പത്ത് വർഷം മുമ്പാണെന്ന് തോന്നുന്നു തിരുവനന്തപുരത്ത് പോയപ്പോ അവിടെ തൈക്കാട് ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ ഒരു വനിതാ ഓട്ടോ ഡ്രൈവറെ കണ്ടു. സൂസി കൊച്ചുകുട്ടി, വിധവയും രണ്ട് മക്കളുടെ അമ്മയുമായ ആ യുവതി, ജീവിക്കാനായി ഓട്ടോ ഡ്രൈവറായതാണ്. കഷ്ടപ്പെടാൻ തയ്യാറുണ്ടെങ്കിൽ ഏത് സാഹചര്യത്തിലും ജീവിക്കാൻ പറ്റുമെന്ന് സൂസി തെളിയിക്കുന്നു. സൂസിയുടെ ജീവിതം പ്രചോദനമായപ്പോൾ അവരുടെ അനിയത്തിയും ഓട്ടോ ഡ്രൈവറായി
അതുപോലെ ശരീരം തളർന്ന് ഭർത്താവ് കിടപ്പിലായപ്പോൾ കുടുംബത്തെ സ്വന്തം ചുമലിലേറ്റിയ കോഴിക്കോടുള്ള ഉഷ നന്ദിനി. കോളിക്കോട്ടെ ആദ്യ വനിതാ ഓട്ടോ ഡ്രൈവർമാരിൽ ഒരാളാണ് ഉഷ.
മറ്റൊന്ന് കാസർകോട് തൃക്കരിപ്പൂരുള്ള ഓട്ടോറിക്ഷാ ഡ‍്രൈവറായ റഷീദ്. അദ്ദേഹം കഴിഞ്ഞദിവസം വാർത്തകളിൽ ഇടം പിടിച്ചത് രണ്ട് പെൺമക്കളും ഐഐടി ഗ്രാജുവേറ്റായ വാർത്തയിലൂടെയാണ്. റംസീന റഷീദിനും റിസാന റഷീദിനും ഐഐടി സ്വപ്നം കാണാനായത് പിതാവിന്റെ ഓട്ടോ ഓടിയുള്ള വരുമാനത്തിലൂടെയാണ്. തീർന്നില്ല, യുപിയിലെ ഖുശി നഗറിലെ ഓട്ടോ ഡ്രൈവറുടെ മകൾ മാന്യസിംഗ്, 2020-ൽ മിസ് ഇന്ത്യ റണ്ണർ അപ് ആയത് കേട്ടുകാണും.
ഏയ് ഓട്ടോ!
മൂന്ന് ചക്രമുള്ള ഓട്ടോ കൊണ്ട് സ്വപ്നത്തിന് പിന്നാലെ ഓടിയെത്തുന്ന ലക്ഷക്കണക്കിന് ജീവിതങ്ങളിലെ ചില ത്രസിപ്പിക്കുന്ന കഥകളാണ് ഇതൊക്കെ! ഇന്ത്യയിലെ ഏഴര ലക്ഷം കുടുംബങ്ങളുടെ അന്നമാണ് ഓട്ടോറിക്ഷ. കുടുംബങ്ങളുടെ അന്നദാതാവ് മാത്രമല്ല, നഗര-ഗ്രാമ വ്യത്യാസമില്ലാതെ സാധാരണക്കാരന്റെ യാത്രാ രഥമാണ് നമ്മൾ ഗ്രാമ്യഭാഷയിൽ വിളിക്കുന്ന ആട്ടോ!… ഡ്രൈവറുടെ സീറ്റിനടിയിൽ എഞ്ചിൻ ഉണ്ടായിരുന്ന ലാംബർട്ടകളിൽ തുടങ്ങി, പിന്നിൽ എഞ്ചിൻ ഘടിപ്പിച്ച മോഡലിലേക്കും, ഇലക്ട്രിക് മോട്ടോർ റിക്ഷകളിലേക്കും പരിണമിച്ച് എത്തുന്ന ഓട്ടോകൾ ഇന്ത്യയുടെ അതുല്യമായ സംരംഭ ചരിത്രത്തിന്റെ ഭാഗവുമാണ്. രാജ്യത്ത് വിൽക്കുന്ന ത്രീവീലറുകളിൽ എതിരാളികളില്ലാത്ത ബ്രാൻഡായി വളർന്ന ബജാജ്, അത്തരത്തിൽ ത്രസിപ്പിക്കുന്ന കഥയാണ്! കാരണം, ഇന്ന് ലോകത്തെ ഏറ്റവും വലിയ ഓട്ടോറിക്ഷാ നിർമ്മാതാക്കൾ ബജാജാണ്.
