ഫ്ലയിങ് ടാക്സികളിലൂടെ നഗര ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങുകയാണ് യുഎഇ. ദുബായ് അന്താരാഷ്ട്ര വെർട്ടിപോർട്ട് (DXV) എന്ന പേരിലാണ് രാജ്യത്തെ ആദ്യ പറക്കും ടാക്സി സ്റ്റേഷൻ അറിയപ്പെടുക. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് DXV പ്രവർത്തിക്കുക. വെർട്ടിപ്പോർട്ട് വികസനത്തിനും സാങ്കേതിക രൂപകൽപനയ്ക്കുമുള്ള അംഗീകാരം ജനറൽ സിവിൽ ഏവിയേഷനിൽ നിന്നും ലഭിച്ചു കഴിഞ്ഞു. 2026ൽ പറക്കും ടാക്സികളും വെർട്ടിപോർട്ടുകളും പ്രവർത്തനസജ്ജമാകും.
സ്‌കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചർ, ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ജോബി ഏവിയേഷൻ എന്നിവ ചേർന്നു നടത്തുന്ന എയർ ടാക്സി പദ്ധതിയുടെ ഭാഗമാണ് ദുബായ് അന്താരാഷ്ട്ര വെർട്ടിപോർട്ട്. ലോകോത്തര നിലവാരത്തിലുള്ള വെർട്ടിപോർട്ടുകളും പറക്കും ടാക്സികളുമാണ് പദ്ധതിയിലൂടെ യുഎഇയെ കാത്തിരിക്കുന്നത്. യുഎഇയിൽ വരാനിരിക്കുന്ന നാല് എയർ ടാക്സി ഹബ്ബുകളിൽ ആദ്യത്തേതാണ് DXV.
സാങ്കേതിക രൂപകൽപനയ്ക്കുള്ള അംഗീകാരം ലഭിച്ചതോടെ സ്‌കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചർ വെർടിപോർട്ടിന്റെ മറ്റ് പ്രവർത്തനങ്ങളിലേക്ക് കടക്കും. 3100 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ഡിഎക്സ് വിയുടെ നിർമാണം. പരമ്പരാഗത ഹെലിപാഡിൽ നിന്നും വ്യത്യസ്തമായ രൂപകൽപനയാണ് വെർടിപോർട്ടുകൾക്ക് ഉണ്ടാകുക. വിമാനത്താവളത്തിന്റെ മാതൃകയിൽ നിർമിക്കുന്ന പറക്കും ടാക്സി വെർട്ടിപോർട്ടുകളിൽ ടേക്ക് ഓഫ്, ലാൻഡിങ് സൗകര്യങ്ങളും എയർ ടാക്സി ചാർജ് ചെയ്യാനുള്ള സജ്ജീകരണങ്ങളും ഉണ്ടാകും.