ഒൻപത് വർഷം നീണ്ട ആകാശയാത്രയ്ക്കൊടുവിൽ അവസാന യാത്രക്കൊരുങ്ങി വിസ്താര എയർലൈൻസ്. ടാറ്റ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും വിസ്താരയും ഔദ്യോഗികമായി ലയിക്കുന്നതോടെയാണിത്. 2015ലാണ് ടാറ്റ സൺസും സിംഗപ്പൂർ എയലൈൻസുമായി ചേർന്ന് വിസ്താര എയർലൈൻസ് ആരംഭിച്ചത്. ലയനത്തോടെ ടാറ്റ എയർ ഇന്ത്യയുടെ പൂർണ അധീനതയിലാകും വിസ്താര.

ടാറ്റയുടെ എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യ ബ്രാൻഡിനു കീഴിൽ ആക്കുന്നതിന്റെ ഭാഗമായാണ് എയർ ഇന്ത്യ-വിസ്താര ലയനം. ഇതിലൂടെ കൂടുതൽ കാര്യക്ഷമ സർവീസുകളാണ് എയർ ഇന്ത്യ ലക്ഷ്യം വെക്കുന്നത്. ഓഗസ്റ്റിൽ സിംഗപ്പൂർ എയലൈൻസിന്റെ വിദേശ നിക്ഷേപത്തിന് ഗവണമെന്റ് അനുമതി ലഭിച്ചിരുന്നു. ലയനത്തിനു ശേഷം സിംഗപ്പൂർ എയർലൈൻസിന് എയർ ഇന്ത്യയിൽ 25 ശതമാനം ഓഹരിയുണ്ടാകും. വിസ്തീരയിൽ സിംഗപ്പൂർ എയർലൈൻസിന് 49 ശതമാനം ഓഹരിയുണ്ടായിരുന്നു.
ഇതിനകം വിസ്താര ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകില്ല. എയർ ഇന്ത്യയുടെ കീഴിൽ വിസ്താര വിമാനങ്ങൾ സാധാരണ നിലയിൽ പ്രവർത്തനം തുടരും. ഫ്ലൈറ്റ് കോഡ് പോലുള്ള സാങ്കേതിക കാര്യങ്ങളിൽ മാത്രമേ മാറ്റമുണ്ടാകൂ. എഐ എന്ന് തുടങ്ങുന്ന പുതിയ ഫ്ലൈറ്റ് കോഡായിരിക്കും ഇനി മുതൽ വിസ്താരയ്ക്ക് ഉണ്ടാകുക. വിസ്താരയുടെ റൂട്ടുകളും ഷെഡ്യൂളുകളും ലയനത്തിനു ശേഷവും മാറ്റമില്ലാതെ തുടരും.
യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്നതിനായി കൂടുതൽ വിമാന സർവ്വീസുകളും നെറ്റ്വർക്കുകളും ലഭ്യമാക്കുകയാണ് ലയനത്തിലൂടെ ലക്ഷ്യമിടുന്നത്. 2022 നവംബറിലാണ് ലയനം പ്രഖ്യാപിച്ചത്. ജൂണിൽ ലയനത്തിന് എൻസിഎൽടി അംഗീകാരം നൽകി.
Vistara Airlines is set for its final flight as Tata consolidates Air India and Vistara into one brand. With this merger, Singapore Airlines will hold a 25% stake in Air India, enhancing service efficiency and passenger experience.