1987-ൽ റിലീസായ നാടോടിക്കാറ്റ് എന്ന സിനിമ ഓർമ്മയില്ലേ. മോഹൻലാലിന്റേയും ശോഭനയുടേയും കഥാപാത്രങ്ങൾ.. അതിൽ യൂസഫലികേച്ചേരി എഴുതി ശ്യാം ഈണമിട്ട, മലയാളിയുടെ നൊസ്റ്റാൾജിയയെ ഉണർത്തുന്ന വൈശാഖ സന്ധ്യേ എന്ന പാട്ട് ..അതിലെ നായിക ആഗ്രഹിച്ചത്, ഭർത്താവിന്റെ സ്കൂട്ടറിന്റെ പിന്നിലിരുന്ന് ജോലിക്ക് പോകുന്ന ഒരു ജീവിതമാണ്. 1980-കളിലും 90-കളിലും അതായിരുന്നു ഒരു ശരാശരി മലയാളി. ആ ആഗ്രഹങ്ങളെ സഫലമാക്കിയ ഒരു വാഹനമുണ്ട്. ചേതക് സ്കൂട്ടർ. ബജാജിന്റെ ചേതോഹരമായ ചേതക്! ഒരുകാലത്തെ മധ്യവർഗ്ഗക്കാരന്റെ സ്വപ്ന വാഹനം. ഇന്ത്യയാകെ ചേതക് തരംഗം തീർത്തു. ബജാജ് ചേതക്കിൽ പിതാവിനൊപ്പം സ്ക്കൂളിന്റെ മുറ്റത്ത് ചെന്ന് ഇറങ്ങാനാഗ്രഹിച്ച ബാല്യം, അരുണാഭമായ വൈകുന്നേരങ്ങളിൽ, ബജാജ് ചേതക്കിൽ കൂട്ടുകാരുമായി നഗരത്തിലൂടെ ഒഴുകാൻ ആഗ്രഹിച്ച യുവത്വം, ഭാര്യയും കുട്ടികളുമായി പുറത്ത് പോകാൻ ഒരു ബജാജ് ചേതക് ഉണ്ടായിരുന്നങ്കിൽ എന്ന് കൊതിച്ച യൗവനം..
അങ്ങനെ ഇന്ത്യയുടെ മധ്യവർഗ്ഗ മനസ്സ് ചേതക്കിനെ
മോഹിച്ച് വലംവെച്ച ഒരു കാലമുണ്ടായിരുന്നു. ബുക്ക് ചെയ്ത് 2 വർഷം മുതൽ 10 വർഷം വരെ കാത്തിരുന്നവരുണ്ട് ചേതക്കിനായി. ഉത്തരേന്ത്യയിൽ സ്ത്രീധനമായി പലരും ചോദിച്ച് വാങ്ങിയിരുന്നതും വധുവിന്റെ വീട്ടുകാർ അഭിമാനത്തോടെ കൊടുത്തതും ചേതക് സ്കൂട്ടറായിരുന്നു. ചേതക് കിട്ടുന്നതനുസരിച്ച് കല്യാണത്തിന്റെ തീയതി വരെ മാറ്റി നിശ്ചയിച്ച കഥകളുമുണ്ട്. അത്ര മാത്രം ഇന്ത്യൻ മനസ്സിനോട് അലിഞ്ഞ ആ വാഹനത്തെ, നിരത്തിലിറക്കിയ ബജാജ് എന്ന ബ്രാൻഡ്! രാജ്യത്തെ ഏറ്റവും ലെഗസിയുള്ള മറ്റൊരു ഫാമിലി ബിസിനസ്സ്! ഇതേ ബജാജാണ് 2000-ത്തിന്റെ ആദ്യം കോളേജ് ക്യാംപസുകളേയും യൗവനത്തമിർപ്പിനേയും ഹരം പിടിപ്പിച്ച പൾസർ വിപണിയിലെത്തിച്ചത്. പിന്നീട് വന്ന Bajaj Avenger, വിക്ടർ, ഡിസ്ക്കവർ, പ്ലാറ്റിന തുടങ്ങി നിരവധി ബൈക്ക് മോഡലുകൾ. അതിനിടയിൽ സമാധാനപ്രിയർക്കായി ഇറക്കിയ 60 സിസി-യുടെ പാവം കുഞ്ഞൻ സണ്ണി-യും.
ഹമാരാ ബജാജ് !
1990-കളിൽ ഹമാരാ ബജാജ് എന്ന ജിംഗിളോടെ ഓരോ ഇന്ത്യക്കാരന്റേയും മനസ്സിൽ ഇടം നേടിയ ബജാജ്.
പല മോഡലുകളിലായി 1980-കളിലും 90-കളിലും 2000-ത്തിലും ഇന്ത്യൻ യുവത്വത്തിന്റെ പര്യായമായിരുന്നു ബജാജ്. അക്കാലത്തെ ഹരമായ ഇരുചക്ര മോഡലുകളെല്ലാം ബജാജിന്റെ സൃഷ്ടികളായിരുന്നു.
ഹീറോ ഹോണ്ടയുമായുള്ള കടുത്ത മത്സരത്തിലും ടൂവീലർ മാർക്കറ്റിന്റെ സിംഹഭാഗവും നിയന്തിച്ച ബജാജിന്റെ ഇന്നത്തെ വിപണി മൂലധനം 1 ലക്ഷം കോടിയാണ്. ലോകത്തെ ഏറ്റവും മൂല്യമേറിയ ഇരുചക്ര-മുച്ചക്ര വാഹന നിർമ്മാണ കമ്പനിയായി മാറിയ ബജാജിന്റെ തുടക്കം 1945-ൽ ഒരു ട്രേഡിംഗ് കമ്പനിയായിട്ടായിരുന്നു, M/s Bachraj Trading Corporation Private Limited. 1948-ഓടെ വിദേശ ബ്രാൻഡുകളായ ഇരുചക്ര വാഹനം ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വിറ്റ് തുടങ്ങി.
