രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്‌പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം മുംബൈ ഇന്ത്യൻസിൽ എത്തിയിരിക്കുകയാണ് മലയാളിതാരം വിഘ്നേഷ് പുത്തൂർ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഘ്നേഷ് ഐപിഎൽ താരലേലത്തിൽ ഒറ്റദിവസംകൊണ്ട് ചർച്ചാവിഷയമായി. ജിദ്ദയിൽ നടന്ന ഐപിഎൽ താര ലേലത്തിൽ അവസാന നിമിഷങ്ങളിലാണ് മുപ്പത് ലക്ഷം രൂപയ്ക്ക് വിഘ്‌നേഷിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ താരമാണ് വിഘ്‌നേഷ്.
ഇടംകയ്യൻ റിസ്റ്റ് സ്പിന്നറായ വിഘ്നേഷ് ബാറ്റിങ്ങിലും മോശക്കാരനല്ല. ഓട്ടോഡ്രൈവറായ കുന്നപ്പള്ളി പുത്തൂർ വീട്ടിൽ സുനിലിന്റേയും കെ.പി. ബിന്ദുവിൻ്റേയും മകനാണ് ഇരുപത്തിമൂന്നുകാരനായ വിഘ്നേഷ്. കുട്ടിക്കാലംമുതൽത്തന്നെ വിഘ്നേഷ് ക്രിക്കറ്റിന്റെ പുറകേയായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും സുനിൽ മകനെ പെരിന്തൽമണ്ണയിലുള്ള ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനത്തിനയച്ചു. അവിടെ നിന്നും അങ്ങാടിപ്പുറത്തെ മലപ്പുറം അക്കാഡമിയിലെത്തിയ വിഘ്നേഷ് കേരളത്തിനു വേണ്ടി അണ്ടർ 14, 19, 23 ടീമുകളിൽ കളിച്ചു. കെസിഎല്ലിലെ പ്രകടനത്തിലൂടെയാണ് ഐപിഎൽ ടീമുകളുടേയും മുംബൈ ഇന്ത്യൻസിന്റേയും സ്‌കൗട്ടുകൾ വിഘ്നേഷിനെ ശ്രദ്ധിച്ചത്.
മകൻ ഐപിഎൽ കളിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ഏറെ നാളത്തെ സ്വപ്‌നമാണ് ഇപ്പോൾ യാഥാർഥ്യമായതെന്നും അച്ഛൻ സുനിൽ പറഞ്ഞു. ക്രിക്കറ്റിനൊപ്പം വിഘ്നേഷ് പഠനവും മുന്നോട്ടു കൊണ്ടുപോയി. പെരിന്തൽമണ്ണ പിടിഎം ഗവ. കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് വിഘ്നേഷ്.
Kerala’s Vignesh Puthur, a left-arm wrist spinner, joins Mumbai Indians for Rs 30 lakhs in the IPL 2024 auction. From KCL to the IPL, Vignesh’s journey is an inspiring story of talent and perseverance.