യുഎസ്സിലും മറ്റ് വിദേശ രാജ്യങ്ങളിലും വൻ സംരംഭങ്ങൾ തുടങ്ങി വിജയിച്ച ഇന്ത്യക്കാർ, ആഗോള കമ്പനികളുടെ തലപ്പത്തുള്ള ഇന്ത്യൻ വംശജർ-ഇവരിൽ മിക്കവർക്കും പൊതുവായി ഉള്ള ഒരു കാര്യമാണ് ഐഐടി, എൻഐടി ബിരുദങ്ങൾ. പേരെടുത്ത് പറയുന്നില്ലെങ്കിലും ആഗോള-ഇന്ത്യൻ ബിസിനസ് ലോകത്ത് ഇങ്ങനെ നിരവധി പേരുണ്ട്. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് ഇന്ത്യൻ ആർമി ഓഫീസർ മേജർ രാധിക സെൻ. ഐഐടി ബോംബേയിൽ നിന്നും ബയോടെക് എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ രാധിക വമ്പൻ കമ്പനികളിൽ നിന്നുള്ള ജോലിസാധ്യതകൾ വേണ്ടെന്നു വെച്ചാണ് രാഷ്ട്ര സേവനത്തിനിറങ്ങിയത്.
2023ലെ യുഎൻ സേനയിലെ സമാധാന സേവനത്തിന് മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദ് ഇയർ പുരസ്കാരം നേടിയ ആർമി ഓഫീസർ ആണ് രാധിക സെൻ. യുഎൻ സമാധാന സേനയിൽ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയായി പ്രവർത്തിച്ച വേളയിൽ കോംഗോയിൽ നടത്തിയ സേവനങ്ങൾക്കായിരുന്നു മേജർ രാധികയെ തേടി പുരസ്കാരമെത്തിയത്. അന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മേജർ രാധികയെ വിശേഷിപ്പിച്ചത് യഥാർത്ഥ നായികയും ആദർശമാതൃകയും എന്നാണ്.
ഹിമാചൽ പ്രദേശിൽ ജനിച്ച മേജർ രാധിക ബോംബെ ഐഐടിയിലെ പഠനം പൂർത്തീകരിച്ച ഉടനെ ഇന്ത്യൻ സേനയിൽ അംഗമാകുകകയായിരുന്നു. 2023 മുതലാണ് യുഎൻ സമാധാന സേനയിൽ പങ്കാളികളായ ഇന്ത്യൻ സംഘത്തിലേക്ക് രാധിക തിരഞ്ഞെടുക്കപ്പെടുന്നത്. 2024 ഏപ്രിൽ വരെ ഇന്ത്യൻ റാപ്പിഡ് ഡിപ്ലോയ്മെന്റ് ബറ്റാലിയൻ കമാൻഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Major Radhika Sen, an IIT Bombay graduate and Indian Army officer, wins the UN Gender Advocate Award for her contributions to peacekeeping.