മോഹിക്കാനൊരു ചേതക്
1960-കൾ ആയപ്പോഴേക്ക് ഇറ്റലിയിലെ പിയാജിയോ (Piaggio)-യുമായി ചേർന്ന് പ്രസിദ്ധമായ വെസ്പ ഇന്ത്യയിൽ അസംബിൾ ചെയ്യ്ത് വിൽക്കാൻ ആരംഭിച്ചു. പിയാജിയോയുമയുള്ള കരാർ പുതുക്കാതെ വന്നതോടെ സ്വന്തമായി സ്കൂട്ടർ മാനുഫാക്ടറിംഗിലേക്ക് ബജാജ് കടക്കുന്നു. 1972-ലാണ് ഇന്ത്യയുടെ ഇരുചക്രവാഹന വ്യവസായത്തിലെ നാഴികക്കല്ലായി ബജാജ് ചേതക് നിരത്തിലെത്തുന്നത്. താരതമ്യേന താങ്ങാവുന്ന വില, മികച്ച മൈലേജ്, യാത്രാ സൗകര്യം ഇവയെല്ലാം ചേതക്കിനെ മോഹിക്കാൻ ഏത് ഇന്ത്യക്കാരനേയും പ്രേരിപ്പിച്ചു. 2009-ൽ ഒഫീഷ്യലായി പിൻവലിക്കുന്നവരെ ചേതക്കിന് ഡിമാന്റുണ്ടായിരുന്നു. ഈയടുത്ത് ചേതക്കിന്റെ ഇലക്ടിക് സ്ക്കൂട്ടറും ബജാജ് വിപണിയിലെത്തിച്ചു.
ഇന്ത്യയുടെ അഭിമാനമായ വിമാനവാഹിനിക്കപ്പൽ INS Vikrant ഡീകമ്മീഷൻ ചെയ്യുന്ന സമയത്ത്, വിക്രാന്തിലെ മെറ്റൽ ഭാഗങ്ങൾ ബൈക്കിന്റെ പാർട്സിൽ ഉപയോഗിച്ച് വി-15 എന്ന മോഡൽ ബജാജ് പുറത്തിറക്കിയിരുന്നു. ഓരോ കാലത്തും സമൂഹത്തിലെ ആവശ്യങ്ങളറിഞ്ഞ് വാഹനം രൂപകൽപ്പന ചെയ്തിറക്കാനായതാണ്, ഹീറോയും, യമഹയും, സുസുക്കിയും ശക്തരായി നിന്നിട്ടും ബജാജിനെ മാർക്കറ്റിലെ മുമ്പനാക്കിയത്.
ബുദ്ധിമാനായ രാഹുൽ
ഈ വിധം മാർക്കറ്റിലെ തന്ത്രങ്ങളറിഞ്ഞ് ബജാജിനെ വളർത്തിയത് ആരെന്നറിയാമോ 1965-മുതൽ ബജാജിനെ നയിച്ച രാഹുൽ ബജാജ്. 50 വർഷം ബജാജ് എന്ന ബ്രാൻഡിനെ തന്റെ കൈവെള്ളയിൽ വെച്ച് രാഹുൽ പരിപാലിച്ചു. രാഹുൽ കമ്പനിയുടെ സാരഥ്യം ഏറ്റെടുക്കുമ്പോൾ ബജാജിന്റെ ഓട്ടോ സെഗ്മെന്റ് വെറും 7.5 കോടിയുടേതായിരുന്നു. അദ്ദേഹം പടിയിറങ്ങിയത് അത് 12,000 കോടിയുടെ സംരംഭമായി വളർത്തിയിട്ടാണ്.
ബുദ്ധിമാനായ ബിസിനസ്സുകാരനായിരുന്നു രാഹുൽ ബജാജ്. കണിശക്കാരനും! ഒരിക്കൽ മഹാരാഷ്ട്രയിലെ വാഹന നിർമ്മാണ പ്ലാന്റിൽ തൊഴിൽ പ്രശ്നവുമായി ബന്ധപ്പെട്ട് ചില ജീവനക്കാരെ മാനേജ്മെന്റ് പുറത്താക്കി. പ്രശ്നം ശിവസേന ഏറ്റുെടുത്തു. ബാൽതാക്കറെ ഉള്ള സമയം.
