രാജ്യത്തെ കംപ്രസ്ഡ് ബയോഗ്യാസ് (CBG) ഉൽപ്പാദനം പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നതിനായി 23,731 കോടി രൂപ ചെലവിൽ പുതിയ ‘ഗോബർധൻ’ (GOBARdhan) പദ്ധതിക്ക് ഇന്ത്യ തുടക്കമിട്ടു. പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരിയാണ് പുതിയ ദേശീയ ബയോഎനർജി പദ്ധതിയായ ഗോബർധൻ ഔദ്യോഗികമായി പുറത്തിറക്കിയത്.

കാർഷിക അവശിഷ്ടങ്ങൾ, ചാണകം, മുനിസിപ്പൽ ജൈവമാലിന്യങ്ങൾ എന്നിവയെ കംപ്രസ്ഡ് ബയോഗ്യാസായും ജൈവവളമായും മാറ്റിക്കൊണ്ട് രാജ്യത്തിന്റെ ക്ലീൻ എനെർജി ലക്ഷ്യങ്ങളെ ഈ പദ്ധതി പിന്തുണയ്ക്കുന്നു. പദ്ധതിയുടെ ഭാഗമായി നിർമ്മാതാക്കൾക്ക് പത്ത് വർഷത്തേക്ക് എം.എം.ബി.ടി.യുവിന് 2,110 രൂപ നിരക്കിൽ സ്ഥിരമായ വിലയും ഹരിത സംരംഭങ്ങൾക്ക് ധനസഹായവും സർക്കാർ ഉറപ്പുനൽകുന്നുണ്ട്.
സിറ്റി ഗ്യാസ് വിതരണ കമ്പനികൾ 2026-27ൽ 3 ശതമാനവും, 2027-28ൽ 4 ശതമാനവും, 2028-29 മുതൽ 5 ശതമാനവും സി.ബി.ജി നിർബന്ധമായും മിശ്രണം ചെയ്യണമെന്നും നിർദ്ദേശമുണ്ട്. അടുത്ത ഒരു ദശാബ്ദക്കാലം കൊണ്ട് രാജ്യത്തെ ബയോഗ്യാസ് മേഖലയെ മാറ്റിമറിക്കാനും സ്വകാര്യ നിക്ഷേപം ആകർഷിക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
