കോടീശ്വരനായ വ്യവസായി കുമാർ മംഗളം ബിർളയുടെ മകൻ ആര്യമാൻ വിക്രം ബിർള ഒരു ക്രിക്കറ്റ് കളിക്കാരനിൽ നിന്ന് ബിസിനസുകാരൻ എന്ന നിലയിലേക്ക് വിജയകരമായ യാത്ര നടത്തിയ ആളാണ്. 2017-18ൽ മധ്യപ്രദേശിനായി രഞ്ജി ട്രോഫി അരങ്ങേറ്റത്തോടെയാണ് ആര്യമാൻ വിക്രം ബിർള തൻ്റെ ക്രിക്കറ്റ് ജീവിതം ആരംഭിച്ചത്. 2018 ലെ ഐപിഎല്ലിലേക്ക് രാജസ്ഥാൻ റോയൽസ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.
റിപ്പോർട്ടുകൾ അനുസരിച്ച്, ആര്യമാൻ ബിർള 9 മത്സരങ്ങൾ കളിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു സെഞ്ചുറിയും ഒരു അർദ്ധ സെഞ്ചുറിയും ഉൾപ്പെടെ 414 റൺസ് നേടിയ ഒരു ക്രിക്കറ്റർ ആണ്. ലിസ്റ്റ് എ ക്രിക്കറ്റിലെ നാല് മത്സരങ്ങളിൽ നിന്ന് 36 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. എന്നാൽ 2019 ൽ, തൻ്റെ മാനസികാരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അദ്ദേഹം ക്രിക്കറ്റിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. ക്രിക്കറ്റിന് പുറമെ, ബിസിനസ് ലോകത്തും ആര്യമാൻ വിക്രം ബിർള തൻ്റേതായ വ്യക്തിത്വം സ്ഥാപിച്ചു കഴിഞ്ഞു.
ആദിത്യ ബിർള ഗ്രൂപ്പിൻ്റെ മുൻനിര കമ്പനിയായ ഗ്രാസിം ഇൻഡസ്ട്രീസ്, ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ എന്നിവയുടെ ബോർഡുകളിൽ ആണ് ക്രിക്കറ്റിൽ നിന്നും ഇടവേള എടുത്ത ശേഷം അദ്ദേഹം ചേർന്നത്. മുംബൈയിൽ ജോളി എന്ന പേരിൽ പ്രത്യേക ക്ലബ്ബും അദ്ദേഹം തുടങ്ങിയിട്ടുണ്ട്. വിവിധ മേഖലകളിൽ നിന്നുള്ള വിജയികൾക്ക് വേദി നൽകുന്ന ക്ലബ്ബാണ് ജോളി. നായകളോടുള്ള ഇഷ്ടവും താല്പര്യവും കൊണ്ട് ‘ദി പാവ്സ്റ്റാർ കമ്പനി’ എന്ന പേരിൽ വളർത്തുമൃഗങ്ങൾക്കുള്ള ഒരു പ്രത്യേക സ്റ്റോറും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.
1997 ജൂലൈ 9 നാണ് ആര്യമാൻ വിക്രം ബിർള ജനിച്ചത്. 2023-ൽ ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ഡയറക്ടർമാരിൽ ഒരാളായി അദ്ദേഹം നിയമിതനായി. മുംബൈ സർവകലാശാലയിൽ നിന്ന് വിദൂര പഠനത്തിലൂടെ കൊമേഴ്സിൽ ബിരുദം നേടിയ ആളാണ് ആര്യമാൻ ബിർള. കുടുംബ ബിസിനസിന്റെ ഭാഗമാണ് ആര്യമാനും. ബിർള ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും പഴയ വ്യവസായ സ്ഥാപനങ്ങളിലൊന്നാണ്.
ഇതിൻ്റെ മൂല്യം 100 ബില്യൺ ഡോളറിലധികം വരും, അതായത് ഏകദേശം 8.3 ലക്ഷം കോടി രൂപ. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ ആദിത്യ ബിർള ഗ്രൂപ്പിൻ്റെ തലവനാണ് ആര്യമാൻ്റെ പിതാവ് കുമാർ മംഗലം ബിർള. അദ്ദേഹം ഒരു വിജയകരമായ സംരംഭകനും മനുഷ്യസ്‌നേഹിയുമാണ്. വിവിധ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയാണ് ആദിത്യ ബിർള ഗ്രൂപ്പ്.
Aryaman Vikram Birla, son of billionaire Kumar Mangalam Birla, transitioned from cricket to business. From his debut in IPL to joining Grasim Industries and launching ‘The Pawstar Company,’ Aryaman continues the Birla legacy in diverse fields.