ഇന്ധന ചില്ലറ വിൽപ്പന മേഖലയിലെ മികച്ച സംരംഭമാണ് പെട്രോൾ പമ്പുകൾ. ലൈസൻസ്, ഡീലർഷിപ്പ്, അപേക്ഷകന്റെ സാമ്പത്തിക സ്ഥിതി എന്നിവ പെട്രോൾ പമ്പ് തുടങ്ങുന്നതിൽ നിർണായകമാണ്. ഇന്ത്യയിൽ പെട്രോൾ പമ്പ് തുടങ്ങാൻ ആവശ്യമായ നടപടിക്രമങ്ങൾ പരിശോധിക്കാം.
യോഗ്യതകൾ
1. അപേക്ഷകൻ ഇന്ത്യക്കാരനായിരിക്കണം
2. പ്രായം 21നും 55നും ഇടയിലായിരിക്കണം
3. പത്താം തരം വരെയെങ്കിലും വിദ്യാഭ്യാസ യോഗ്യത വേണം
4. റീട്ടെയിൽ രംഗത്തോ സമാനമായ മറ്റ് ബിസിനസോ ചെയ്ത് മൂന്നു വർഷമെങ്കിലും പരിചയം വേണം.
5. അപേക്ഷകന് 25 ലക്ഷം രൂപയുടെയെങ്കിലും ആസ്തി വേണം, മൊത്തം കുടുംബത്തിന് 50 ലക്ഷമെങ്കിലും ആസ്തി ഉണ്ടാവണം.
6. അപേക്ഷകൻ ക്രിമിനൽ പശ്ചാത്തലം ഉള്ള ആളായിരിക്കരുത്. ബിസിനസ് കടബാധ്യതകളും പാടില്ല.
ഭൂമി
പ്രാദേശിക ഗവൺമെൻ്റിൻ്റെയും ഓയിൽ കമ്പനിയുടെയും (OMC) നിയമവലികൾ അനുസരിക്കുന്ന ഭൂമിയാണ് പെട്രോൾ പമ്പ് തുടങ്ങാൻ വേണ്ടത്. പെട്രോൾ പമ്പ് തുടങ്ങാൻ ഉദ്ധേശിക്കുന്ന പ്രദേശത്തിന് അനുസരിച്ച് ഭൂമിസംബന്ധമായ നിബന്ധന വ്യത്യസ്തമാണ്. ഗ്രാമപ്രദേശങ്ങളിൽ 800-1200 സ്ക്വയർ മീറ്ററും നഗരപ്രദേശങ്ങളിൽ 500-800 സ്ക്വയർ മീറ്റർ ഭൂമിയും പ്െട്രോൾ പമ്പിനായി വേണം. ദേശീയപാതയ്ക്ക് സമീപം ഇത് 1200-2000 സ്ക്വയർ മീറ്ററാണ്.
ചെലവ്
ഭൂമി വില, നിർമാണച്ചെലവ്, ലൈസൻസ് ഫീ എന്നിങ്ങനെ നിരവധി കാര്യങ്ങളെ ആശ്രയിച്ചാണ് പ്ട്രോൾ പമ്പ് തുടങ്ങാനുള്ള ചിലവ് വരിക. ഈ ചെലവുകളെല്ലാം ഏതാണ്ട് 75 ലക്ഷം രൂപ മുതൽ രണ്ടര കോടി വരെ വരും. പെട്രോൾ പമ്പ് തുടങ്ങുന്ന പ്രദേശത്തിന് അനുസരിച്ച് ഇതിൽ മാറ്റം വരും.
അപേക്ഷ
പെട്രോൾ പമ്പ് ഡീലർ ചയാൻ എന്ന ഔദ്യോഗിക പോർട്ടൽ (www.petrolpumpdealerchayan.com) വഴി പമ്പുകൾക്ക് അപേക്ഷിക്കാം. ഓൺലൈൻ ഫോമിന് 100 മുതൽ ആയിരം രൂപ വരെയാണ് നിരക്ക്. പ്രാദേശിക സർക്കാർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) എന്നിവയിൽ നിന്ന് ലൈസൻസുകളും അനുമതികളും ലഭിക്കേണ്ടതുണ്ട്. മുനിസിപ്പൽ അതോറിറ്റിയിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും (എൻഒസി) ആവശ്യമാണ്. അപേക്ഷ നൽകിയതിനു ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി ലൈസൻസ് ലഭിക്കും.
