തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിൽ. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ സംസ്ഥാന സർക്കാരിനു വേണ്ടി ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് സ്വീകരിച്ചു. പെരിയാർ ഇ.വി. രാമസ്വാമി വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തതിന്റെ ശതാബ്ദി ആഘോഷ സമാപനത്തിൽ പങ്കെടുക്കുന്നതിനും നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനുമായാണ് സ്റ്റാലിൻ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്റ്റാലിൻ കൂടിക്കാഴ്ച നടത്തും.

വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്ത് കേരള ഗവൺമെന്റ് വിട്ടു നൽകിയ 70 സെന്റ് സ്ഥലത്ത് 1985ലാണ് തമിഴ്നാട് പെരിയാർ പ്രതിമ സ്ഥാപിച്ചത്. ഇപ്പോൾ സ്റ്റാലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ തമിഴ്നാട് പൊതുമരാമത്തു വകുപ്പാണ് പെരിയാർ സ്മാരക നവീകരണം പൂർത്തിയാക്കിയത്.

പെരിയാർ പ്രതിമ, അദ്ദേഹത്തിന്റെ ജീവിതമുഹൂർത്തങ്ങൾ കോർത്തിണക്കിയ മ്യൂസിയം, ലൈബ്രറി, കുട്ടികൾക്കുള്ള പാർക്ക്, ഓപ്പൺ എയർ തീയറ്റർ ഉൾപ്പെടെയുള്ള സ്മാരകമാണ് ഒരുക്കിയിരിക്കുന്നത്. 6.09 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മ്യൂസിയവും 84.20 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലൈബ്രറിയുമാണ് പെരിയാർ സ്മാരകത്തിനുള്ളത്. വൈക്കം പോരാട്ടത്തേയും പെരിയാറിന്റെ വിവിധ പോരാട്ടങ്ങളേയും അടയാളപ്പെടുത്തുന്ന ബഹുഭാഷാ പുസ്തങ്ങളുടെ വിപുലമായ ശേഖരമാണ് ലൈബ്രറിയിലുള്ളത്.
Tamil Nadu CM M.K. Stalin visits Kerala for the centenary of Periyar E.V. Ramaswamy’s role in the Vaikom Satyagraha. He inaugurated the renovated Periyar Memorial, featuring a museum, library, and more.