കടുംപിടുത്തം പിടിച്ച ബാൽതാക്കറേയ്ക്ക് മുന്നിൽ സ്ഥാപനത്തിന്റെ താക്കോലുമായി രാഹുൽ ബജാജ് എത്തി. മറ്റ് നേതാക്കളുമുണ്ട്. രാഹുൽ ബജാജ് ബോൾഡായി യൂണിയൻകാരോട് പറഞ്ഞു, ഇത് എന്റെ കമ്പനിയാണെങ്കിൽ, പുറത്താക്കിയവർ പുറത്ത് തന്നെ അതല്ല അവരെ എടുത്തേപറ്റൂ എന്നുണ്ടെങ്കിൽ ദാ ഇതാണ് കമ്പനിയുടെ താക്കോൽ.. നിങ്ങൾ നടത്തിക്കോളൂ. യൂണിയൻ വഴങ്ങി. പക്ഷെ തന്റെ നിലപാടിലേക്ക് മറ്റുള്ളവരെ കൊണ്ടുവന്നെങ്കിലും അടുത്ത ദിവസം തന്നെ പുറത്താക്കപ്പെട്ട തൊഴിലാളികൾക്ക് ഓരോരുത്തർക്കും അദ്ദേഹം ഓരോ ഓട്ടോറിക്ഷ നൽകി. തൊഴിലിൽ നിന്ന് പിരിച്ചുവിട്ടെങ്കിലും അവരുടെ വരുമാന മാർഗ്ഗം അടയ്ക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല.
കൂടുതൽ പവറുള്ള സ്റ്റൈലിഷായ ബൈക്ക് കയ്യിലൊതുങ്ങുന്ന വിലിയിൽ കിട്ടണമെന്ന് ഇന്ത്യൻ യുവത്വം ആഗ്രിക്കുമ്പോഴാണ് 2001-ൽ പൾസർ ഇറക്കിയത്! പക്ഷെ, പൾസറിന്റെ നിർമ്മാണത്തിലേക്ക് ബജാജ് കടന്നത്, സംഭവബഹുലമായ കഥയാണ്!, ശരിക്കും പറഞ്ഞാൽ ഓരോ സംരംഭകനും ആവർത്തിച്ച് കേട്ട് മനസ്സിലാക്കേണ്ട സംരംഭകത്വ പാഠം തന്നെയാണ് അത്. ഇത്തവണ ഊഴം രാഹുലിന്റെ മക്കളായ രാജീവ് ബജാജിന്റേയും സഞ്ജീവ് ബജാജിന്റേതും ആയിരുന്നു.
മോട്ടോർസൈക്കിളുകളുടെ ഹരം
ചേതക്കിന്റെ തിളക്കം 1990-കളോടെ അവസാനിക്കുമ്പോൾ, ഇന്ത്യൻ നിരത്തുകളിൽ മോട്ടോർസൈക്കിളുകളുടെ ഹരം വന്ന് തുടങ്ങിയിരുന്നു. സ്ക്കൂട്ടറിന്റെ ടെക്നോളജി കൈയ്യിലുണ്ട് പക്ഷെ, മോട്ടോർ സൈക്കിളിന്റെ സംഭവം ഇല്ല! 1980-കളിൽ മോട്ടോർസൈക്കിൾ ബജാജ് നിർമ്മിച്ചത് ജപ്പാൻ കമ്പനിയായ കാവസാക്കിയുമായി ചേർന്നാണ്, KB100 RTZ! 1999-ൽ ആദ്യമായി രാജ്യത്തെ മോട്ടോർസൈക്കിൾ സെഗ്മെന്റിലെ വിൽപ്പന സ്ക്കൂട്ടറുകളുടെ വിൽപ്പനയെ മറികടന്നു. ഇരുചക്രവാഹനത്തിൽ കൊടുമുടി കയറി നിന്ന ബജാജ്, സ്കൂട്ടർവിട്ട് ആളുകൾ മോട്ടോർസൈക്കിൾ വാങ്ങാൻ തുടങ്ങിയതോടെ വിൽപ്പനയിൽ നാലാം സ്ഥാനത്തെത്തി. ഹീറോ ഹോണ്ട, യമഹ, ടിവിഎസ് എന്നിവരുടെ ബൈക്കുകൾ കുതിച്ച് കയറി.
യുകെ-യിലെ വാർവിക് (Warwick) സർവ്വകലാശാലയിൽ നിന്ന് മാനുഫാക്ചറിംഗ് സിസ്റ്റംസ് എഞ്ചിനീയറിംഗിൽ മാസ്റ്റർ ബിരുദം നേടി, തിരികെ ഇന്ത്യയിലെത്തി ബജാജിൽ കാര്യങ്ങൾ നോക്കി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ, രാഹുലിന്റെ മൂത്ത മകൻ രാജീവ്. ഇരുചക്രവാഹനങ്ങളുടെ രാജാവായി നിന്നിരുന്ന സ്വന്തം ബജാജ് താഴേക്ക് പതിക്കുന്നത് അയാൾ കണ്ടു. മികച്ച ബൈക്കുകൾ നമുക്കുണ്ടാക്കിക്കൂടേ? മറുപടികൾ നിരാശകലർന്നവയായിരുന്നു. ബജാജിന് ബൈക്കുകൾ ഉണ്ടാക്കാനറിയില്ല, അഥവാ ഉണ്ടാക്കിയാലും കാവസാക്കിയുടെ സഹായം കൊണ്ട് 100 സിസി ബൈക്കുകൾ ഉണ്ടാക്കുമായിരിക്കും, അതും ക്വാളിറ്റി ഇഷ്യു ഒരുപാടുള്ളവ. ബൈക്കുണ്ടാക്കിയാൽ ജപ്പാനിൽ നിന്ന് എഞ്ചിനീയർമാരെ ഇവിടെകൊണ്ട് വന്ന് ഫോൾട്ട് പരിഹരിക്കാൻ മാത്രമേ നിങ്ങൾക്ക് സമയം കാണൂ. – പുറത്തുള്ളവർ മാത്രമല്ല, കമ്പനി സ്റ്റാഫുകളും, ബജാജിന്റെ സീനിയർ മാനേജ്മെന്റിൽ വർഷങ്ങളായി ഉള്ളവരും, എന്തിന് ബോർഡിൽ ഇരുന്ന ചിലരും ഇതേ അഭിപ്രായക്കാരായിരുന്നു.
