ഈ വർഷം ആദ്യം ഫോർബ്‌സ് ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടിക പുറത്തിറക്കിയിരുന്നു. 25 ആദ്യ എൻട്രികൾ ഉൾപ്പെടെ 200 ഇന്ത്യക്കാരെ ആണ് ഇതിൽ ഉൾപ്പെടുത്തിയത്. ഇക്കൂട്ടത്തിൽ സമ്പത്തിൻ്റെ കാര്യത്തിൽ, 35.6 ബില്യൺ ഡോളർ അതായത് ഏകദേശം 2,97,990 കോടി രൂപ ആസ്തിയുള്ള ശിവ് നാടാർ ഡൽഹിയിലെ ഏറ്റവും ധനികനായ വ്യവസായിയും പ്രമുഖ മനുഷ്യസ്‌നേഹിയുമാണ്.
ധനികരിൽ ഭൂരിഭാഗവും, തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം സമൂഹത്തിന് തിരികെ നൽകാറുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് പ്രകാശമായി മാറുന്ന നിരവധി ആളുകളുണ്ട്. ബിസിനസിൽ വിജയം നേടിയ നാടാർ സഹജീവികളെ സഹായിക്കാനായി ഭീമമായ തുകയാണ് ചെലവഴിക്കുന്നത്. പ്രമുഖ ബഹുരാഷ്ട്ര ഐടി കൺസൾട്ടിംഗ് കമ്പനിയായ എച്ച്സിഎൽ ടെക്നോളജീസിൻ്റെ സ്ഥാപകനും ചെയർമാനുമാണ് ശിവ് നാടാർ. ഒരു ദിവസം 5.6 കോടി രൂപ എന്ന തോതിലാണ് ഇദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം ചിലവഴിക്കുന്നത്.
ഐ.ടി കൺസൾട്ടിങ് കമ്പനിയായ എച്ച്.സി.എൽ ടെക്നോളജീസ് 1976ൽ ആണ് ആരംഭിക്കുന്നത്. ഒരു ഗാരേജിൽ 1,87,000 രൂപ മുതൽ മുടക്കിൽ സുഹൃത്തുക്കൾക്കൊപ്പം ആണ് നാടാർ കമ്പനി ആരംഭിക്കുന്നത്. തുടക്കത്തിൽ കാൽക്കുലേറ്ററുകൾ, മൈക്രോ പ്രൊസസറുകൾ എന്നിവയുടെ നിർമാണമാണ് കമ്പനി നടത്തിയിരുന്നത്. ഇന്ന് ആഗോള തലത്തിൽ തന്നെ മുൻനിരയിലുള്ള ഈ കമ്പനിക്ക് 60 രാജ്യങ്ങളിൽ ഓഫീസുകളുണ്ട്.
തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ജനിച്ച നാടാർ സെൻ്റ് ജോസഫ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് പഠിച്ചത്. കോയമ്പത്തൂരിലെ പിഎസ്ജി കോളേജ് ഓഫ് ടെക്നോളജിയിൽ നിന്നും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദം നേടി. 1976ൽ ശിവ് നാടാർ, വാൽചന്ദ് ഗ്രൂപ്പിന്റെ കൂപ്പർ എൻജിനീയറിങ് ലിമിറ്റഡ് എന്ന കമ്പനിയിൽ ജോലി ചെയ്തു. പ്രവൃത്തി പരിചയം നേടിയതിനു ശേഷം മൈക്രോ കോമ്പ് (Microcomp) എന്ന പേരിൽ ഒരു കമ്പനി സ്ഥാപിച്ചു. ഇതാണ് പിന്നീട് ഹിന്ദുസ്ഥാൻ കമ്പ്യൂട്ടേഴസ് ലിമിറ്റഡ് (എച്ച്.സി.എൽ ടെക്നോളജീസ്) എന്ന പേരിൽ പ്രശസ്തമായത്. ഇതാണ് ഇപ്പോൾ എച്ച്സിഎൽ ടെക്നോളജീസ് എന്നറിയപ്പെടുന്നത്. ഐടി വ്യവസായത്തിനുള്ള അദ്ദേഹത്തിൻ്റെ സംഭാവനകൾ കണക്കിലെടുത്ത് 2008-ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
ദീർഘമായ 40 വർഷം കമ്പനിയെ നയിച്ചതിനു ശേഷം ശിവ് നാടാർ ചെയർമാൻ സ്ഥാനം തന്റെ മകളായ റോഷ്നി നാടാർക്ക് കൈമാറിയിരുന്നു. ഇന്ത്യയിലെ ധനികരായ വ്യക്തികളിൽ ഒരാൾ എന്നതിലുപരി വലിയ ചാരിറ്റി പ്രവർത്തനങ്ങളാണ് ശിവ് നാടാരെ വേറിട്ടു നിർത്തുന്നത്. ഹുറൂൺ ഇന്ത്യ ഫിലാന്ത്രോപ്പി ലിസ്റ്റ് 2023 റിപ്പോർട്ട് പ്രകാരം 2022-23 കാലഘട്ടത്തിൽ ഏകദേശം 2,042 കോടി രൂപയാണ് (പ്രതിദിനം ഏകദേശം 5.6 കോടി രൂപ) അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വെച്ചത്. ഈ ദാനധർമ്മം അദ്ദേഹത്തിന് തുടർച്ചയായി മൂന്ന് വർഷത്തേക്ക് “ഇന്ത്യയിലെ ഏറ്റവും ഉദാരമതിയായ മനുഷ്യൻ” എന്ന പദവി നേടിക്കൊടുത്തിരുന്നു. തൻ്റെ ചാരിറ്റബിൾ സംഭാവനകൾക്ക് പുറമേ, നാടാർ ചെന്നൈയിൽ SSN കോളേജ് ഓഫ് എഞ്ചിനീയറിംഗ് സ്ഥാപിക്കുകയും HCL ടെക്നോളജീസ് വഴി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.
Discover the remarkable journey of Shiv Nadar, Delhi’s wealthiest individual with a net worth of Rs 2.79 lakh crore. Explore his rise from humble beginnings, leadership of HCL Technologies, and his extraordinary philanthropic efforts, including daily donations of Rs 5.6 crore in 2022-2023.