കൊച്ചി മെട്രോ മൂന്നാം ഘട്ടം ഭൂഗർഭ പാതയായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നീട്ടാൻ കേരളം തയാറെടുക്കുന്നു.
ഇതിന് കേന്ദ്ര സഹായവും സാമ്പത്തിക പിന്തുണയും തേടുകയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. ആലുവ മെട്രോ സ്റ്റേഷനില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തുടര്‍ന്ന് അങ്കമാലിയിലേക്കും പുതിയ പാത നിര്‍മിക്കാന്‍ വിശദമായ പുതിയ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനാണ് കേരളം കേന്ദ്ര പിന്തുണ തേടിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ ഭാഗത്ത് 5 കിലോമീറ്റർ ഭൂഗര്‍ഭ പാത ഉള്‍പ്പെടെയാണ് മൂന്നാം ഘട്ടം വിഭാവനം ചെയ്യുന്നത്. 19 കിലോമീറ്റർ പുതിയ ആലുവ – വിമാനത്താവളം – അങ്കമാലി റൂട്ടിന് 8000 കോടി രൂപയോളം ചെലവുവരുമെന്നാണ് വിലയിരുത്തല്‍.

ആലുവ – വിമാനത്താവളം വഴി – അങ്കമാലി എന്ന രീതിയിലാണ് പുതിയ റൂട്ട് പരിഗണിക്കുന്നത്. വിമാനത്താവളത്തിന്റെ ഭാഗത്തേക്ക് എത്തുമ്പോള്‍ മെട്രോയ്ക്ക് അഞ്ചു കിലോമീറ്റർ അണ്ടര്‍ഗ്രൗണ്ട് പാതയാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.ഈ റൂട്ടിന്റെ സാധ്യതകളെല്ലാം പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്.
ആലുവയില്‍നിന്ന് എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്കുള്ള പുതിയ റൂട്ടിന് 19 കിലോമീറ്റര്‍ നീളമാണ് രൂപരേഖ പ്രകാരം കണക്കാക്കുന്നത്. ആലുവയില്‍നിന്ന് തുടങ്ങി അത്താണി കഴിഞ്ഞ് കരിയാട് ജങ്ഷനില്‍നിന്ന് മെട്രോപ്പാത എയര്‍പോര്‍ട്ട് ഭാഗത്തേക്ക് തിരിയും. എയര്‍പോര്‍ട്ട് പരിസരത്ത് പരമാവധി 5 കി. മീ. ഭൂമിക്കടിയിലൂടെ കടന്നുപോകും. പിന്നീട് വീണ്ടും ദേശീയപാതയിലേക്ക് കടന്ന് അങ്കമാലിയിലേക്ക് എന്നതാണ് ഇപ്പോള്‍ പരിഗണനയിലുള്ള പദ്ധതി. എയര്‍പോര്‍ട്ട് ഭാഗത്ത് ഒഴികെ മറ്റിടങ്ങളിലെല്ലാം മുകളിലൂടെയായിരിക്കും പാത.
മൂന്നാം ഘട്ടത്തിനായി നേരത്തേ പദ്ധതി രൂപരേഖ തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇതില്‍ മാറ്റങ്ങള്‍ ആവശ്യമായി വന്നതിനാലാണ് പുതിയ രൂപരേഖ ഒരുക്കുന്നത്. കാക്കനാട് നിന്നും മൂന്നാം ഘട്ടമായാണ് അങ്കമാലിയിലേക്കും തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ആദ്യം മെട്രോ ആസൂത്രണം ചെയ്തിരുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ ഗതാഗത പഠനമനുസരിച്ച് 2031-ല്‍ അങ്കമാലി റൂട്ടില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം 1.12 ലക്ഷം എന്നായിരുന്നു വിലയിരുത്തല്‍.സാമ്പത്തിക സഹായമാവശ്യപ്പെട്ടു കേന്ദ്രത്തിനു കത്ത് നൽകി കഴിഞ്ഞു. കേന്ദ്രം സാമ്പത്തിക പിന്തുണ നല്‍കിയില്ലെങ്കില്‍ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന്റെ ചെലവ് KMRL തന്നെ വഹിക്കേണ്ടി വരും.
Kerala plans to extend Kochi Metro Phase 3 with a 19 km route from Aluva to Angamaly via the airport, including a 5 km underground corridor. KMRL seeks central support for the project, which is estimated to cost Rs 8,000 crore.