ആവശ്യമായ അനുമതികൾ
ഇന്ധന ചില്ലറ വിൽപ്പന ലൈസൻസ് : പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിൽ നിന്ന് ഇന്ധന റീട്ടെയിൽ ലൈസൻസിനുള്ള അപേക്ഷ.
എൻഒസി : അഗ്നിശമന, സുരക്ഷാ വകുപ്പുകൾ ഉൾപ്പെടെയുള്ള പ്രാദേശിക അധികാരികളിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി).
പരിസ്ഥിതി ക്ലിയറൻസ്: പ്രദേശങ്ങൾക്കനുസരിച്ച സുരക്ഷിതമായ പാരിസ്ഥിതിക അനുമതികളും വേണ്ടിവന്നേക്കാം.
ഓയിൽ കമ്പനി ലൈസൻസ്
പെട്രോൾ പമ്പ് നടത്തിപ്പിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം പോലുള്ള എണ്ണക്കമ്പനിയുമായി പങ്കാളിത്തം വേണം. കമ്പനികളുടെ ബ്രാൻഡ് പ്രശസ്തി, നെറ്റ്വർക്ക്, പിന്തുണ, കമ്മീഷൻ ഘടന എന്നിവ പരിഗണിച്ച് തിരഞ്ഞെടുക്കുക. ലൈസൻസിംഗ് പ്രക്രിയയുടെ ഭാഗമായി ചില എണ്ണ കമ്പനികൾക്ക് ബാങ്ക് ഗ്യാരണ്ടി ആവശ്യമായി വന്നേക്കാം. പങ്കാളിത്തത്തിൻ്റെ നിബന്ധനകളും വ്യവസ്ഥകളും വ്യക്തമാക്കുന്ന ഒരു ഫ്രാഞ്ചൈസി കരാറിൽ ഏർപ്പെടുക.അപേക്ഷാ നടപടിക്രമങ്ങൾക്ക് അനുസൃതമായി എണ്ണക്കമ്പനികളിൽ പെട്രോൾ പമ്പിനായി അപേക്ഷിക്കണം. അപേക്ഷാ ഫോം, യോഗ്യതയുടെ തെളിവ്, ഭൂമിയുടെ ഉടമസ്ഥാവകാശം/പാട്ടം രേഖകൾ, സാമ്പത്തിക പ്രസ്താവനകൾ എന്നിവ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷാ ഫീസും നൽകണം. ഇന്ധന സംഭരണ ടാങ്കുകൾ, ഡിസ്പെൻസറുകൾ, സുരക്ഷാ നടപടികൾ, സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിച്ച് പമ്പുകൾ, മീറ്ററുകൾ, ഡിസ്പ്ലേ ബാനറുകൾ തുടങ്ങിയ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യണം. എണ്ണക്കമ്പനികളുടെയും മറ്റ് അധികാരികളുടെയും അന്തിമ പരിശോധനയ്ക്ക് ശേഷം അംഗീകാരം ലഭിച്ചാൽ പെട്രോൾ പമ്പ് പ്രവർത്തനം ആരംഭിക്കാം.
ഇങ്ങനെ ഗവൺമെന്റ് അധികാരികളുടേയും എണ്ണ കമ്പനികളുടേയും അനുമതി വേണ്ട സംരംഭമാണ് പെട്രോൾ പമ്പ് ബിസിനസ്.
കഴിഞ്ഞ ദിവസം കണ്ണൂരിൽ പെട്രോൾ പമ്പിന് എൻഒസി നൽകുന്നതിന് കൈക്കൂലി വാങ്ങി എന്ന് ആരോപണം നേരിട്ട എഡിഎം ആത്മഹത്യ ചെയ്തത് വാർത്തയായിരുന്നു.
Learn the step-by-step process to start a petrol pump in India, including qualifications, land requirements, costs, application procedures, and necessary licenses. Find out what it takes to establish a successful fuel retail venture.