നമുക്ക് ആവില്ലന്നേ..
രാജീവ് ബജാജ് അത്ഭുതപ്പെട്ടുപോയി. എന്താണ് സംഭവിക്കുന്നത്? എന്തായാലും കാവസാക്കിക്ക് ക്വാളിറ്റി പ്രശ്നങ്ങളില്ല, ജപ്പാനിൽ അവരുടെ ബൈക്കുകൾക്ക് സ്വീകാര്യതയുണ്ട്. പിന്നെന്താണ്? പ്രശ്നം ബജാജ് കമ്പനിക്കുള്ളിലാണ്. പക്ഷെ സ്വയം വിലയിരുത്താനും നവീകരിക്കാനും പറ്റാതെ യന്ത്രത്തെപ്പോലെ പണിയെടുക്കുന്ന ബോർഡും മാനേജ്മെന്റും തൊഴിലാളികളും.. ജീവിതത്തിലോ ബിസിനസ്സിലോ ഉയരണമെങ്കിൽ ആദ്യം സ്വന്തം തെറ്റുകളും പരിമിതിയും മനസ്സിലാക്കണം. തെറ്റുകൾ മനസ്സിലാക്കി, തെറ്റിന്റെ ഓണർഷിപ് എടുക്കുന്ന സംരംഭകനേ വളർച്ചയും വിലയുമുണ്ടാകൂ..വളർച്ചയുടെ ആദ്യപടി അതാണ്. യുകെ-യിൽ പഠിച്ച് വന്ന രാജീവിന് അത് നല്ലത് പോലെ മനസ്സിലായി.
ആ സമയമാണ് ഹാർഡ് വാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ കഴിഞ്ഞ് ഇളയ സഹോദരൻ സഞ്ജീവ് ബജാജ് കമ്പനിയിൽ ജോയിൻ ചെയ്യുന്നത്. ഹോണ്ടയും ടൊയോറ്റയും ആപ്പിളും പോലുള്ളവ എങ്ങനെ വലിയ ബ്രാൻഡുകളായി എന്ന തിയറി പഠിച്ച് വന്നിരിക്കുന്ന സഞ്ജീവിനെ രാജീവ് വിളിച്ചിരുത്തി. അവർക്ക് രണ്ടുപേർക്കും ഒരുകാര്യം മനസ്സിലായി, വിജയിച്ച കമ്പനികൾക്ക് ഒരു മികച്ച പ്രൊഡക്റ്റുണ്ടാകും! ഒരുകാലത്ത് ചേതക്, ബജാജിന് ഉണ്ടായിരുന്നപോലെ! ബൈക്കുകളുടെ കാലത്ത് ഒരു പെർഫെക്റ്റ് ബൈക്ക് ഉണ്ടാകണം! പക്ഷെ എങ്ങനെ? പൂനെയിലെ ബജാജിന്റെ പ്ലാന്റിൽ എത്തി, ആ സഹോദരങ്ങൾ R&D വിഭാഗം തലവന്മാരേയും തൊഴിലാളികളേയും കണ്ടു,! ഭൂരിപക്ഷം പേരുടേയും മറുപടി ഒന്നായിരുന്നു- നമുക്ക് പറ്റത്തില്ല! ഹോണ്ടയോട് മത്സരിക്കാനുള്ള സൂപ്പർ ബൈക്കൊന്നും ഉണ്ടാക്കാൻ നമുക്ക് കഴിവില്ല, നമുക്ക് ആവില്ലന്നേ..എവിടേയും ഒരു പുതിയ ആശയം അവതരിപ്പിക്കുമ്പോ കമ്പനികൾക്കുള്ളിൽ ഉണ്ടാകുന്ന പൊതു സംഭവം, മാറ്റത്തോട് മുഖം തിരിക്കുക. അഥവാ “Reluctance of people to adapt to new things.” ജീവനക്കാർ മാത്രമല്ല, പ്രായമായ ചില ബോർഡ് മെംമ്പേഴ്സും യുവാക്കളായ ഈ സഹോദരങ്ങളെ പരിഹസിച്ചു! ജാപ്പനീസ് ടെക്നോളജി നമുക്ക് ഉണ്ടാക്കാനോ? ചിരി… പരിഹാസമാണല്ലോ വാശിയുടെ മാതാവ്! ചിലത് പറഞ്ഞ് മാറ്റാനാവില്ല, കാണിച്ച് കൊടുത്തേ മാറ്റാനാകൂ.. പൂനെയ്ക്ക് അടുത്ത് ചകൻ എന്ന സ്ഥലത്ത് പുതിയ പ്ലാന്റ് പണിതു. ബജാജിന് കരുത്തുള്ള പുതിയ ബൈക്ക് വേണം.
