സൗരോർജ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വൻ തുക കൈക്കൂലി നൽകി എന്ന ആരോപണത്തിൽ പെട്ടിരിക്കുകയാണ് അദാനി ഗ്രൂപ്പ്. ഇന്ത്യൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്ക് 2237 കോടി രൂപ കൈക്കൂലി നൽകിയെന്നാണ് അമേരിക്കന്‍ കോടതിയില്‍ ഗൗതം അദാനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. യുഎസ് ജസ്റ്റിസ് ഡിപാർട്മെന്റും സെക്യൂരീറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനുമാണ് കുറ്റപത്രം സമർപ്പിച്ചത്. അതേ സമയം ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ് പ്രസ്താവനയിറക്കി. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും യുഎസ് ജസ്റ്റിസ് ഡിപാർട്മെന്റിനെതിരെ സാധ്യമായ നിയമ വഴികൾ സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. പൂർണമായും ചട്ടങ്ങൾ പാലിച്ചാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും രാജ്യത്തെ നിയമങ്ങൾ പാലിച്ച് മുന്നോട്ട് പോകുമെന്നും അദാനി ഗ്രൂപ്പ് ഓഹരി ഉടമകൾക്കും ബിസിനസ് പങ്കാളികൾക്കും ഉറപ്പ് നൽകി.
വാര്‍ത്തകള്‍ പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ തകർന്നടിഞ്ഞു. വ്യാപാരം തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 2.60 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളിലുണ്ടായത്. ഏതാണ്ട് 20 ശതമാനം നഷ്ടമാണ് അദാനി ഓഹരികളില്‍ രേഖപ്പെടുത്തിയത്. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി മൂല്യത്തില്‍ 20%, അദാനി ഗ്രീന്‍ എനര്‍ജി 19.17%, അദാനി ടോട്ടല്‍ ഗ്യാസ് 18.14%, അദാനി പവര്‍ 17.79%, അദാനി പോര്‍ട്ട്സ് 15% എന്നിങ്ങനെയാണ് നഷ്ടം നേരിട്ടത്.
കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വിവാദ സമയത്തിന് സമാനമായ തകർച്ചയാണ് അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഉണ്ടായത്. ഓഹരികളിലെ തകർച്ച ഗൗതം അദാനിയുടെ സമ്പത്തിലും വലിയ കുറവുണ്ടാക്കി. ഒറ്റ ദിവസം കൊണ്ട് 1.04 ലക്ഷം കോടി രൂപയാണ് അദാനിയുടെ സമ്പത്തിൽ കുറവുണ്ടായത്.
സംഭവത്തെത്തുടർന്ന് അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച രണ്ട് പ്രധാന പദ്ധതികൾ കെനിയ റദ്ദാക്കിയതായി കെനിയൻ പ്രസിഡൻറ് വില്യം റൂറ്റോ അറിയിച്ചു. നെയ്റോബി വിമാനത്താവളത്തിൻ്റെ നടത്തിപ്പും രാജ്യത്തെ പ്രധാന മൂന്ന് വൈദ്യുതി ലൈനുകൾ സ്ഥാപിക്കാനുള്ള ഊർജ പദ്ധതിയുമാണ് കെനിയ റദ്ദാക്കിയത്.
സൗരോര്‍ജ കരാറുകള്‍ നേടാനായി അദാനി ഗ്രൂപ്പ് ഇന്ത്യന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് 265 മില്യൺ ഡോളർ കൈക്കൂലിയായി നല്‍കിയെന്നാണ് ആരോപണം. ഗൗതം അദാനി യുഎസ് നിക്ഷേപകരെ വഞ്ചിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുകയും ചെയ്തതായി യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന് ഫയല്‍ ചെയ്ത കേസിൽ ആരോപിക്കുന്നു. ഇന്ത്യയിൽ സൗരോർജ്ജം വാങ്ങാനുള്ള അനുമതി സംസ്ഥാന സർക്കാരുകളിൽ നിന്ന് കിട്ടിയെന്ന് കാണിച്ചാണ് അമേരിക്കൻ നിക്ഷേപം സ്വീകരിച്ചത്. കൈക്കൂലിയിലൂടെ കരാർ ഉറപ്പിച്ചത് അമേരിക്കൻ നിക്ഷേപകരെ കബളിപ്പിക്കലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.
തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളിലൂടെ യുഎസ് നിക്ഷേപകരില്‍ നിന്നും ആഗോള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും അദാനി പണം കൈപ്പറ്റിയെന്നാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഇതിനായി അദാനിയും മറ്റുള്ളവരും 265 മില്യണ്‍ ഡോളര്‍ (ഏകദേശം 2237 കോടി രൂപ) കൈക്കൂലി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു. ആന്ധ്രപ്രദേശിൽ ഭരണ നേതൃത്വത്തിലുള്ള ഉന്നതന് ഗൗതം അദാനി 1750 കോടി കൈക്കൂലി നേരിട്ട് കണ്ട് ഉറപ്പിച്ചു എന്നും ഒഡീഷ, തമിഴ്നാട്, ഛത്തീസ്ഗഡ്, ജമ്മുകശ്മീർ തുടങ്ങിയ സർക്കാരുകൾക്കും കൈക്കൂലി വാഗ്ദാനം ചെയ്തെന്നും ആരോപണമുണ്ട്.
The Adani Group faces $250 million bribery allegations by US prosecutors, involving Indian officials. Stocks have plunged by 20%, raising concerns about the future of the conglomerate.