ജനുവരിയിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിൽ അനിമേഷൻ വിഷ്വൽ ഇഫക്ട്സ് ഗെയിമിംഗ് കോമിക്സ് എക്സ്റ്റൻഡഡ് റിയാലിറ്റിയെ(എവിജിസി-എക്സ് ആർ) പ്രത്യേക മേഖലയായി പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഇൻഫോപാർക്കിൽ ആരംഭിച്ച എവിജിസി-എക്സ് ആർ അരീന സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ആഗോളനിലവാരത്തിലുള്ള മലയാളി പ്രതിഭകളാണ് ഇന്ന് ലോകത്തെ മുൻനിര അനിമേഷൻ മേഖലയിലുള്ളത്. കൂടുതൽ നിക്ഷേപം ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനായി ആഗോള നിക്ഷേപക സംഗമത്തിൽ എവിജിസി-എക്സ് ആറിനെ പ്രത്യേകമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ പ്രമുഖ സിനിമാ നിർമാണ കമ്പനികൾ അനിമേഷന്‍ പ്രത്യേക പ്രാധാന്യമുള്ള ഫിലിം സിറ്റി തുടങ്ങാനും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
എവിജിസി-എക്സ് ആറിന് വേണ്ടി മാത്രമായി സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ സംവിധാനമാണ് ഇൻഫോപാർക്കിലേതെന്ന് സിഇഒ സുശാന്ത് കുറുന്തിൽ ചൂണ്ടിക്കാട്ടി. 2032 ആകുമ്പോഴേക്കും നിലവിലുള്ള 2,60,000 തൊഴിലവസരങ്ങളിൽ നിന്ന് 2.6 ബില്യൺ തൊഴിലവസരങ്ങളുള്ള മേഖലയായി എവിജിസി-എക്സ് ആർ മാറുമെന്ന് സൊസൈറ്റി ഓഫ് എവിജിസി-എക്സ് ആർ ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻ കേരള (സൈക്ക്) സെക്രട്ടറി ശരത് ഭൂഷൺ പറഞ്ഞു.
നിലവിൽ ബോളിവുഡ്-ഹോളിവുഡ് അടക്കം കേരളത്തിൽ നൂറുകണക്കിന് എവിജിസി-എക്സ് ആർ സ്റ്റുഡിയോകൾ ഉണ്ട്. രാജ്യത്തെ ഗെയിമിംഗ് മേഖല മൂന്ന് ബില്യൺ ഡോളറിൻറെ വിപണിയാണ്. വിദ്യാഭ്യാസം, ആരോഗ്യം, വിനോദം എന്നീ മേഖലകളിലെ എവിജിസി-എക്സ് ആർ ഉപയോഗം മികച്ച അവസരങ്ങൾ നൽകും.
Kerala’s AVGC-XR sector is set to gain special attention at the Global Investors Summit 2024. With rapid growth, the industry is expected to reach 2.6 billion jobs by 2032, attracting investments in animation, gaming, and extended reality.