കേരള സ്റ്റാർട്ടപ്പ് മിഷന്റേയും അതിനോടനുബന്ധിച്ചുള്ള 1400ഓളം ജീവനക്കാരുടേയും ഏറെ നാളായുള്ള ആവശ്യമാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ട ‘മെട്രോ കണക്ട്’ ഇലക്ട്രിക് ബസ് സർവീസിലൂടെ സാധ്യമായത്. കേരള സ്റ്റാർട്ടപ്പ് മിഷൻ ക്യാംപസിലൂടെ കടന്നു പോകുന്ന തരത്തിലാണ് ഫീഡർ സർവീസ് റൂട്ട് വന്നിരിക്കുന്നത്. ഇത് വിവിധ ഭാഗങ്ങളിൽ നിന്ന് സ്റ്റാർട്ടപ്പ് മിഷനിലേക്ക് ജോലിക്കെത്തുന്നവർക്ക് അനുഗ്രഹമാകും.
വിവിധ മെട്രോസ്റ്റേഷനുകളിൽ നിന്നുള്ള ‘മെട്രോ കണക്ട്’ ഇലക്ട്രിക് ബസ് സർവ്വീസ് കഴിഞ്ഞ ദിവസമാണ് വ്യവസായ മന്ത്രി പി. രാജീവ് ഫ്ലാഗ് ഓഫ് ചെയ്തത്. മെഡിക്കൽ കോളേജിന് സമീപമുള്ള കളമശേരി ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു ഫ്ലാഗ് ഓഫ് പരിപാടി. ആകെ 15 ബസ്സുകളാണ് ആദ്യഘട്ടത്തിൽ സർവീസ് ആരംഭിച്ചത്. 33 സീറ്റുകളുള്ള എസി ബസ്സാണ് സർവീസിനായി ഒരുക്കിയിരിക്കുന്നത്. ആലുവ-അന്താരാഷ്ട്ര വിമാനത്താവളം, കളമശേരി-മെഡിക്കൽ കോളെജ്, ഹൈക്കോർട്ട്- എംജി റോഡ്, കടവന്ത്ര- കെ.പി വള്ളോൻ റോഡ്, കാക്കനാട് വാട്ടർമെട്രോ-ഇൻഫോപാർക്ക്, കിൻഫ്രപാർക്ക്-കളക്ട്രേറ്റ് റൂട്ടുകളിലാണ് സർവീസ്. എയർപോർട്ട് റൂട്ടിൽ നാലു ബസുകളും കളമശേരി റൂട്ടിൽ രണ്ട് ബസുകളും ഇൻഫോപാർക്ക് റൂട്ടിൽ ഒരു ബസും കളക്ട്രേറ്റ് റൂട്ടിൽ രണ്ട് ബസുകളും ഹൈക്കോർട്ട് റൂട്ടിൽ മൂന്നു ബസുകളും കടവന്ത്ര റൂട്ടിൽ ഒരു ബസുമാണ് സർവ്വീസ് നടത്തുന്നത്.
Kerala Startup Mission employees rejoice as the long-awaited ‘Metro Connect’ electric bus service begins. With 15 eco-friendly buses on key routes, including Kalamassery and Infopark, this service boosts connectivity and sustainability.