മുതിർന്ന ആപ്പീസർമാരെ എങ്ങനെ മെരുക്കി?
അത് മാത്രമായി ചിന്ത. പുതിയ വർക്ക് ഫോഴ്സ് വേണം. അതും തങ്ങളുടെ ബൈക്ക് ഏത് സെഗ്മെന്റാണോ ടാർഗറ്റ് ചെയ്യുന്നത് തൊഴിലാളികളും സീനിയർ മാനേജ്മെന്റും ആ എയ്ജ് ഗ്രൂപ്പാകണം. യൂത്താണ് ബൈക്ക് വാങ്ങേണ്ടത്. കോളേജിൽ നിന്ന് അപ്പോൾ പഠിച്ചിറങ്ങിയ ചെറുപ്പക്കാരായ പിള്ളാര് മതി പുതിയ വർക്ക് ഫോഴിസിൽ എന്ന് തീരുമാനിച്ചു. പുതിയ ആശയങ്ങളോട് അവർ വേഗം പൊരുത്തപ്പെടും. മാത്രമല്ല, അവരുടെ ആഗ്രഹത്തിലുള്ള ഒരു ബൈക്കിന്റെ നിർമ്മാണം അവർ ബുദ്ധികൊണ്ടല്ല, ഹൃദയം കൊണ്ട് അളക്കുകയും ആവേശഭരിതരായി അത് പൂർത്തിയാക്കുകയും ചെയ്യും എന്ന് രാജീവിനും സഞ്‍ജയിനും തോന്നി. അപ്പോൾ പുതിയ ബൈക്ക് നമുക്ക് പറ്റത്തില്ല എന്ന് പറഞ്ഞ മുതിർന്ന മാനേജ്മെന്റ് ആപ്പീസർമാരെ എന്ത് ചെയ്തു? എങ്ങനെ മെരുക്കി? സിംപിൾ, അങ്ങ് പറഞ്ഞ് വിട്ടു! പുതിയത് ചിന്തിക്കാനും പുതിയത് പഠിക്കാനും പുതിയത് സ്വപ്നം കാണാനും കഴിവില്ലാത്തവരെ ആർക്ക് കൊണ്ട് നടക്കാനാകും? പ്രായമല്ല, ആറ്റിറ്റ്യൂടാണ് പ്രശ്നം. ബൈക്ക് ക്രേസായ 25 നും 27നും ഇടയിൽ പ്രായമുള്ളവരായിരുന്നു വർക്ക് ഫേഴ്സ് മുഴുവൻ. എക്സ്പീരിയൻസ് ഇല്ലാത്തവരെത്തന്നെ നോക്കി റിക്രൂട്ട് ചെയ്തു. IIT-Bombay-യിൽ നിന്ന് ഡിസൈനിൽ ബിരുദമെടുത്ത് പുറത്ത് വന്ന രവി ദറാഡായിരുന്നു പുതിയ ബൈക്കിന്റെ ഓട്ടോ സ്റ്റൈലിസ്റ്റ്! അയാൾ ഡിസൈനർ മാത്രമല്ല, ഒരു മികച്ച ബൈക്കറുമായിരുന്നു. പോരെ?
പൾസറിന്റെ എഞ്ചിന് ഫുൾ പവറിൽ 100 മണിക്കൂർ റൈഡ് സാധിക്കണം എന്ന് മനസ്സിൽ കുറച്ചിരുന്നു രാജീവ് ബജാജ്. ചുറുചുറുക്കുള്ള പുതിയ R&D ടീം ഒരുക്കിയത് 300 മണിക്കൂർ ഫുൾ പവറിൽ പറക്കുന്ന പൾസറും! എല്ലാം ഒറ്റ ടേക്കിൽ ഒകെ ആയിരുന്നു എന്നല്ല, മിസ്റ്റേക്കുകൾ ഉണ്ടായി, പക്ഷെ തിരുത്തിയും പഠിച്ചും ഒന്നരവർഷത്തിനുളളിൽ ബജാജ് പുതിയ സ്വന്തം ബൈക്ക് ഇറക്കി.
150 സിസിയ്ക്ക് അടുത്തും 180 സിസിയ്ക്ക് അടുത്തും എഞ്ചിൻ പവറോടെ, 5 സ്പീഡ് ഗിയറോടെ, വൃത്താകാരമായ ഹെഡ് ലാംപോടെ വലിയ ഫ്യൂവൽ ടാങ്കോടെ അങ്ങനെ മനോഹരമായ പൾസർ പിറന്നു! പൾസറിന്റെ 20-ാം വർഷം 250 CC-യുള്ള F250 and N250 മോഡലുകളും ബജാജ് ഇറക്കി. മക്കളുടെ ഈ സംരംഭക പരീക്ഷണത്തിൽ പിതാവായ രാഹുൽ ബജാജിന് അത്ര ഉറപ്പുണ്ടായിരുന്നോ എന്ന് അറിയില്ല, പക്ഷെ അദ്ദേഹം പൂർണ്ണ പിന്തുണ നൽകി ഒപ്പം നിന്നു. യൂത്താണ് ടാർഗറ്റ്, അവർക്ക് ബൈക്ക് വാങ്ങാൻ പണം തികയില്ല, ഓട്ടോ ഫിനാൻസ് തുടങ്ങി ബൈക്ക് വാങ്ങാൻ ലോണും റെഡിയാക്കി. ഇതോടെ ബൈക്ക് വിൽപ്പനയിൽ ബജാജ് ചരിത്രം കുറിച്ചു. മാർവാഡിയുടെ കാഞ്ഞ ബുദ്ധി!
