കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്നലത്തെ താരം ‘ഇവ’ എന്ന പൂച്ചക്കുട്ടി ആയിരുന്നു. വിദേശത്ത് നിന്നും വിമാനമാർഗം കേരളത്തിലെത്തുന്ന ആദ്യ ‘പെറ്റ്’ മൃഗമായാണ് ഇവ വിഐപിയായത്. കൊച്ചി വിമാനത്താവളത്തിന്റെ 25 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വളർത്തു മൃഗത്തെ വിമാനം വഴി ഇവിടെയെത്തിക്കുന്നത്. ഖത്തറിൽ നിന്നും കൊച്ചിയിലെത്തിയ ചേലക്കര സ്വദേശി കെ.എ. രാമചന്ദ്രൻറെ ഒരു വയസ്സുകാരി പൂച്ചയാണ് ‘ഇവ’.
വിദേശത്ത് നിന്ന് വളർത്തു മൃഗങ്ങളെ കൊണ്ടുവരാനുള്ള അനിമൽ ക്വാറന്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസസ് (AQCS) ഒക്ടോബറിൽ ലഭിച്ചതിനു ശേഷം ആദ്യമായാണ് ഒരു വളർത്തു മൃഗത്തെ കൊച്ചി വിമാനത്താവളം വഴി കൊണ്ടു വരുന്നത്. കാർഗോ വിഭാഗത്തിൽ വിദേശത്ത് നിന്ന് മൃഗങ്ങളെ അയയ്ക്കുന്നതിനും കൊണ്ടുവരുന്നതിനുമുള്ള അനുമതിയാണ് ക്വാറൻറീൻ ആൻഡ് സർട്ടിഫിക്കേഷൻ സേവനത്തിലൂടെ ലഭിക്കുക. രാജ്യത്ത് തന്നെ വളർത്തു മൃഗങ്ങളേയും കൊണ്ട് യാത്ര ചെയ്യാവുന്ന ഏഴാമത്തെ എയർപോർട്ട് ആണ് കൊച്ചി വിമാനത്താവളം. മുൻപ് വിദേശത്ത് നിന്നുള്ള വളർത്തു മൃഗങ്ങളെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എയർപോർട്ടുകൾ വഴി മാത്രമേ കൊണ്ടുവരാൻ കഴിയുമായിരുന്നുള്ളൂ.
ദോഹയിൽ നിന്ന് എത്തിയ എയർ ഇന്ത്യ എഐ 954 വിമാനത്തിലാണ് ‘ഇവ’ കെച്ചിയിലെത്തിയത്. മികച്ച സേവനമാണ് സിയാൽ നൽകിയതെന്നും കസ്റ്റംസ്, ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാക്കിയതായും രാമചന്ദ്രൻ പറഞ്ഞു.
Eva, a one-year-old kitten, became the first pet to arrive at Cochin International Airport from abroad. This milestone follows AQCS’s approval for international pet transport, making Cochin the 7th airport in India with this facility.