1970-കളുടെ തുടക്കത്തിൽ രമേഷ് ജുനേജ എന്ന ചെറുപ്പക്കാരൻ പൊടിപിടിച്ച യുപി റോഡ്‌വേകൾ വഴി ബസുകളിൽ ഒരു ചെറിയ പട്ടണത്തിൽ നിന്ന് മറ്റൊന്നിലേക്ക് അശ്രാന്തമായി സഞ്ചരിക്കുന്നത് പലപ്പോഴും കാണാമായിരുന്നു. മിക്കവർക്കും കാഴ്ച്ചയിൽ അദ്ദേഹം ഒരു മെഡിക്കൽ റെപ്രസൻ്റേറ്റീവ് (എംആർ) മാത്രമായിരുന്നു. അന്ന് ഈ മനുഷ്യനെ കണ്ട ആരും ഒരു ദിവസം ഇന്ത്യയിലെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ സാമ്രാജ്യങ്ങളിലൊന്നിനെ ഇയാൾ നയിക്കുമെന്ന് ചിന്തിച്ചിട്ടുപോലും ഉണ്ടാവില്ല.
1955ൽ ഉത്തർപ്രദേശിലെ മീററ്റിൽ ജനിച്ച രമേഷ് ജുനേജ ഒരു ഇടത്തരം കുടുംബത്തിലെ അംഗമായിരുന്നു. സയൻസിൽ ബിരുദം നേടിയ ശേഷം, രമേഷ് 1974 ൽ കീഫാർമ ലിമിറ്റഡിൽ തൻ്റെ കരിയർ ആരംഭിച്ചു. അവിടെ മെഡിക്കൽ റെപ്പായി ജോലിക്ക് കയറിയ അദ്ദേഹത്തിന് ധാരാളം യാത്രകൾ ആവശ്യമായി വന്നു, പലപ്പോഴും ഡോക്ടർമാരെ കാണാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ടിയും വന്നിട്ടുണ്ട്.
കമ്പനിയുടെ മെഡിക്കൽ ഉൽപ്പന്നങ്ങളുമായി ബന്ധങ്ങൾ സ്ഥാപിക്കാനും ഡോക്ടർമാരെ അത് പരിചയപ്പെടുത്താനും അദ്ദേഹം കഠിനമായി പരിശ്രമിച്ചിരുന്നു. മീററ്റിൽ നിന്ന് പുർകാജിയിലേക്കുള്ള അദ്ദേഹത്തിൻ്റെ ദൈനംദിന യാത്രകൾ ഒരു പതിവായിരുന്നു. ഈ യാത്രകൾക്കൊടുവിൽ എട്ട് വർഷത്തിനുള്ളിൽ, ഫാർമസ്യൂട്ടിക്കൽ വ്യവസായത്തെക്കുറിച്ച് അദ്ദേഹം അമൂല്യമായ ഉൾക്കാഴ്ചകൾ നേടി.
ഈ സമയത്താണ് അദ്ദേഹം ആരോഗ്യ വിപണിയിലെ ഒരു നിർണായക വിടവ് തിരിച്ചറിഞ്ഞത്. താങ്ങാനാവുന്ന വിലയിൽ ലഭിക്കുന്ന മരുന്നുകളുടെ ആവശ്യകത ആണ് അദ്ദേഹം തിരിച്ചറിഞ്ഞത്. 1983-ൽ ഒരു പ്രാദേശിക ഷോപ്പിൽ ഒരു ഉപഭോക്താവ് മരുന്ന് വാങ്ങാൻ കഴിയാതെ തൻ്റെ കയ്യിൽ ഉണ്ടായിരുന്ന വെള്ളി ആഭരണങ്ങൾ പണയമായി വാഗ്ദാനം ചെയ്യുന്ന ഒരു സങ്കടകരമായ രംഗം കണ്ടതാണ് രമേശിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. ഈ നിമിഷം രമേശിൻ്റെ ഉള്ളിൽ ആഴത്തിൽ സ്പർശിച്ചു. അവശ്യമരുന്നുകൾക്കായി ഒരാൾ തങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ ത്യജിക്കുന്ന കാഴ്ച അദ്ദേഹത്തിൽ മായാത്ത മുദ്ര പോലെ നിലനിന്നു.
ഇത്തരമൊരു ദുരവസ്ഥയിലേക്ക് ആരെയും നിർബന്ധിതരാക്കാത്ത താങ്ങാനാവുന്ന മരുന്നുകൾ സൃഷ്ടിച്ചുകൊണ്ട് ഈ അവസ്ഥയെ മാറ്റുമെന്ന് അന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. ഈ പുതിയ ദൗത്യത്തിനായി അദ്ദേഹം തൻ്റെ ജോലി ഉപേക്ഷിച്ചു. ഒരു സുഹൃത്തിനൊപ്പം, താങ്ങാനാവുന്ന മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്നതിനായി ബെസ്റ്റോചെം എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി സ്ഥാപിച്ചു.
ഈ സംരംഭം വിപണിയിൽ ഇടം പിടിക്കുന്നതിൽ പരാജയപ്പെട്ടു. ഈ തിരിച്ചടിയിൽ തളരാതെ രമേഷ് തൻ്റെ സഹോദരൻ രാജീവ് ജുനേജയുമായി ഒത്തുചേർന്നു കൊണ്ട് 1994-ൽ 50 ലക്ഷം രൂപ മുതൽമുടക്കിൽ മാൻകൈൻഡ് ഫാർമ ആരംഭിച്ചു. എല്ലാവർക്കും ആക്സസ് ചെയ്യാവുന്ന ചെലവ് കുറഞ്ഞ മരുന്നുകൾ ആയിരുന്നു ഈ കമ്പനിയുടെയും ലക്ഷ്യം. ആദ്യ വർഷാവസാനമായപ്പോഴേക്കും മാൻകൈൻഡ് ഫാർമ 4 കോടി രൂപയുടെ മൂല്യം നേടിയിരുന്നു.
മാൻകൈൻഡ് ഫാർമയുടെ വിജയം ഞൊടിയിടയിൽ ഉണ്ടായതല്ല. രമേശിൻ്റെ അക്ഷീണമായ അർപ്പണബോധത്തിൻ്റെയും തന്ത്രപരവും ആക്രമണാത്മകവുമായ മാർക്കറ്റിംഗിൻ്റെയും ഫലമായിരുന്നു ഈ വിജയം. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ വിജയം തന്നെയാണ് രമേശിന്റെ ബിസിനസ്. ഇന്ന്, 96703 കോടി രൂപയ്ക്കടുത്ത് വിപണി മൂലധനവുമായി മാൻകൈൻഡ് ഫാർമ ഇന്ത്യയിലെ നാലാമത്തെ വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനിയായി നിലകൊള്ളുന്നു.
Discover the inspiring journey of Ramesh Juneja, co-founder of Mankind Pharma, from a humble Medical Representative to leading one of India’s largest pharmaceutical companies, transforming affordable healthcare.