ഇത് കാണുമ്പോൾ എങ്ങനെ സഹിക്കും?
ഇന്ന് ഇരുചക്ര വാഹനങ്ങളുടെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ് ബജാജ്. മാത്രമല്ല, ലോകത്തെ നാലാമത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളും! കാവസാക്കി സഹായിച്ചാൽ 100 സിസി ബൈക്ക് ഉണ്ടാക്കാൻ നോക്കാം എന്ന് പറഞ്ഞ, നരകയറി, കട്ടി കണ്ണടവെച്ച് തൊഴിലിനെ വെറും ജോലിയായി കണ്ട് പണിയെടുത്ത സ്വപനങ്ങൾ മരവിച്ച ആ പഴയ മാനേജ്മെന്റ് ആൾക്കാർ ഇത് കാണുമ്പോൾ എങ്ങനെ സഹിക്കും?
2000-ത്തിൽ ശക്തമായ മത്സരമാണ് ടൂവീലർ സെഗ്മന്റിൽ നടക്കുന്നത്. വിദേശ ബ്രാൻഡായ ഹോണ്ട, ഹീറോ ഹോണ്ടയുമായി വന്ന് സ്പളെൻഡറും പാഷനും അടിച്ചുകേറ്റി വിറ്റപ്പോൾ മറുപടിയായാണ് ബജാജ് പൾസറും ഡിസ്ക്കവറും ഇറക്കയിത്. ഇക്കാലത്ത് ഗുണവും ശേഷിയുമുള്ള വാഹനങ്ങളുടെ നിർമ്മാണത്തിനായി ശക്തമായ ആർ ആന്റ് ഡി വിഭാഗത്തെയാണ് ബജാജ് നിർമ്മിച്ച് എടുത്തത്. അതുകൊണ്ട് 1950-കളിൽ വിദേശത്ത് നിന്ന് ഇരുചക്ര വാഹനം ഇറക്കുമതി ചെയ്ത് ഇവിടെ വിറ്റ ബജാജ്, 2000-ത്തിന്റെ മധ്യത്തോടെ സ്വന്തമായി നിർമ്മിച്ച സൂപ്പർ ബൈക്കുകൾ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ബ്രാൻഡായി.
ആ കൊളാബറേഷൻ വേണ്ടെന്ന് വെച്ചു!
മറ്റൊരു കഥകൂഥ കൂടിയുണ്ട്. 1980-കളാണ്. ഹോണ്ട ഇന്ത്യയിലേക്ക് വരാൻ പോകുന്നു. രാജ്യത്ത് നിലവിലുള്ള ടൂവീലർ മാനുഫാക്ചേഴ്സുമായി സഹകരിക്കാനായി അവർ ഇവിടുത്തെ കമ്പനികളെ ഷോർട്ട് ലിസ്റ്റ് ചെയ്തു. കൈനറ്റിക്, ഹീറോ പിന്നെ ബജാജും. അവസാനം മാർക്കറ്റ് ലീഡറായ ബജാജിനെ അവർ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. പക്ഷെ അതിൽ ഒരു നിബന്ധന ഹോണ്ട വെച്ചു. പാർണർഷിപ് വന്നാൽ ബജാജ് വാഹനം കയറ്റുമതി ചെയ്യാൻ പാടില്ല. ഞാനുണ്ടാക്കുന്ന വാഹനങ്ങൾ കയറ്റുമതി ചെയ്യരുതെന്ന് നിങ്ങൾക്ക് എങ്ങനെ പറയാനാകും എന്ന് തിരിച്ച് ഹോണ്ടയോട് ചോദിച്ച് ആ കൊളാബറേഷൻ വേണ്ടെന്ന് വെച്ചു രാഹുൽ ബജാജ്. ആ സംഭവം കഴിഞ്ഞ് ഇപ്പോൾ 40 വർഷത്തോളം കഴിഞ്ഞിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ നാലാമാത്തെ ടൂ വീലർ നിർമ്മാതാക്കളായി ബജാജ് മാറിയിരിക്കുന്നു. താൽക്കാലികമായ ലാഭം തരുമെങ്കിലും നിങ്ങളുടെ ഭാവി സാധ്യതകളെ തകർത്തേക്കാവുന്ന ഒരു ബന്ധത്തിലും ചെന്ന് പെടരുത്. എല്ലാ സംരംഭകർക്കുമുള്ള രാഹുൽ ബജാജിന്റെ ഉപദേശമായിരുന്നു അത്.
