസി കഥപോലെയോ മാത്രം സ്വപ്നം കാണാൻ പറ്റുമായിരുന്ന 70-കളുടെ അവസാനത്തിൽ അസിംപ്രേംജി വള്ളിപുള്ളിവിടാതെ തൻെറ ലക്ഷ്യത്തെ നിശ്ചയിച്ചു.
കടൽതിരയിൽ സർഫ് ചെയ്യുന്ന ഒരു പരിചയസമ്പന്നനായ സർഫറെ (surfer) പോലെ, നാല് പതിറ്റാണ്ടോളം അസിംപ്രംജി തന്റെ സംരംഭത്തെ പല തരം തിരകളിലൂടെ പായിക്കുകയായിരുന്നു. ആദ്യം കംപ്യൂട്ടർ ഹാർഡെവെയറിൽ ശ്രദ്ധവെച്ചും, സോഫ്റ്റ് വെയറുകളുടെ ഞാറ്റുവേലയിൽ അതിൽ വിത്തെറിഞ്ഞും, ടെക്നോളജി സർവ്വീസിന്റെ ചാകര കണ്ട 90-കളിൽ അതിൽ വലയിട്ടും ലോകമാകെ വിൽക്കാൻ പറ്റുന്ന ബിസിനസ്സുകളിൽ അദ്ദേഹം ബിഗ് പിക്ചർ വരച്ചിട്ടു. ഇതിനിടയിൽ അന്നത്തെ വ്യവസായമന്ത്രി ആയിരുന്ന ജോർജ്ജ് ഫെർണ്ണാണ്ടസിന്റെ കടുത്ത നടപടിയിൽ കൊക്കക്കോളയ്ക്കും അമേരിക്കൻ ഐടി കമ്പനിയായ IBM-നും ഇന്ത്യ വിടേണ്ടി വന്നു. IBM പോയ ഒഴിവ് അസിംപ്രേജി ശരിക്കും മുതലാക്കി. അങ്ങനെയാണ് ടെക്നോളജി രംഗത്തെ ഇന്ത്യയിലെ ബിസിനസ്സ്, വിപ്രോ പിടിച്ചെടുക്കുന്നത്. മിനികംപ്യൂട്ടറും മറ്റ് കംപ്യൂട്ടർ ഹാർഡ് വെയറും വിപ്രോയുടെ കുത്തകയായി. കുടുംബത്തിന്റെ ഓയിൽ നിർമ്മാണ ബിസിനസ്സിനെയാണ് പ്രേംജി കാറ്റിന്റെ ഗതിക്കനുസരിച്ച് തിരിച്ച് വിട്ടത്. Western India Palm Refined Oils Limited, WIPRO! ടെക്നോളജിയുടെ അവസാനവാക്കായി ലോകം കണ്ട വിപ്രോയുടെ പൂർണ്ണ രൂപം Western India Palm Refined Oils Limited എന്നാണെന്ന് എത്രപേർക്ക് അറിയാം?
—
ലോകത്തെ ഏറ്റവും വലിയ ധനികൻ
ഇന്ത്യയിൽ നിന്ന് സോഫ്റ്റവെയർ എഞ്ചിനീയർമാരുടെ വേലിയേറ്റം ഉണ്ടായ സമയത്ത്, അമേരിക്കിയലേക്ക് സ്ക്കിൽഡായ സോഫ്റ്റവെയർ പ്രൊഫഷണലുകളെ അദ്ദേഹം എത്തിച്ചു. അങ്ങനെ 1990കളുടെ അവസാനത്തോടെ തന്നെ WIPRO-യെ ഇൻഫർമേഷൻ ടെക്നോളജി പവർഹൗസ് ആക്കാൻ അസിംപ്രേജിക്കായി. ഇന്റർനെറ്റിന്റെ ആദ്യാക്ഷരങ്ങൾ പിറക്കുന്ന 2000-ത്തിന്റെ തുടക്കത്തിൽ അസിംപ്രേംജി ഏറ്റവും വലിയ ധനികരിൽ ഒരാളായി മാറി. ഇന്ത്യയിലെ അല്ല ലോകത്തെ ഏറ്റവും വലിയ ധനികരിൽ ഒരാൾ. ഐടി സർവ്വീസ്, ബിപിഒ, ആർ ആന്റ് ഡി, ടെക്നോളജി ഇന്നവേഷനുകൾ തുടങ്ങി കൺസ്യൂമർ ഗുഡ്സ്, പ്രിസിഷൻ എഞ്ചിനീയറിംഗ്, ഹെൽത്ത്കെയർ സിസ്റ്റം എന്നിവയിൽ ഉൾപ്പെടെ പുതിയകാലത്തെ എല്ലാ ബിസിനസ് രൂപങ്ങളിലും wipro സജീവമാണ്. 66 രാജ്യങ്ങളിലായി 10,000-ത്തിലധികം എംപ്ലോയിസാണ് വിപ്രോയിൽ ഉള്ളത്.
