1983ൽ തമിഴ്നാട്ടിൽ ആരംഭിച്ച രാംരാജ് ടെക്സ്റ്റൈൽസ് ഊടും പാവും നെയ്ത് നേടിയത് സമാനതകളില്ലാത്ത വിജയം. നാടൻ വസ്ത്രങ്ങളിലും മുണ്ടുകളിലും മായാജാലം തീർക്കുന്ന രാംരാജിന്റെ വിജയഗാഥ പാരമ്പര്യത്തിനൊപ്പം നവീന മാർക്കറ്റിങ് രീതികൾ കൂടി ഇഴചേർത്ത് നിർമിച്ചെടുത്തതാണ്. കെ.ആർ. നാഗരാജൻ തന്റെ ചെറിയ തുണിക്കടയിൽ നിന്ന് ആരംഭിച്ച യാത്ര ഇന്ന് 2000 കോടി എന്ന ഭീമമായ ആസ്തിയിൽ എത്തിനിൽക്കുന്നു.
വാശിപ്പുറത്ത് തുടങ്ങിയ യാത്രയാണ് രാംരാജിന്റേത്. രാംരാജ് തുടങ്ങുന്നതിനും മുൻപുള്ള കാലത്ത് നാഗരാജൻ ഒരു ഹോട്ടലിലെത്തി. പാൻ്റ്സിനു പകരം മുണ്ടുടുത്ത് വന്നതിന്റെ പേരിൽ നാഗരാജന് ഹോട്ടലുകാർ പ്രവേശനം നിഷേധിച്ചു. ഇത് മുണ്ടിനെ കൂടുതൽ ജനകീയമാക്കണം എന്ന തീരുമാനത്തിൽ നാഗരാജനെ എത്തിച്ചു. അതിലൂടെ പാരമ്പര്യത്തെ സംരക്ഷിക്കണം എന്ന വാശിയും.
അങ്ങനെ പാരമ്പര്യ വസ്ത്ര നിർമാണത്തിനായി നാഗരാജൻ രാംരാജ് ആരംഭിച്ചു. പിതാവ് രാമസ്വാമിയുടെ പേരിനൊപ്പം സ്വന്തം പേര് ചേർത്താണ് രാംരാജ് ഉണ്ടാകുന്നത്. പരിമിത സാഹചര്യങ്ങളിൽ തുടങ്ങിയ വ്യവസായം ഗുണനിലവാരത്തിൽ ഒട്ടും പരിമിതി കാണിച്ചില്ല. ആ ഗുണനിലവാരത്തിന്റെ ഫലമാണ് രാംരാജിന്റെ വിജയം. ഇന്ന് 2500 തരത്തിലുള്ള മുണ്ടുകളാണ് ഇവർ വിപണിയിലെത്തിക്കുന്നത്.
ഇന്ത്യയിലെങ്ങും 250 സ്റ്റോറുകളുള്ള രാംരാജ് വ്യത്യസ്തമായ മാർക്കറ്റിങ് രീതി കൊണ്ടും ശ്രദ്ധ നേടുന്നു. വലിയ സെലിബ്രിറ്റികളെ വെച്ചുള്ള പരസ്യങ്ങൾ മുണ്ടിനെ ഏത് സാഹചര്യത്തിലും ഉപയോഗിക്കാവുന്ന ഓൾറൗണ്ട് വസ്ത്രമായി ആളുകൾക്ക് മുന്നിലെത്തിക്കുന്നു. പ്രധാനമന്ത്രി മോഡി വരെ ഇത്തരത്തിൽ രാംരാജിന്റെ തമ്പി ദോത്തി ധരിച്ച് 2020ൽ പൊതുവേദിയിലെത്തി.
രാംരാജ് കമ്പനി നേരിട്ട് അൻപതിനായിരത്തിലധികം നെയ്ത്തുകുടുംബങ്ങളെ സംരക്ഷിക്കുന്നു. ഇതിനു പുറമേ നിരവധി ജീവകാരുണ്യപ്രവർത്തനങ്ങളിലും രാംരാജിന്റെ സാന്നിധ്യമുണ്ട്. 2024 ഓഗസ്റ്റിൽ വയനാട് ദുരന്തത്തിൽ കൈത്താങ്ങായി 30 ലക്ഷം രൂപയാണ് രാംരാജ് കോട്ടൺസ് നൽകിയത്.
മുണ്ടിനു പുറമേ ഷർട്ടുകളും കുർത്തകളും മറ്റ് ആക്സസറീസും രാംരാജ് നിർമിക്കുന്നു. സിൽക്ക് മുണ്ടുകൾക്കായി Viveagham, Linnaa എന്നീ ബ്രാൻഡുകളും രാംരാജിന്റേതായിട്ടുണ്ട്. Little Stars എന്ന പേരിൽ കുട്ടികൾക്കുള്ള വസ്ത്രങ്ങൾ നിർമിക്കുന്ന സബ് ബ്രാൻഡും രാംരാജിന് കീഴിലുണ്ട്. ആയിരം സ്റ്റോറുകൾ എന്ന നേട്ടത്തിലേക്കാണ് രാംരാജിന്റെ അടുത്ത യാത്ര.
Discover how Ramraj Cotton, founded by K.R. Nagarajan in 1983, became a leading ethnic wear brand in India. Learn about its journey from a small textile business to a ₹2,000 crore company, championing cultural pride with traditional garments like dhotis.