നാളെയാകാം എന്ന് അദ്ദേഹം വെയ്ക്കാറില്ല
രാഹുൽ ബജാജിനെ ഓർക്കുന്ന മകൻ സഞ്ജീവ് ബജാജ് പറയുന്നു, നാളെയ്ക്ക് റെഡിയായാൽ മാത്രമേ അദ്ദേഹം ഇന്ന് ഉറങ്ങാൻ കിടക്കുമായിരുന്നുള്ളൂ. അത് 400 പേജുള്ള നാളത്തെ ബോർഡ് മീറ്റിംഗിലേക്കുള്ള ഡോക്കുമെന്റായാലും, കോംപ്ലിക്കേറ്റഡായ എഗ്രിമെന്റുകളായാലും നാളെ പറയേണ്ട സ്പീച്ചായാലും അത് തനിക്ക് ഇന്ന് ബോധ്യമായാൽ മാത്രമേ അദ്ദേഹം ഉറങ്ങുകയുള്ളൂ. ഇനി നാളെയാകാം എന്ന് അദ്ദേഹം വെയ്ക്കാറില്ല.
2001-ൽ അദ്ദേഹത്തിന് പദ്മഭൂഷൻ ലഭിച്ചു. 2022-ൽ വിടവാങ്ങുന്നവരെ മുംബൈ വ്യവസായ ലോകത്തിന്റെ മുഖമായിരുന്നു രാഹുൽ ബജാജ്.
സമൂഹത്തിന്റെ ആവശ്യങ്ങളെക്കുറിച്ച് പഠിക്കുമ്പോഴാണ് അയാൾക്ക് സ്വന്തം പ്രൊഡക്റ്റുകളെ ഡിഫൈൻ ചെയ്യാനാകുന്നത്. അങ്ങനെ അടിച്ചും ചുട്ടും തിളക്കമേറ്റിയ പ്രൊഡക്റ്റുകളേ മനസ്സിൽ തങ്ങുന്ന ബ്രാൻഡുകളാകൂ. ബജാജിന്റെ നേതൃത്വത്തിൽ ഇരുന്ന രാഹുൽ ബജാജും മക്കളും അങ്ങനെ സൂക്ഷ്മമായി ഇന്ത്യൻ ജീവിതങ്ങളെ നിരീക്ഷിച്ചത് കൊണ്ടാണ് സൂപ്പറും, ചേതക്കും, ബോക്സറും, പൾസറും ഒക്കെ പിറന്നത്.
ഇനി രാഹുൽ ബജാജ്, കമ്പനിയുടെ തലപ്പത്ത് വരുന്നത് 1965-ലാണെന്ന് പറഞ്ഞല്ലോ. പക്ഷെ ഈ സംരംഭം തുടങ്ങുന്നത് 1920-കളിലാണ്. ജമ്നാലാൽ ( Jamnalal Bajaj) എന്ന തികഞ്ഞ ഗാന്ധിയനാണ് ബജാജിന്റെ സ്ഥാപകൻ. അദ്ദേഹം സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയുടെ ഉറ്റ സുഹൃത്തുമായിരുന്നു. അദ്ദേഹത്തിന്റെ മൂത്ത മകൻ കമൽനയൻ ബജാജാണ് സ്ക്കൂട്ടർ എന്ന ആശയത്തിലേക്ക് വരുന്നത്. കമൽ നയൻ ബജാജിന്റെ മകനാണ് ബജാജിനെ ഇന്ത്യൻ റോഡുകളിലെ രാജാവാക്കിയ രാഹുൽ ബജാജ്.
ഇനി ബജാജിന്റെ കഥയിലെ വാലറ്റം കൂടി പറയാം. ഈയിടെയായി കൗമാരക്കാരുടെ ഇഷ്ടവാഹനവും പലയിടത്തും ബൈക്ക് അപകത്തിന്റെ ഒപ്പം കേൾക്കുന്ന ഒരു വാഹനമുണ്ട് , ഡ്യൂക്ക് ! ഓസ്ട്രിയൻ ബൈക്ക് നിർമ്മാതാക്കളായ KTM ആണ് ഡ്യൂക്കിന്റെ ശിൽപ്പികൾ. കെ ടി എമ്മിൽ ഓഹരി പങ്കാളിത്തമുണ്ട് ബജാജിന്. ഇന്ത്യൻ റോഡുകളിൽ നുരയുന്ന യുവത്വത്തിന്റെ ആവേശമായി ഡ്യൂക്കിനെ എത്തിച്ചത് ബജാജാണ്!
മാർവാഡികളാണ്! അതുകൊണ്ട് ബജാജ് ഫിനാൻസും, ഇരുമ്പ്, സ്റ്റീൽ ബിസിനസ്സ് എന്നിവയിലും കമ്പനിക്ക് സബ്സിഡിയറി സ്ഥാപനങ്ങളുണ്ട്.
Discover the inspiring journey of Bajaj in India’s two-wheeler industry, from the iconic Chetak scooter to the powerful Pulsar bikes. Learn how the brand evolved and became a market leader, inspiring millions of auto drivers and motorcycle enthusiasts across the nation.