കേവലം 16 കോടിയുടെ സോപ്പ് ബിസിനസ്സിനെ 16,000 കോടിയുടെ സോഫ്റ്റ് വെയർ ബിസിനസ്സാക്കി കൺവേർട്ട് ചെയ്തിടത്താണ് അസിംപ്രേജി ലോകത്തെ എണ്ണം പറഞ്ഞ സംരംഭകനാകുന്നത്, ആ നേടിയ കോടികൾ അക്കൗണ്ടിൽ കിടന്ന് കിലുങ്ങുന്നത് കാണുമ്പോഴുള്ള സുഖം വേണ്ടെന്ന് വെച്ചിടത്ത് അയാൾ ഹൃദയമുളള മനുഷ്യനായി. കോടീശ്വരന്മാർ നിരവധിയുള്ള ലോകത്ത് അസിം ശരിക്കും ഈശ്വരനായി!
ആസ്തി മുഴുവനും ചാരിറ്റിക്ക്
മാനവികമായ സ്നേഹവും സഹാനുഭൂതിയും പ്രചരിപ്പിക്കുക മാത്രമല്ല, സ്വന്തം ജീവിത്തിൽ അതിന് ഏറ്റവും വലിയ സ്ഥാനം കൊടുക്കുകയുമാണ് അസിംപ്രേംജിയും ഭാര്യ യസ്മീൻ പ്രേംജിയും (Yasmeen Premji). ആർഭാടമില്ലാത്ത ജീവിതം, ലളിതമായ വസ്ത്രധാരണം, വലിയ മോഡിയോ ജാഡയോ ഇല്ലാത്ത വീടും വാഹനവും. അസിംപ്രേംജിയും ഭാര്യ യസ്മീൻ പ്രേംജിക്കും ആകെ ഏതാണ്ട് 2 ലക്ഷം കോടിയോളം ആസ്തിയുണ്ട്. അവർ ജീവിക്കുന്നത് ഒരു സാധാരണ മധ്യവർഗ്ഗത്തിന്റെ പരിമിതമായ സൗകര്യത്തിൽ മാത്രവും. ആർഭാടത്തിന് ഉപയോഗിക്കാമായിരുന്ന പണം, ആരോരുമില്ലാത്തവരുടെ ആനന്ദത്തിനായി അവർ ഉപയോഗിക്കുന്നു. സാധാരണക്കാരുടെ ജീവിതത്തിൽ അസാധാരണമായ ഒരു പുരോഗതി കൊണ്ടുവരാൻ ഇരുവരും ശ്രമിക്കുന്നു.
സ്വന്തം ആസ്തിയിലെ ഒന്നേ മുക്കാൽ ലക്ഷം കോടി ദാനധർമ്മങ്ങൾക്ക് ചിലവഴിക്കാൻ തോന്നണമെങ്കിൽ ആ മനസ്സ് എന്തായിരിക്കണം. അദ്ദേഹത്തിന്റെ മാത്രമല്ല, ഭാര്യയുടേയും മക്കളുടേയും..
പണം കണ്ട് കണ്ണ് മഞ്ഞളിക്കാത്തവർ
ലോകചരിത്രത്തിൽ ഇന്നേവരെ സ്വാധീനിച്ച 30 പേരിൽ ഒരാളാണ് അസിംപ്രേജി എന്ന് BusinessWeek. ലോകത്തെ സ്വാധീനശക്തിയുള്ള 100 പേരിൽ ഒരാളായി ടൈം മാഗസിനും, ഫോർബ്സും, ഫൊർച്യൂണും വാഴ്ത്തുന്നു. എക്കണോമിക് ടൈംസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡാണ് അസിംപ്രേംജിക്ക് നൽകിയത്. എല്ലാത്തിനുമുപരി, ഏറ്റവും പരമോന്നതമായ രണ്ടാമത്തെ സിവിലിയൻ അവാർഡായ പദ്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
കോടികൾ ആസ്തിയുള്ളവരേയും പണക്കാരയ ബിസിനസ്സ്കാരെയും ചെറിയകാലത്തേക്ക് ചെറിയ ലാഭങ്ങൾക്ക് ഉപകാരപ്പെട്ടേക്കാം. എന്നാൽ അവനവൻ അധ്വാനിച്ച് ഉണ്ടാക്കിയ പണം ഈ ഭൂമിയിലെ ജീവജാലങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന ബോധം ഉണ്ടാവുന്നത് വിരലിലെണ്ണാവുന്നവർക്ക് മാത്രമാകാം. അത് വിജയത്തിനും വിദ്യാഭ്യാസത്തിനും അപ്പുറമുള്ള വിവരമാണ്.
