ആധുനിക റീട്ടെയിൽ ശൃംഖലകൾ സ്ഥാപിക്കുന്നതിലും വിതരണ ശൃംഖലകൾ ഏകീകരിക്കുന്നതിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചിട്ടുള്ള വ്യക്തിയാണ് ടാറ്റ സ്റ്റാർക്വിക് ഡയറക്ടർ കെ. രാധാകൃഷ്ണൻ. മലയാളിയായ അദ്ദേഹം റിലയൻസ് റീട്ടെയിൽ മുൻ സിഇഒ കൂടിയാണ്. 1982ൽ ടീ ടേസ്റ്റർ ആയാണ് രാധാകൃഷ്ണൻ തന്റെ കരിയർ ആരംഭിച്ചത്. വർഷങ്ങൾക്കിപ്പുറം ലോകത്തിലെതന്നെ വമ്പൻ ബിസിനസ്സുകാർക്ക് ഒപ്പമാണ് ഈ മലയാളിയുടെ പ്രവർത്തനം. ഇന്ത്യയിലെ നാല് പ്രമുഖ റീട്ടെയിൽ ഭീമന്മാരുമായി പ്രവർത്തിച്ചിട്ടുള്ള ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. സഞ്ജീവ് ഗോയങ്കയുടെ ആർപി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ, കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പ് എന്ന് തുടങ്ങി നിലവിൽ നോയൽ ടാറ്റയുടെ ടാറ്റ ട്രെൻ്റിൽ എത്തി നിൽക്കുന്ന കരിയറാണ് രാധാകൃഷ്ണന്റേത്. അനുഭവപരിചയത്തിനും വ്യവസായ ചലനാത്മകതയ്ക്കും ഒപ്പം ഓരോ വിഷയത്തിലുമുള്ള ആഴത്തിലുള്ള ധാരണയാണ് റീട്ടെയിൽ മേഖലയിലെ ഏറ്റവും മികച്ച പ്രൊഫഷണലായി രാധാകൃഷ്ണനെ മാറ്റുന്നത്.
ചെയ്യുന്ന കാര്യത്തിൽ വിദഗ്ധനാകുക എന്നത് മാത്രമാണ് നമ്മളോരോരുത്തരും ജീവിതത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമെന്ന് പറയുന്നു രാധാകൃഷ്ണൻ. പൂവ് വിരിയുമ്പോൾ തേൻ ലഭ്യമാണ് എന്ന് പൂക്കൾ ബോർഡ് വെക്കേണ്ട കാര്യമില്ല. നമ്മുടെ കഴിവുകളും അത്പോലെയാണ്. ഏറ്റവും മികച്ചതാകുക എന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വിജയത്തിലേക്കുള്ള വഴിയിൽ പ്രധാനമെന്ന് ടൈക്കോൺ കേരള സംരംഭക സമ്മേളനത്തിൽ ചാനൽ അയാം സിഇഒ നിഷ കൃഷ്ണനുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഓൺലൈൻ മാർക്കറ്റിന്റെ കാലത്തും ചെറുകിട സംരംഭകർക്ക് സാധ്യത ഏറെയുണ്ടെന്നാണ് രാധാകൃഷ്ണന്റെ അഭിപ്രായം. ഇന്ത്യയുടെ സവിശേഷമായ അവസ്ഥ ചെറുകിട സംരംഭകർക്ക് അനുകൂലമായ ഒന്നാണ്. ഇവിടെ ബില്യണേർസ് കുറവാണെങ്കിലും ലക്ഷക്കണക്കിന് മില്ല്യണേർസ് ഉണ്ട്. ഇതിനർത്ഥം ധാരാളം ചെറുംസംരംഭങ്ങൾ വിജയകരമായി ഇന്ത്യയിൽ നിലനിൽക്കുന്നു എന്നാണ്. ചെറിയ കടകൾ പോലും സമൂഹത്തനോടുള്ള കർത്തവ്യം നിറവേറ്റുന്നവരാണ്. ഇന്ത്യയിൽ നിലവിൽ 15 മില്യണിലധികം ഗ്രോസറി ഔട്ട്ലെറ്റുകൾ ഉണ്ട്. എത്ര ഓൺലൈൻ സംരംഭങ്ങൾ വന്നാലും ഇവരുടെ പ്രാധാന്യം കുറയില്ല. 90കളിൽ സൂപ്പർമാർക്കറ്റുകൾ വന്നു തുടങ്ങിയപ്പോൾ ചെറിയ കടകൾ അടച്ചുപൂട്ടും എന്ന മുറവിളി ഉയർന്നിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല. എങ്ങനെയാണ് ബിസിനസ് ചെയ്യേണ്ടത് എന്ന് ഇന്ത്യയിലെ ചെറുകിട കച്ചവടക്കാർക്ക് കൃത്യമായ ധാരണ ഉള്ളതുകൊണ്ടാണിത്-അദ്ദേഹം പറഞ്ഞു.
