ആവശ്യമായ ലൈസൻസുകളോ കോസ്മെറ്റിക്സ് റൂൾസ് 2020 നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിർമിച്ച് വിതരണം നടത്തിയ 7 ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്മെറ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ‘ഓപറേഷൻ സൗന്ദര്യ’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 33 സ്ഥാപനങ്ങൾക്കെതിരെയാണ് കേസെടുത്തത്.
ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ അനുവദനീയമായതിൽ കൂടുതൽ അളവിൽ മെർക്കുറിയുടെ അംശം കണ്ടെത്തി. അനുവദനീയമായ അളവിൽ നിന്നും 12,000 ഇരട്ടിയോളം മെർക്കുറിയാണ് പല സാമ്പിളുകളിലും കണ്ടെത്തിയത്. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തിൽ ദൂഷ്യഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതാണെന്ന് വീണാ ജോർജ് പറഞ്ഞു.
കോസ്മെറ്റിക് ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ജാഗ്രത പുലർത്തണമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ഉത്പനന്ങ്ങൾ മതിയായ ലൈസൻസോട് കൂടി നിർമിച്ചതാണോ എന്നും നിർമാതാവിന്റെ മേൽവിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബൽ പരിശോധിച്ച് ഉറപ്പുവരുത്തണം. ഏതെങ്കിലും ഉത്പന്നം സംബന്ധിച്ച് പരാതിയുള്ളവർ ഡ്രഗ്സ് കൺട്രോൾ വകുപ്പിനെ 18004253182 എന്ന ടോൾ ഫ്രീ നമ്പരിൽ വിവരം അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
Kerala Health Minister Veena George announces the seizure of illegal cosmetics worth over Rs 7 lakh under ‘Operation Soundarya’. Mercury levels found 12,000 times above the limit.