—-
നാരായണ മൂർത്തിയെ തഴഞ്ഞ പ്രേംജി
1980-കളിൽ അസിംപ്രേജി സീനിയർ എംപ്ലോയിസിനെ സെലക്ട് ചെയ്യുന്ന സമയം. കർണ്ണാടകയിലെ സിഥിലഘട്ട (Sidlaghatta) യിൽ നിന്നും ഒരു നാരായണ മൂർത്തിയുടെ ആപ്ളിക്കേഷൻ കണ്ടു. ജോലിക്കുള്ള അപേക്ഷയാണ്. CV വായിച്ച് അസിംപ്രേജി അത് തള്ളി. അവിടെ മറ്റൊരു ഐടി ഭീമന്റെ പിറവിയായിരുന്നു. അസിംപ്രേംജി തള്ളിയ ജോലിക്കുള്ള അപേക്ഷ NR നാരായണ മൂർത്തിയുടേതായിരുന്നു. ഇൻഫോസിസിന്റെ സ്ഥാപകരിൽ ഒരാളായ നാരായണ മൂർത്തി. വിപ്രോയിലെ ജോലി കിട്ടില്ല എന്ന് ബോധ്യമായപ്പോഴാണ് ഇൻഫോസിസിന്റെ രൂപീകരണത്തിലേക്ക് നാരായണ മൂർത്തിയും സംഘവും കടക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു നാരായണ മൂർത്തിയുടെ അപേക്ഷ തള്ളിയതെന്ന് പ്രേജി ഒരിക്കൽ പറഞ്ഞു.
സത്യസന്ധമായിരിക്കണം, ന്യായമായിരിക്കണം, പ്രകൃതിക്ക് ഇണങ്ങുന്നതാകണം. തന്റെ ബിസിനസ്സിനെ അസിംപ്രേംജി വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
ജീവകാരുണ്യ പ്രവർത്തനത്തിൽ മുമ്പൻ
2001-ൽ അസിം പ്രേംജി ഫൗണ്ടേഷൻ രൂപീകരിച്ചു. രാജ്യത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും കൂടുതൽകുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കാനും ഈ നോൺ പ്രോഫിറ്റ് സംഘടന പ്രവർത്തിക്കുന്നു. രാജ്യത്തെ 7 സംസ്ഥാനങ്ങളിലായി മൂന്നര ലക്ഷം സ്ക്കൂളുകളിലെ ലക്ഷക്കണക്കിന് കുട്ടികളിലേക്കാണ് ഈ ഫൗണ്ടേഷൻ അക്ഷരത്തിൻെ ജ്വാല എത്തിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ ഫണ്ട് ചെയ്യുന്ന ഫൗണ്ടേഷനുകളിൽ ലോകത്തെ ഏറ്റവും വലിയതാണ് അസിംപ്രേജി ഫൗണ്ടേഷൻ, തുകയുടെ വലുപ്പം കൊണ്ടും ചെയ്യുന്ന കർമ്മത്തിന്റെ പുണ്യം കൊണ്ടും!
2019-ൽ അദ്ദേഹം വിപ്രോയിൽ നിന്ന് വിരമിച്ചു. നാല് പതിറ്റാണ്ട്, 40 വർഷം വിപ്രോയെ നയിച്ചാണ് അദ്ദേഹം വിരമിച്ചത്. മൂന്നിൽ രണ്ട് ഭാഗം സ്വത്തും ജീവകാരുണ്യ പ്രവർത്തനത്തിന് ചിലവഴിച്ച അദ്ദേഹം വൈകാരികമായാണ് ആ പടിയിറങ്ങിയത്. CNBC TV18 റിപ്പോർട്ട് പ്രകാരം വിപ്രോ ഷെയറിന്റെ മൂല്യത്തിൽ കഴിഞ്ഞ 2 വർഷത്തിനിടെ 42% ആണ് ഇടിവുണ്ടായത്. പക്ഷെ നിസ്വരായ മനുഷ്യരുടെ ആനന്ദത്തിനായി താൻ നീക്കിവെക്കുന്ന ഫണ്ടിൽ ഒരു രൂപ പോലും ഈ മനുഷ്യൻ കുറവ് വരുത്തിയില്ല.
