ഇന്ത്യയുടെ ആദ്യ ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ ഒഡീഷയിലെ ഡോ. എ.പി.ജെ. അബ്ദുൽ കലാം ഐലൻഡിൽ നിന്നും വിജയകരമായി
പരീക്ഷണ വിക്ഷേപണം പൂർത്തിയാക്കിയിരിക്കുകയാണ്. 1500 കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ച് എതിരാളികളെ നശിപ്പിക്കാനുള്ള കരുത്തുമായി എത്തുന്ന മിസൈലിന് വിവിധ തരത്തിലുള്ള പേലോഡുകൾ വഹിക്കാനുമാകും. ഏത് പ്രതിരോധ സംവിധാനത്തേയും അതിവേഗത്തിൽ കടന്നുപോകാനാകുന്ന മാരക പ്രഹരശേഷിയുള്ള ഹൈപ്പർസോണിക് ആയുധങ്ങൾ ഏതൊരു രാജ്യത്തിനെ സംബന്ധിച്ചും വലിയ നേട്ടമാണ്. 2018ലെ റിപ്പോർട്ട് പ്രകാരം അമേരിക്കയുടെ പക്കൽ പോലും ഹൈപ്പർ സോണിക് സംവിധാനം തടുക്കാനുള്ള സാങ്കേതിക വിദ്യയില്ല. ഇക്കാരണങ്ങൾ കൊണ്ടു തന്നെ പാകിസ്ഥാനും ചൈനയും അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയുടെ നേട്ടത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈലിന്റെ നിർമാണം നടന്നത് ഹൈദരാബാദിലെ ഡോ. എ.പി.ജെ. അബ്ദുൽ കലാം മിസൈൽ കോംപ്ലക്സ്, മറ്റ് ഡിആർഡിഒ ലാബുകൾ എന്നിവിടങ്ങളിലാണ്. മിസൈൽ പരീക്ഷണത്തിൽ മുതിർന്ന ഡിആർഡിഒ, സൈനിക പ്രതിനിധികൾ പങ്കെടുത്തു.
പരീക്ഷണം വിജയമായതോടെ നൂതന സൈനിക സംവിധാനം സ്വന്തമായുള്ള ലോകത്തെ ചുരുക്കം രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എക്സ് പ്ലാറ്റ്ഫോമിൽ പറഞ്ഞു. ചരിത്രനേട്ടം എന്നാണ് വിക്ഷേപണത്തെ പ്രതിരോധ മന്ത്രി വിശേഷിപ്പിച്ചത്.
ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ പ്രാപ്തിയുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഹൈപ്പർസോണിക് ആയുധങ്ങൾ. മണിക്കൂറിൽ 6100 മുതൽ 24140 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ ഇവയ്ക്കാകും. ഈ അതിവേഗം കൊണ്ടുതന്നെ ഹൈപ്പർ സോണിക് ആയുധങ്ങൾ ശത്രുരാജ്യങ്ങൾക്ക് കണ്ടുപിടിക്കാനോ തടയാനോ പ്രയാസമാണ്. ഇത് ഹൈപ്പർസോണിക് ആയുധങ്ങളെ മാരക പ്രഹരശേഷിയുള്ളതും നൂതനവുമാക്കുന്നു. റോക്കറ്റ് ഉപയോഗിച്ച് ലോഞ്ച് ചെയ്യാവുന്ന ഹൈപ്പർ സോണിക് ഗ്ലൈഡ് വെഹിക്കിൾസ്, സ്ക്രാംജെറ്റ് എഞ്ചിൻ ഉപയോഗിച്ച് വിക്ഷേപിക്കാവുന്ന ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ എന്നിവയാണ് വിവിധ തരത്തിലുള്ള ഹൈപ്പർസോണിക് ആയുധങ്ങൾ.
India’s DRDO successfully tests its first long-range hypersonic missile, marking a historic milestone in defense capabilities. The missile, with a range over 1,500 km, enhances India’s military power.