ഇന്ത്യയിൽ ആപ്പിൾ ഐ-ഫോൺ റെക്കോർഡ് നേട്ടത്തിൽ. വെറും 7 മാസത്തിനുള്ളിൽ 1000 കോടി ഡോളറിന്റെ പ്രൊഡക്ഷനാണ് ഐഫോൺ ഇന്ത്യയിൽ നടത്തിയിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിന്റെ പിന്തുണയോടെയാണ് ഈ നേട്ടം ആപ്പിൾ നേടിയിരിക്കുന്നത്. ഫ്രൈറ്റ് ഓൺ ബോർഡ് (FOB) കണക്കുകൂട്ടിയാണ് 10 ബില്യൺ ഡോളർ നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചതാണിത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ആപ്പിളിന്റേത് 37% അധിക നേട്ടമാണിത്.വമ്പൻ കമ്പനികൾക്ക് ഇന്ത്യയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകുന്നു എന്നതിന്റെ തെളിവാണിതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഇന്ത്യയിലുണ്ടാക്കിയ ഐഫോണുകളിൽ 70 ശതമാനം കയറ്റുമതി ചെയ്യുകയും 30% ഇന്ത്യൻ മാർക്കറ്റിൽ വിൽക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബറിൽ മാത്രം 200 കോടി ഡോളറിന്റെ ഐ ഫോൺ നിർമ്മാണമാണ് നടന്നിരിക്കുന്നതെന്നും ഇത് റെക്കോർഡ് നേട്ടമാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ നിർമ്മാണവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രം ആവിഷ്ക്കരിച്ചതാണ് Production Linked Incentive (PLI) സ്കീം.
നാട്ടിലേയും വിദേശത്തേയും വിവിധ കമ്പനികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ആർമനിർഭർ ഭാരതിന്റെ ഭാഗമായാണ് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം കേന്ദ്രസർക്കാർ നടപ്പാക്കിയത്.