പശ്ചിമ കൊച്ചിയിലേക്കുള്ള യാത്രാ ക്ലേശം പരിഗണിച്ച് ഹൈക്കോർട്ട് ജംഗ്ഷൻ-ഫോർട്ട് കൊച്ചി സർവീസ് സമയം ദീർഘിപ്പിച്ച് കൊച്ചി വാട്ടർ മെട്രോ. ഫോർട്ട് കൊച്ചിയിൽനിന്ന് ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിലേക്കുള്ള അവസാന സർവീസ് രാത്രി എട്ട് മണിക്കായിരിക്കും പുറപ്പെടുകയെന്ന് വാട്ടർ മെട്രോ അധികൃതർ അറിയിച്ചു.
കൊച്ചി നഗരത്തേയും പശ്ചിമ കൊച്ചിയേയും ബന്ധിപ്പിക്കുന്ന കൊച്ചി-പൻവേൽ ദേശീയപാതയിലെ കുണ്ടന്നൂർ-തേവര പാലവും തേവരയേയും വെല്ലിങ്ടൺ ഐലൻ്റിനേയും ബന്ധിപ്പിക്കുന്ന അലക്സാണ്ടർ പറമ്പിത്തറ പാലവും അടച്ചതോടെയാണ് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായത്. അറ്റകുറ്റപ്പണികൾക്കായി ഈ മാസം 15നാണ് പാലങ്ങൾ അടച്ചത്. പാലം പണികൾ ഒരു മാസം കൂടി നീളും എന്നാണ് അറിവ്.
അതേയമയം ഒന്നര വർഷം കൊണ്ട് മുപ്പത് ലക്ഷം യാത്രക്കാർ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് കൊച്ചി മെട്രോ. 2023 ഏപ്രിലിൽ ഉദ്ഘാടനം കഴിഞ്ഞ ശേഷം എല്ലാ മാസങ്ങളിലും യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉള്ളത്. തുടക്കത്തിൽ രണ്ട് റൂട്ടുകളിൽ മാത്രമായിരുന്ന വാട്ടർ മെട്രോ നിലവിൽ അഞ്ച് റൂട്ടുകളിൽ സർവീസ് നടത്തുന്നു. ഹൈക്കോർട്ട്-ഫോർട്ട്‌കൊച്ചി, ഹൈക്കോർട്ട്-വൈപ്പിൻ, ഹൈക്കോർട്ട്-സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂർ- ചേരാനെല്ലൂർ, വൈറ്റില-കാക്കനാട് എന്നിവയാണ് നിലവിലെ റൂട്ടുകൾ.