കോർപറേറ്റ് എന്നത് ഒരു മോശം വാക്കല്ലെന്ന് പറയുന്നു രാധാകൃഷ്ണൻ. കോർപറേറ്റ് ലോകം ചിട്ടയുള്ള മേഖലയാണ്. ഏത് സംരംഭകരും കോർപറേറ്റുകൾ എങ്ങനെയാണ് ബിസിനസ് ചെയ്യുന്നത് എന്ന് പഠിച്ചിരിക്കണം. അതാണ് മാനേജ്മെന്റ് സ്കൂളുകളിൽ പഠിപ്പിക്കുന്നത്. എങ്ങനെ ബിസിനസ് ചിട്ടയായി മുന്നോട്ട് കൊണ്ടുപോകാം എന്ന വലിയ പാഠം കോർപറേറ്റുകളിൽ നിന്ന് നമുക്ക് പഠിക്കാനാകും. എന്നാൽ ചിലപ്പോൾ ചിട്ടയായുള്ള ആലോചനകളിൽ നിന്ന് നൂതനമായ ആശയങ്ങൾ വന്നുകൊള്ളണം എന്നില്ല. ചിട്ടയായുള്ള രീതിയും നൂതന ആശയങ്ങളും സമന്വയിപ്പിച്ച് കൊണ്ടുപോകുക എന്നതാണ് ഇവിടെ പോംവഴി.
മാറ്റങ്ങളെ രാധാകൃഷ്ണൻ എപ്പോഴും പോസിറ്റീവ് ആയി കാണുന്നു. നിറയെ വ്യത്യസ്തതകൾ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. എന്നാൽ കേരളത്തിലെ സാമ്പത്തിക നില വളരെ സെൻസിറ്റീവ് ആണ്. അതിന് അനുസരിച്ചുള്ള ബിസിനസ്സേ നമുക്കിവിടെ ചെയ്യാനാകൂ. ആ ബിസിനസ്സുകളിലാകട്ടെ കേരളം മുൻപന്തിയിലുമാണ്. ഫിനാൻസ്, ഷിപ്പിങ്, ഫിഷറീസ്, റബ്ബർ, കശുവണ്ടി തുടങ്ങിയ മേഖലകൾ ഇതിനുദാഹരണമാണ്. എന്നിട്ടും ഈ മേഖലയിലൊന്നും നെക്സ്റ്റ് ലെവൽ എന്ന അർത്ഥത്തിലുള്ള പരീക്ഷണങ്ങൾക്ക് ആരും മുതിർന്നു കണ്ടിട്ടില്ല. ഇത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല. സംരംഭകരും ഗവണമെന്റും കൂട്ടായി ചെയ്യേണ്ട പ്രവർത്തനമാണ് ഇത്തരം നവീകരണങ്ങൾ. ഇതിനായി സാധ്യതകളെ ഉപയോഗപ്പെടുത്താൻ സംരംഭകർ മുന്നോട്ടു വരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
Discover the inspiring journey of K. Radhakrishnan, Director of Tata Starquick and former Reliance Retail CEO, as he revolutionizes modern retail chains with innovative ideas, industry expertise, and a vision for small entrepreneurs.