വ്യവസായ പാർക്കുകളിലടക്കം സംസ്ഥാനത്തു സംരംഭങ്ങൾ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പുള്ള പരിശോധനക്കായി ഏർപ്പെടുത്തിയ കെ -സിസ് കേന്ദ്രീകൃത പരിശോധനാ സംവിധാനം മികച്ച രീതിയിൽ 23,000 പരിശോധനകൾ കടന്ന് മുന്നേറുകയാണ് . 30 സ്വകാര്യ വ്യവസായ പാർക്കുകളിലൂടെ കേരളത്തിൽ 300 ഏക്കറോളം ഭൂമിയാണ് വ്യവസായഭൂമിയായി മാറിക്കൊണ്ടിരിക്കുന്നത്.
ഉദ്യോഗസ്ഥർ നിരന്തരം പരിശോധന നടത്തുന്നത് കാരണം വ്യവസായം നടത്താൻ സാധിക്കുന്നില്ല എന്ന പരാതികൾ വ്യവസായ കേരളത്തിൽ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ ഒരു സംരംഭകനും ബുദ്ധിമുട്ട് വരാൻ പാടില്ലെന്ന സംസ്ഥാന സർക്കാരിൻ്റെ ഉറച്ച തീരുമാനത്തിൻ്റെ ഫലമാണ് കെ-സിസ് അഥവാ കേന്ദ്രീകൃത പരിശോധനാ സംവിധാനം. 23,000 പരിശോധനകൾ കടന്ന് മുന്നേറുന്ന കെ-സിസ് സംവിധാനത്തെക്കുറിച്ച് പരാതികളില്ലെന്ന് മാത്രമല്ല അനാവശ്യ പരിശോധനകളുണ്ടാകുമെന്ന ഭയവും സംരംഭകർക്ക് ഇല്ലാതായിരിക്കുന്നു.
വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകള്‍ സുതാര്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേര്‍സ് വകുപ്പ്, തൊഴില്‍ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ചാണ് കെ-സിസ് പ്രവർത്തിക്കുന്നത്. നിങ്ങളുടെ സംരംഭം പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പുള്ള പരിശോധന, പതിവ് പരിശോധന, പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധന എന്നിവയെല്ലാം ഇപ്പോൾ ഈ സംവിധാനത്തിന് കീഴിലാണ്. പരിശോധനയുടെ ഷെഡ്യൂളും വെബ് പോര്‍ട്ടല്‍ സ്വയം തയ്യാറാക്കും. ഇതിന് പുറമെ പരിശോധന നടത്തുന്ന ഉദ്ദ്യോഗസ്ഥരെയും പോര്‍ട്ടല്‍ തന്നെ തിരഞ്ഞെടുക്കും. ഒരു സ്ഥാപനത്തില്‍ ഒരേ ഇന്‍സ്പെക്ടര്‍ തുടര്‍ച്ചയായി രണ്ട് പരിശോധനകള്‍ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. സ്ഥാപനത്തിന് മുന്‍കൂട്ടി എസ്.എം.എസ് അല്ലെങ്കിൽ ഇമെയില്‍ മുഖേന അറിയിപ്പ് നൽകിയായിരിക്കും കെ-സിസ് വഴിയുള്ള പരിശോധന. പരിശോധനക്ക് ശേഷം അത് സംബന്ധിച്ച റിപ്പോര്‍ട്ട് 48 മണിക്കൂറിനുള്ളില്‍ കെ – സിസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. തീർത്തും ഓൺലൈനായിട്ടാണ് നടപടിക്രമങ്ങൾ എന്നതിനാൽ ഏതെങ്കിലും രീതിയിൽ പക്ഷപാതപരമായിട്ടുള്ള പരിശോധനകളോ നടപടികളോ ഉണ്ടാകുന്നുമില്ല. അഞ്ച് ലക്ഷത്തിലധികം സ്ഥാപനങ്ങൾ ഇതിനോടകം കെ-സിസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേരളത്തിൽ ഒരു സ്വകാര്യവ്യവസായ പാർക്ക് ആരംഭിക്കുന്നതിന് 10 ഏക്കർ ഭൂമിയാണ് വേണ്ടതെന്നിരിക്കെ 30 സ്വകാര്യ വ്യവസായ പാർക്കുകളിലൂടെ കേരളത്തിൽ 300 ഏക്കറോളം ഭൂമിയാണ് വ്യവസായഭൂമിയായി മാറിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ ശതകോടികളുടെ നിക്ഷേപം കൊണ്ടുവരുന്ന പദ്ധതി കൂടിയാണ് സ്വകാര്യ വ്യവസായ പാർക്കുകൾ.
രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽ തന്നെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു എന്ന് മാത്രമല്ല പുതുതായി സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നവർക്ക് 3 കോടി രൂപ വരെ സാമ്പത്തിക സഹായവും ഉറപ്പ് നൽകി. ഒപ്പം സ്വകാര്യവ്യവസായ പാർക്കുകളിലെ സി.ഇ.ഒമാരെ വ്യവസായ പ്രദേശ ബോർഡുകളിലെ സ്ഥിരംക്ഷണിതാവാക്കി നിയമഭേദഗതി കൊണ്ടുവരികയും ചെയ്തു.
30 സ്വകാര്യ വ്യവസായ പാർക്കുകളുടെ നിർമ്മാണം ഇപ്പോൾ കേരളത്തിൽ ആരംഭിച്ചുകഴിഞ്ഞു. ഇതിൽ അഞ്ചിലധികം സ്വകാര്യവ്യവസായ പാർക്കുകൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. വളരെ പെട്ടെന്നുതന്നെ പാർക്കുകളുടെ നിർമ്മാണം പൂർത്തിയാകുന്നത് ചെറുതും വലുതുമായ നിരവധി നിക്ഷേപങ്ങൾ ഈ പാർക്കുകളിലേക്ക് കടന്നുവരുന്നതിന് സഹായകമാകുകയാണ്.
പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം – 2022 പദ്ധതിക്ക് കീഴിൽ സ്വകാര്യ വ്യവസായ പാർക്ക് സ്ഥാപിക്കാനുള്ള അനുമതി ലഭ്യമായാൽ അടിസ്ഥാന സൗകര്യ വികസനത്തിനായി സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡെവലപ്പർക്ക് സർക്കാർ സഹായം ലഭിക്കും. ഈ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ഒരു ഏക്കറിന് 30 ലക്ഷം രൂപ എന്ന നിരക്കിൽ പരമാവധി 3 കോടി രൂപ വരെ സർക്കാർ അനുവദിച്ചു നൽകും.
The K-CIS centralized inspection system in Kerala has transformed industrial inspections with transparency, benefiting over 5 lakh institutions and facilitating 30 private industrial parks across 300 acres, driving significant investments into the state.