എത്ര വേണമെങ്കിലും പൈന്റ് അടിക്കാം, ഇഷ്ടമുള്ള കാശ് കൊടുത്താൽ മതി. ടെക്നിക്കലി, ഇഷ്ടമുള്ള കാശ് അല്ല, നിങ്ങളുടെ ആസ്തിക്ക് അനുസരിച്ചുള്ള കാശ്. ഇനി നിങ്ങൾ പാപ്പരായവർ ആണെങ്കിൽ കാശ് കൊടുത്തില്ലെങ്കിലും വിരോധമില്ല-ഇങ്ങനെയൊരു വാർത്ത കേട്ടാൽ സന്തോഷിക്കാത്ത മദ്യപരുണ്ടാകില്ല. എന്നാൽ കേരളത്തിലെ മദ്യപർക്ക് വലിയ സന്തോഷമൊന്നും വേണ്ട. സംഗതി അങ്ങ് യുകെയിലാണ്. അതും ആളുകളെ കുടിപ്പിച്ച് കിടത്തിക്കളയാനുള്ള മത്സരമൊന്നുമല്ല, സംഭവത്തിനു പിന്നിൽ വേറെ വലിയ കാരണങ്ങളുണ്ട്.
ആഗോള ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബ്രിട്ടീഷ് എൻജിഒ ആണ് ഓക്സ്ഫാം. സാമ്പത്തിക അസമത്വം, ലിംഗനീതി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ക്യാംപെയ്നുകളിലാണ് ഓക്‌സ്ഫാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇപ്പോൾ ദാവോസ് ഇക്കണോമിക് ഫോറവുമായി ബന്ധപ്പെട്ട് യുകെയിൽ വ്യത്യസ്തമായ ക്യാംപെയ്നുമായി എത്തിയിരിക്കുകയാണ് എൻജിഒ. ലണ്ടണിലെ പബ്ബിൽ കുടിക്കുന്ന മദ്യത്തിന് ആസ്തിയുടെ അടിസ്ഥാനത്തിൽ വില നിശ്ചയിച്ചാണ് ഓക്സ്ഫാമിന്റെ പുതിയ ക്യാംപെയ്ൻ. ഫെയർ പോർ എന്ന പേരിലുള്ള പബ്ബിലാണ് ഓക്സ്ഫാമിന്റെ വക ന്യായവില സമ്പ്രദായം-പക്ഷേ ഇത് ഒറ്റ ദിവസത്തേക്ക് മാത്രമാണ്.
സമ്പന്നരും അല്ലാത്തവരും തമ്മിലുള്ള അകലം ചൂണ്ടിക്കാണിക്കുകയാണ് ക്യാംപെയ്നിന്റെ ലക്ഷ്യം. നിലവിൽ 8 പൗണ്ട് എന്ന ഉയർന്ന നിരക്കാണ് ലണ്ടണിൽ ഒരു പൈൻ്റ് ബിയറിന് നൽകേണ്ടത്. ഈ തീവിലയേയും വിലവ്യത്യാസം കാരണം ഉണ്ടാകുന്ന വിവേചനവും ചൂണ്ടിക്കാട്ടിയാണ് ഓക്സ്ഫാമിന്റെ ക്യാംപെയ്ൻ. ഓക്സ്ഫാമിന്റെ ഫെയർ പോറിൽ ആസ്തി അധികമുള്ള ഉപഭോക്താക്കൾ മദ്യത്തിന് കൂടുതൽ പണം നൽകണം. അതേ സമയം ആസ്തി കുറവുള്ളവർ കുറവ് പണം നൽകിയാൽ മതി. നമ്മുടെ നികുതി-ജീവിത സമ്പ്രദായവും ഇത്തരത്തിലാകണം എന്നതാണ് ഓക്സ്ഫാം ഇതിലൂടെ നൽകാൻ ഉദ്ദേശിക്കുന്ന സന്ദേശം.
ഇസ്രായേൽ-പലസ്തീൻ സംഘർഷം, ഉത്തര കൊറിയൻ ക്ഷാമം, 2011 കിഴക്കൻ ആഫ്രിക്കയിലെ വരൾച്ച, 2012 സഹേൽ വരൾച്ച, നേപ്പാൾ ഭൂകമ്പം, യെമൻ പ്രതിസന്ധി എന്നിവയുൾപ്പെടെ വിവിധ ആഗോള പ്രതിസന്ധികളിൽ ദുരിതാശ്വാസ സേവനങ്ങൾ നൽകിയിട്ടുള്ള സംഘടനയാണ് ഓക്സ്ഫാം.
“The Fair Pour,” Oxfam’s one-night-only pop-up pub in Holborn, London, where drink prices reflect net worth. Join the conversation on wealth inequality and enjoy creative mocktails like “Old Money Fashioned.”