വിദ്യാഭ്യാസമാണ് ഏറ്റവും വലിയ ധനം. എന്നാൽ ആ വലിയ ധനത്തിന് വേണ്ടി വമ്പൻ തുക ഈടാക്കുന്ന വിദ്യാലയങ്ങളുണ്ട്. വെറുതേ തുക ഈടാക്കുക മാത്രമല്ല, പഠനത്തിലും മറ്റ് പ്രവർത്തനങ്ങളിലും വിദ്യാർത്ഥികളെ ഏറ്റവും മുൻപന്തിയിൽ എത്താൻ പ്രാപ്തരാക്കുന്നവയാണ് ഇന്ത്യയിലെ അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകൾ. ഇന്ത്യയിലെ ഏറ്റവും ചിലവുള്ള സ്കൂളുകളെക്കുറിച്ചറിയാം.
വുഡ്സ്റ്റോക് സ്കൂൾ
ഉത്തരാഖണ്ഡിലെ മസൂറിയിലുള്ള വുഡ്സ്റ്റോക് സ്കൂളാണ് ഇന്ത്യയിലെ ഏറ്റവും ചിലവ് കൂടിയ സ്കൂൾ. 15 മുതൽ 17 ലക്ഷം രൂപ വരെയാണ് ഇവിടത്തെ വാർഷിക ഫീസ്. ഐബി കരിക്കുലവും മികച്ച സജ്ജീകരണങ്ങളുമാണ് വുഡ്സ്റ്റോക്കിന്റെ സവിശേഷത.
ഡൂൺ സ്കൂൾ
രാജ്യത്തെ ഏറ്റവും ചിലവേറിയ രണ്ടാമത്തെ വിദ്യാലയവും ഉത്തരാഖണ്ഡിലാണ്. ഡൂൺ സ്കൂൾ എന്ന ഡെറാഡൂണിലെ വിദ്യാലയത്തിലെ വാർഷിക ഫീസ് 12.5 മുതൽ 14 ലക്ഷം രൂപ വരെയാണ്.
സിന്ധ്യ സ്കൂൾ
മധ്യപ്രദേശിലെ ഗ്വാളിയോർ രാജകുടുംബത്തിന്റെ കീഴിലുള്ള സ്കൂളാണ് സിന്ധ്യ സ്കൂൾ. വിദ്യാലയത്തിലെ വാർഷിക ഫീസ് 12 ലക്ഷം രൂപയാണ്.
ഗുഡ് ഷെപ്പേർഡ് ഇന്റർനാഷനൽ
മലയാളിയായ പി.സി. തോമസ് ആണ് ഊട്ടിയിലെ ഗുഡ് ഷെപ്പേർഡ് ഇന്റർനാഷനൽ സ്കൂൾ സ്ഥാപിച്ചത്. ആറ് മുതൽ 15 ലക്ഷം രൂപ വരെയാണ് ഇവിടെ വാർഷിക ഫീസ് വരുന്നത്.
മയോ കോളെജ്
പേരിൽ കോളെജ് ഉണ്ടെങ്കിലും രാജസ്ഥാനിലെ അജ്മീറിലുള്ള ബോർഡിങ് സ്കൂളാണ് മയോ. 6.5 മുതൽ 13 ലക്ഷം വരെയാണ് ഇവിടെ വാർഷിക ഫീസ്.
ഇവയ്ക്ക് പുറമേ മുംബൈയിലെ എക്കോൾ മൊണ്ട്യാൽ വേൾഡ് സ്കൂൾ, ബെംഗളൂരുവിലെ സ്റ്റോൺഹിൽ സ്കൂൾ, ഡെറാഡൂണിലെ വെൽഹാം ഗേൾസ് സ്കൂൾ, ഷിംലയിലെ ബിഷപ് കോട്ടൺ സ്കൂൾ, പിലാനിയിലെ വിദ്യാ നികേതൻ തുടങ്ങിയവയാണ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ മറ്റ് സ്കൂളുകൾ. മൂന്ന് ലക്ഷം മുതൽ പത്ത് ലക്ഷം വരെയാണ് ഈ വിദ്യാലയങ്ങളിലെ വാർഷിക ഫീസ്. ഇവയിൽ മിക്കവയും ബോർഡിങ് സ്കൂളുകളാണ്. സ്കൂൾ ഫീസിനൊപ്പം ഹോസ്റ്റൽ, ഭക്ഷണം തുടങ്ങിയ ചിലവുകളും വരുമ്പോഴാണ് പല സ്കൂളുകളിലും വമ്പൻ ഫീസ് വരുന്നത്. എന്നാൽ ട്യൂഷൻ ഫീ മാത്രം വലിയ തുക വരുന്ന സ്കൂളുകളും ഇക്കൂട്ടത്തിലുണ്ട്.
Discover the 10 most expensive schools in India in 2024, offering world-class education, exceptional facilities, and holistic development programs. Explore schools like Woodstock, Doon, and Scindia.