സംസ്ഥാനത്തെ 104 ഐടിഐകളിലെ വിദ്യാർത്ഥികളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായുള്ള LEAP ഉദ്യമത്തിൽ മികച്ച സംരംഭക ആശയങ്ങൾക്ക് അംഗീകാരാം. വിദ്യാർത്ഥികൾ അവതരിപ്പിച്ച 100 ബിസിനസ്സ് പ്രോജക്ടുകളിൽ മൂന്നെണ്ണം മികച്ചതായി തിരഞ്ഞെടുത്തു. ഡൽഹിയിൽ നടക്കുന്ന സർവോ ഉദ്യം നാഷണൽ എൻ്റർപ്രണേഴ്സ് ചലഞ്ചിൽ തെരഞ്ഞെടുക്കപ്പെട്ടവർ പങ്കെടുക്കും.
എറണാകുളം കളമശ്ശേരി ഗവൺമെൻ്റ് ഐ.ടി.ഐയിലെ അതുൽ മനോജിൻ്റെയും ഹരികൃഷ്ണൻ ജെ.യുടെയും അഗർബത്തി പ്രൊഡക്ഷൻ ബിസിനസ് പ്രോജക്ട് മികച്ച ബിസിനസ് പ്രോജക്ടുകൾക്കുള്ള ഒന്നാം സ്ഥാനം നേടി.
കോട്ടയം പള്ളിക്കത്തോട് ഗവൺമെൻ്റ് ഐ.ടി.ഐയിലെ സ്മിനൂരത്ത് പി.എ.യുടെ മൾട്ടി-ലോക്ക് കംപ്രസിംഗ് സോയിൽ ബ്രിക്സ്- ബിസിനസ്സ് പ്രോജക്റ്റിനാണ് രണ്ടാം സ്ഥാനം. കാസർകോട് കുറ്റിക്കോലിലെ ഗവൺമെൻ്റ് ഐ.ടി.ഐ.യിലെ അഭിരാം എം.യുടെ നാളികേര ചിരട്ട കരകൗശല ഉത്പന്നങ്ങളുടെ ബിസിനസ് പ്രോജക്ട് മൂന്നാം സ്ഥാനം നേടി.
തിരുവനന്തപുരത്ത് രണ്ടു ദിവസമായി നടന്ന LEAP സംരംഭകരുടെ സംസ്ഥാന ഉച്ചകോടിയിലാണ് മികച്ച ടീമുകളെ കണ്ടെത്തിയത്.
സർവോ ഉദ്യം നാഷണൽ എൻ്റർപ്രണേഴ്സ് ചലഞ്ചിൽ 10 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയിക്കുന്നവരെ കാത്തിരിക്കുന്നത്. സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പും ബെംഗളൂരു ആസ്ഥാനമായുള്ള ഉദ്യം ലേണിംഗ് ഫൗണ്ടേഷനും സംയുക്തമായി ആമസോണിൻ്റെ പിന്തുണയോടെയാണ് LEAP ഉച്ചകോടി സംഘടിപ്പിച്ചത്.
രണ്ടു ദിവസത്തെ ഉച്ചകോടിയുടെ ഭാഗമായി സംരംഭകത്വ പരിശീലനം. പിച്ചിംഗ്, മെന്ററിംഗ്, എക്സ്പേർട്ട് ടോക്സ്, കുട്ടികളുടെ എക്സ്പോ എന്നിവയും സംഘടിപ്പിച്ചിരുന്നു.
LEAP വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പാഠ്യപദ്ധതിയുമായി ഇടപഴകുന്നതിനും ട്രെയിനികളുടെ ബിസിനസ് പ്രോജക്ടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും നൽകിയ സംഭാവനകൾക്ക് നാല് ഐടിഐകളെയും എട്ട് അധ്യാപകരെയും ആദരിച്ചു. ചടങ്ങിൽ വ്യവസായ പരിശീലന വകുപ്പ് ഡയറക്ടർ വീണ എൻ.മാധവൻ മുഖ്യാതിഥിയായിരുന്നു.
രണ്ട് ദിവസത്തെ പരിപാടിയിൽ ഡിസൈൻ തിങ്കിംഗ്, ഫിനാൻസിൻ്റെ പങ്ക്, മാർക്കറ്റിംഗിൻ്റെയും ബ്രാൻഡ് മാനേജ്മെൻ്റിൻ്റെയും അടിസ്ഥാനകാര്യങ്ങൾ, ആശയവിനിമയം, ആത്മവിശ്വാസം വളർത്തൽ തുടങ്ങിയ വിഷയങ്ങളിൽ ഇൻ്ററാക്ടീവ് ലേണിംഗ് സെഷനുകൾ നടന്നു. സംസ്ഥാന സർക്കാർ നടത്തുന്ന ഐ.ടി.ഐകളിലെ വിദ്യാർത്ഥി ട്രെയിനികൾ അവരുടെ പ്രോജക്ടുകൾ വ്യവസായ വിദഗ്ധർ വിലയിരുത്തി.
പരിപാടിയിൽ പങ്കെടുത്ത ട്രെയിനികൾക്ക് സംരംഭകരുമായി സംവദിക്കാനും അവരുടെ സംരംഭകത്വ യാത്രയെ കുറിച്ച് അറിയാനും കഴിഞ്ഞു. പഠന പ്രവർത്തനങ്ങളിലും ഇടപഴകലിലും അവർക്ക് സ്വയംഭരണവും ഉടമസ്ഥതയും നൽകിക്കൊണ്ട് ട്രെയിനികളുടെ ചിന്താഗതിയിൽ മാറ്റം കൊണ്ടുവരാൻ ഇത് ലക്ഷ്യമിടുന്നു. സംരംഭകത്വ ചിന്താപദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ഐടിഐകളിൽ നിന്ന് 1,000 വിദ്യാർത്ഥി സംരംഭകരെ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 2022-23ൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 104 സർക്കാർ നിയന്ത്രണത്തിലുള്ള ഐടിഐകളിൽ LEAP ഈ പ്രോഗ്രാം അവതരിപ്പിച്ചിരുന്നു.