തറികളുടെ നാട് എന്നറിയപ്പെടുന്ന കണ്ണൂരിന് കൈത്തറിയുടേയും നെയ്ത്തിന്റേയും സമ്പന്ന പാരമ്പര്യമാണ് ഉള്ളത്. നാടിന്റെ ഊർജ്ജസ്വലമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതിഫലനം കൂടിയാണ് കണ്ണൂരിന്റെ കൈത്തറി പാരമ്പര്യം. കേരളത്തിലെ ഏറ്റവും കൂടുതൽ കൈത്തറി ഉൽപാദിപ്പിക്കുന്ന ജില്ല എന്ന പ്രത്യേകതയാണ് കണ്ണൂരിന് തറികളുടെ നാട് എന്ന പേര് നൽകിയത്.

കണ്ണൂരിലെ കൈത്തറി വ്യവസായം 16-ാം നൂറ്റാണ്ട് മുതൽ ആരംഭിക്കുന്നതാണ്. 19ാം നൂറ്റാണ്ടോടെ കണ്ണൂരിന്റെ കൈത്തറിപ്പെരുമ അതിന്റെ ഉന്നതിയിൽ എത്തി. വിശിഷ്ടമായ തുണിത്തരങ്ങളും നെയ്ത്തുരീതികളും ഉയർന്ന നിലവാരമുള്ള കൈത്തറി ഉൽപന്നങ്ങളുടെ കേന്ദ്രമായി ലോകവിപണിയിൽത്തന്നെ കണ്ണൂരിനെ പ്രതിഷ്ഠിച്ചു.

പുരാതന തുറമുഖം എന്ന നിലയിൽ കണ്ണൂരിന്റെ ദീർഘമായ ചരിത്രം പന്ത്രണ്ടാം നൂറ്റാണ്ടിൽ ആരംഭിക്കുന്നു. അക്കാലത്തെ പ്രധാന വ്യാപാര കേന്ദ്രമായിരുന്നു ഇവിടം. പിന്നീട് ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ പ്രദേശം കാനന്നൂർ എന്നറിയപ്പെട്ടു. മനോഹരമായ തുണിത്തരങ്ങൾക്കും നെയ്ത്ത് പാരമ്പര്യത്തിനും അപ്പുറം അതുല്യമായ ആചാരാഷ്ഠാനങ്ങളായ തെയ്യം, തിറ എന്നിവയ്ക്കും പേരുകേട്ട നാടാണ് കണ്ണൂർ. ചരിത്രത്തിന്റെ ഉൾത്തുടിപ്പ് പേറുന്ന കോട്ടകളും, മനോഹരമായ ബീച്ചുകളും, പുരാതന സ്മാരകങ്ങളും കണ്ണൂരിന്റെ സമ്പന്ന സാംസ്കാരിക പൈതൃകത്തിന് സാക്ഷ്യം പറയുന്നു.
Explore the rich heritage of Kannur, Kerala’s largest handloom-producing district. From its 16th-century roots to its global acclaim, discover the vibrant weaving tradition, Theyyam rituals, and historical significance.
