പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത സി-295 വിമാനകേന്ദ്രം രത്തൻ ടാറ്റയുടെ ബുദ്ധിയിൽ പിറന്നത്. ഗുജറാത്തിലെ വഡോദരയിലുള്ള രാജ്യത്തെ ആദ്യ സ്വകാര്യ സൈനിക വിമാന കേന്ദ്രമായ ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് എത്തുന്നത് ഏറെ സവിശേഷതകളോടെയാണ്.
ഇന്ത്യൻ സ്വകാര്യ മേഖലയിലെ മികച്ച നേട്ടമായി കണക്കാക്കപ്പെടുന്ന സി-295 പദ്ധതി ഇന്ത്യയുടെ വ്യോമയാന മേഖലയ്ക്കും കുതിപ്പ് നൽകും. പദ്ധതി ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്’ ദൗത്യത്തിന് ആക്കം കൂട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. സ്പെയിനും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം പുതിയ ദിശയിലേക്ക് എത്തുകയാണെന്നും മോഡി പറഞ്ഞു. പുതിയ ഇന്ത്യയുടെ പുതിയ തൊഴിൽ സംസ്‌കാരത്തിൻ്റെ പ്രതിഫലനമാണ് സി-295 നിർമാണശാല. എയർബസിൻ്റെയും ടാറ്റയുടെയും മുഴുവൻ ടീമിനും ആശംസ അറിയിച്ച മോഡി രത്തൻ ടാറ്റയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു.
പ്രതിരോധ മേഖലയിൽ മേക്ക് ഇൻ ഇന്ത്യയുടെ വിജയമായ സി-295 വിമാനകേന്ദ്രം രാജ്യത്ത് സൈനിക വിമാനങ്ങൾക്കായുള്ള ആദ്യ ഫൈനൽ അസംബ്ലി ലൈനാണ്. നിർമാണം മുതൽ ഡെലിവറിയും പരിപാലനവും ഉൾപ്പെടുന്ന വിമാനത്തിൻ്റെ നിർമാണ ഘട്ടങ്ങളാണ് ഫൈനൽ അസംബ്ലി ലൈനിൽ നടക്കുക. ടാറ്റയ്ക്കൊപ്പം പ്രതിരോധ മേഖലയിലെ പൊതുമേഖലാ സംരംഭങ്ങളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് എന്നിവയും സ്വകാര്യ മേഖലയിലെ സംരംഭങ്ങളും പദ്ധതിയുടെ ഭാഗമാകും.
സ്പാനിഷ് എയർക്രാഫ്റ്റ് നിർമാതാക്കളായ കൺസ്ട്രക്ഷിയോനീസ് എയറൊനോട്ടിക്കാസ് എസ്എ ആണ് സി-295 വിമാനം നിർമിച്ചത്. നിലവിൽ എയർബസിൻ്റെ ഭാഗമായ കൺസ്ട്രക്ഷിയോനീസ് എയറൊനോട്ടിക്കാസിന്റെ സ്പെയിനിലെ എയർബസ് പ്ലാൻ്റിലാണ് സി-295 നിർമാണം നടക്കുന്നത്. 2012ലാണ് രത്തൻ ടാറ്റ ആദ്യമായി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിനു കീഴിൽ (ടിഎഎസ്എൽ) സി-295 വിമാനങ്ങൾ നിർമിക്കാമെന്ന ആശയം മുന്നോട്ട് വെക്കുന്നത്. 2021 സെപ്റ്റംബറിൽ 56 സി-295 വിമാനങ്ങൾ വാങ്ങാൻ എയർബസ് ഡിഫൻസ് ആൻ്റ് സ്പേസുമായി ഇന്ത്യ 21,935 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചു. ഇന്ത്യൻ വ്യോമസേനയുടെ ആവ്രോ-748 വിമാനങ്ങൾക്ക് പകരമായാണ് സി-295 വിമാനങ്ങളുടെ വരവ്.
2025നുള്ളിൽ സ്പെയിനിൽനിന്ന് എയർബസ് 16 വിമാനങ്ങൾ ഇറക്കുമതി ചെയ്യും. ആദ്യ വിമാനം കഴിഞ്ഞ വർഷം വ്യോമസേനയ്ക്ക് കൈമാറിയിരുന്നു. 2031നുള്ളിൽ ഇന്ത്യയിൽ വിമാന നിർമാണം പൂർത്തിയാകും. അഞ്ച് മുതൽ 10 ടൺ വരെ ശേഷിയുള്ള വിമാനമാണ് സി-295. 480 കിലോമീറ്റർ ആണ് പരമാവധി വേഗത.
The Tata-Airbus C295 project in Vadodara marks India’s first private military aircraft production, boosting defense capabilities, creating jobs, and advancing self-reliance in aerospace. Learn why this initiative is a game changer.