ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത (Dearness Allowance) അനുവദിച്ച് സർക്കാർ. സർവീസ് പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും (Dearness Relief) അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാലൻ അറിയിച്ചു. 2021 ജൂലൈയിലെ 3% ഡിഎ ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസ് ഉൾപ്പെടെ എല്ലാ മേഖലയിലും ആനുകൂല്യം ലഭ്യമാകുമെന്ന് ധനമന്ത്രി അറിയിച്ചു. അടുത്ത മാസത്തെ ശമ്പളത്തിനും പെൻഷനും ഒപ്പം ഡിഎയും ഡിആറും ലഭ്യമാകും. ഡിഎയുടേയും ഡിആറിന്റേയും ഓരോ ഗഡു വീതം കഴിഞ്ഞ ഏപ്രിലിൽ അനുവദിച്ചിരുന്നു.
വലിയ സാമ്പത്തിക ബാധ്യതയാണ് ക്ഷാമബത്തയും ക്ഷാമാശ്വാസവും നൽകുന്നത് മൂലം സർക്കാറിന് ഉണ്ടാകുക. ഇത്തവണ ഡിഎ, ഡിആർ നൽകുന്നതിലൂടെ സർക്കാറിന്റെ വാർഷിക ശമ്പളച്ചിലവിൽ മാത്രം 2000 കോടി രൂപ അധികം കാണണം. ബത്ത നടപ്പാക്കുമ്പോൾ പലിശയിനത്തിൽ നൽകേണ്ട തുകയും സർക്കാറിനെ കുഴയ്ക്കും.
സംസ്ഥാനത്ത് വരുമാനത്തേക്കാൾ വേഗത്തിൽ കടം വളരുന്നുവെന്നാണ് ധനവ്യയ അവലോകന കമ്മിറ്റിയുടെ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിൽ നോക്കുമ്പോൾ ഡിഎ, ഡിആർ നൽകുന്നത് അധികച്ചിലവാകും. അതേ സമയം വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പും ചേലക്കര, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പും മുന്നിൽ കണ്ടാണ് സർക്കാർ സാമ്പത്തിക ബാധ്യത പരിഗണിക്കാതെ ഇത്തരമൊരു തീരുമാനത്തിൽ എത്തിയതെന്ന് കരുതപ്പെടുന്നു. ഈ സാമ്പത്തിക വർഷം മുതൽ രണ്ടു ഗഡു ഡിഎ, ഡിആർ അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
കോവിഡ് കാലത്തെ സാമ്പത്തിക പ്രശ്നങ്ങൾക്കിടയിൽപ്പോലും മെച്ചപ്പെട്ട ശമ്പള പരിഷ്‌കരണം കേരളത്തിൽ നടപ്പാക്കിയിരുന്നതായി ധനമന്ത്രി അവകാശപ്പെട്ടു. 2021-22 സാമ്പത്തിക വർഷത്തിൽ ഡിഎ അടക്കമുള്ള ആനുകൂല്യങ്ങൾ പണമായി നൽകാനായി. എന്നാൽ കേന്ദ്ര സർക്കാരിന്റെ പ്രതികൂല സമീപനം മൂലം ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്ന് ചില ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ കാലതാമസം ഉണ്ടായതായും മന്ത്രി പറഞ്ഞു. ജീവനക്കാരുടേയും പെൻഷൻകാരുടേയും ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
Kerala government announces a 3% Dearness Allowance (DA) for employees and pensioners, effective from July 2021. The new installment, set to be disbursed with next month’s salary, covers sectors including UGC, AICTE, and medical services.