സ്റ്റാർട്ടപ്പുകളിലെ നിക്ഷേപകൻ
ഏറ്റവും പുതിയത് എന്തോ അതിന്റെ ആരാധകനാണ് അസിം. അതുകൊണ്ടാണ് കുടുംബത്തിന്റെ പാംഓയിൽ കമ്പനിയിൽ നിന്ന് 80-കളിൽ ട്രൻഡ് മനസ്സിലാക്കി ഐടി ഭീമനായി മാറിയത്. തന്റെ 78-ാം വയസ്സിലും സംരംഭത്തിലെ ചെറുപ്പം വിടാൻ ഈ മനുഷ്യന് ഭാവമില്ല. സാമ്പത്തിക മേഖലയിലെ കോഗ്നിറ്റീവ് അസിസ്റ്റൻസിനായി ജെനറേറ്റീവ് എഐ രംഗത്ത് പ്രവർത്തിക്കുന്ന ഒരുപ്ലാറ്റ്ഫോമിനായി മൈക്രോസോഫ്റ്റുമായി WIPRO കൈകോർക്കുന്നു. സിലിക്കൺ വാലിയിലെ മികച്ച ചില സ്റ്റാർട്ടപ്പുകളിലെ നിക്ഷേപകനുമാണ് അസിംപ്രേംജി. The Sleep Company, Purple, SpotDraft, GlobalBees തുടങ്ങി നിരവധി ടെക്നോളജി സ്റ്റാർട്ടപ്പുകളിൽ അദ്ദേഹം ഇൻവെസ്റ്ററാണ്.
Wipro-യിൽ, ഫൗണ്ടറായ അസിം പ്രേംജിക്ക് 22 കോടിയോളം ഷെയറാണുള്ളത്. അതായത് 4.32%. ഈയിടെ മക്കളായ റിഷാദിനും താരിഖിനും ചെറിയ സമ്മാം നൽകി അസിം പ്രേംജി. വിപ്രോയിലെ തന്റെ ഷെയറുകളിൽ 51 ലക്ഷം ഷെയർ വീതം ഇരുവർക്കുമായി നൽകി. ആകെ മൂല്യം 500 കോടി രൂപ.
കിടിലം വാക്കുകൾ
സംരംഭകരോട് അദ്ദേഹം പറയാറുള്ള മൂന്ന് ശക്തമായ വാക്കുകൾ നിങ്ങൾക്കായി ഷെയറ് ചെയ്യാം
ഒന്ന്, പുറത്തുള്ള മാറ്റം നമ്മുടെ അകത്തുള്ള മാറ്റത്തേക്കാൾ വേഗത്തിലാകുമ്പോൾ, നമ്മുടെ അവസാനം അടുത്തു എന്ന് കരുതണം. അതായത് സ്വയം അപ്ഡേഷൻ എന്ന് നിൽക്കുന്നോ അന്ന് സംരംഭകൻ മരിച്ചുവെന്ന് സാരം
രണ്ട്, സംരംഭകന് വിജയം രണ്ട് സമയം സംഭവിക്കും, ആദ്യം ആശയ രൂപത്തിൽ മനസ്സിലും, പിന്നെ ആ സംരംഭം യാഥാർകത്ഥ്യമാകുമ്പോൾ പുറത്തും.
മൂന്നാമത്തേത് വളരെ പ്രധാനമാണ് നിങ്ങളുടെ ഒരു സംരംഭക ആശയം കേട്ട് മറ്റുള്ളവർ പരിഹസിച്ച് ചിരിച്ചില്ലങ്കിൽ നിങ്ങളുടെ ആശയം വളരെ ചെറുതാണ്.
പിതാവ് തുടങ്ങി വെച്ച സോപ്പ് ബിസിനസ്സിനെ സോഫ്റ്റ് വെയർ ബിസിനസ്സിലേക്ക് വഴിതിരിച്ചുവിടാനും കോടികളുടെ സംരംഭകസാമ്രാജ്യം കെട്ടിപ്പടുക്കാനും അസിംപ്രേംജിക്കായത് എങ്ങനെയാണ്. താൻ ഏർപ്പെടുന്ന കർമ്മമണ്ഡലത്തിൽ ഓരോ നിമിഷവും സംഭവിക്കുന്ന മാറ്റങ്ങളെ അറിയാനായി അയാൾ കണ്ണും കാതും തുറന്ന് വെച്ചു. നാളെ വീശുന്ന അവസരമെന്ന കാറ്റിന്റെ ഗതി കണ്ടെത്തി. ബിസിനസ്സ് കൈകാര്യം ചെയ്യാൻ പ്രൊഫഷണലുകളെ അപ്പോയിന്റ് ചെയ്തു. ലോകം മുഴുവൻ ആവശ്യമുള്ള ബിസിനസ്സിനെക്കുറിച്ച് മാത്രം ചിന്തിച്ചു. കിട്ടിയതൊന്നും കെട്ടിപ്പിടിച്ച് വെക്കാതെ കിട്ടാത്തവർക്കായി കൈയയച്ച് കൊടുത്തു.
നിങ്ങൾക്ക് എന്ത് തോന്നുന്നു, കമന്റ് ചെയ്യുമല്ലോ?
Azim Premji, from inheriting a soap business to building a multi-crore entrepreneurial empire and becoming a leading philanthropist. Learn how he transformed Wipro and dedicated two-thirds of his wealth to charity.
മുന്നറിയിപ്പ്
എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.