പാരീസിൽ നടന്ന AI ആക്ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചതിന്റെ പൂർണ്ണരൂപം
പ്രിയ സുഹൃത്തുക്കളേ,
നമുക്ക് ഒരു ചെറിയ പരീക്ഷണം നടത്തി നോക്കാം. നിങ്ങൾ നിങ്ങളുടെ മെഡിക്കൽ റിപ്പോർട്ട് ഒരു AI ആപ്ലിക്കേഷനിൽ അപ്ലോഡ് ചെയ്താൽ, അത് നിങ്ങളുടെ ആരോഗ്യത്തിന്റെ വിശദാംശങ്ങൾ വളരെ ലളിതമായി പറഞ്ഞ് തരും. പക്ഷേ, അതേ AI-യോട് “ഒരു വ്യക്തി ഇടത് കൈകൊണ്ട് എഴുതുന്നത് വരച്ചുകാണിക്കൂ” എന്ന് ആവശ്യപ്പെട്ടാൽ, അത് കാണിക്കുക “വലത് കൈകൊണ്ട് വരയ്ക്കുന്ന ഒരാളെ” തന്നെയാകും. കാരണം, അതിന്റെ പരിശീലന ഡാറ്റയിൽ ഭൂരിഭാഗവും വലത് കൈ ഉപയോഗിക്കുന്നവരെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. AI-യുടെ അതിശയകരമായ സാധ്യതകൾക്കൊപ്പം ചില വിവേചനങ്ങളോ പക്ഷപാതങ്ങളോ ആതിലുണ്ട് എന്ന് ഈ പരീക്ഷണം നമ്മെ മനസ്സിലാക്കിത്തരുന്നു. അതിനാൽ എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഈ ഉച്ചകോടി സംഘടിപ്പിച്ചതിന് ഞാൻ അദ്ദേഹത്തോട് നന്ദി പറയുന്നു, എന്നെ അതിന്റെ കോ-ചെയറാക്കിയതിനും.
![](https://channeliam.com/wp-content/uploads/2025/02/image-31-986x1024.webp)
സുഹൃത്തുക്കളെ
നമ്മുടെ രാഷ്ട്രീയത്തേയും സാമ്പത്തിക മേഖലയേയും സുരക്ഷയേയും എന്തിന് നമ്മുടെ സമൂഹത്തെ ആകെത്തന്നെ AI മാറ്റി മറിച്ചുകഴിഞ്ഞു. ഈ നൂറ്റാണ്ടിലെ മാനവരാശിയുടെ കോഡ് എഴുതുകയാണ് AI. മനുഷ്യകുലം, അതിന്റെ ചരിത്രത്തിൽ ഇന്നേവരെ പരിചയിച്ച സാങ്കേതിക വിദ്യകളിൽ നിന്ന് വ്യത്യസ്തമാണ് AI എന്ന് ഓർക്കുക.
![](https://channeliam.com/wp-content/uploads/2025/02/image-30.webp)
അസാധാരണമായ വേഗത്തിലും വ്യാപ്തിയിലുമാണ് AI വികസിക്കുന്നത്. അതിർത്തികൾക്കപ്പുറം ആഴത്തിലുള്ള പരസ്പര ആശ്രിതത്വം ഉണ്ട്. അതുകൊണ്ട് തന്നെ AI-യുടെ പ്രയോഗത്തിൽ, നിയന്ത്രണവും നിലവാരവും പരിശോധിക്കാൻ യോജിച്ചുള്ള കൂട്ടായ പരിശ്രമം അനിവാര്യമാണ്. ലോകത്തിന്റെ കൂട്ടായുള്ള മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ, അപകട സാധ്യതകൾ നേരിടാൻ, വിശ്വാസം വളർത്താൻ എല്ലാം ആ പരസ്പര സഹകരണം അനിവാര്യമായിരിക്കുന്നു
![](https://channeliam.com/wp-content/uploads/2025/02/image-29.webp)
നിയന്തണമോ പരിപാലനമോ കൊണ്ട് ഉദ്ദേശിക്കുന്നത് വെല്ലുവിളികൾ നേരിടുക എന്നതല്ല. ഇന്നവേഷൻ പ്രോത്സാഹിപ്പിക്കാനും ലോക നന്മയ്ക്കായി AI ഉപയോഗപ്പെടുത്താനുമാകണം. അതുകൊണ്ട് AI-യുടെ നിർവ്വഹണത്തേയും നിയന്ത്രണത്തേയും പറ്റി നമ്മൾ ആഴത്തിൽ ചിന്തിക്കുകയും തുറന്ന് സംസാരിക്കുകയും വേണം. നിർവ്വഹണം എന്നാൽ AI എല്ലാവർക്കും നല്ലതിനുവേണ്ടി ലഭ്യമാകണം എന്നതാണ് ലക്ഷ്യമാക്കേണ്ടത്. പ്രത്യേകിച്ച് കംപ്യൂട്ടർ ശേഷിയും, പ്രാവീണ്യവും, സാമ്പത്തിക സാഹചര്യങ്ങളും കുറവുള്ള ഗ്ലോബൽ സൗത്ത് രാജ്യങ്ങളിലെ ജനങ്ങൾക്ക്.
![](https://channeliam.com/wp-content/uploads/2025/02/image-27.webp)
സുഹൃത്തുക്കളെ
ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങി എല്ലാ മേഖലകളിലും ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തെ AI ഇന്ന് മാറ്റിമറിക്കുകയാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ വേഗത്തിലും എളുപ്പത്തിലും നേടാൻ ലോകത്തെ AI സഹായിക്കും. ഈ പ്രയാണം യാഥാർത്ഥ്യമാക്കാൻ നമ്മുടെ ടാലന്റും റിസോഴ്സുകളും നമ്മൾ ഒന്നിച്ച് സ്വരുക്കൂട്ടണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ, വിശ്വാസയോഗ്യമായ, സുതാര്യമായ ഓപ്പൺ സോഴ്സ് സംവിധാനങ്ങൾ നാം വികസിപ്പിക്കേണ്ടിയിരിക്കുന്നു. വിവേചനമില്ലാത്തതും ക്വാളിറ്റിയുള്ളതുമായ ഡാറ്റ നിർമ്മിക്കണം. ടെക്നോളജിയെ ജനാധിപത്യവത്കരിക്കുകയും ജനോപകാരപ്രദമായ തരത്തിൽ ആപ്ലിക്കേഷനുകൾ നിർമ്മിക്കുകയും വേണം. സൈബർ സെക്യൂരിറ്റി, തെറ്റായ സന്ദേശങ്ങൾ, ഡീപ് ഫെയ്ക് എന്നിവയിലുള്ള ആശങ്കൾ നമുക്ക് നേരിടാനാകണം. അതോടൊപ്പം സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് ടെക്നോളജിയെ എത്തിക്കാനും സാധാരണക്കാരെ അതിന്റെ ഗുണഭോക്താക്കളാക്കാനും കഴിയണം.
![](https://channeliam.com/wp-content/uploads/2025/02/Modi-in-Paris-1-1.webp)
സുഹൃത്തുക്കളെ,
AI, ആളുകളുടെ ജോലി ഇല്ലാതാക്കുമെന്നാണ് വ്യാപക പ്രചരണം. എന്നാൽ ചരിത്രം നോക്കൂ, സാങ്കേതിക മുന്നേറ്റങ്ങൾ കൊണ്ട് ആളുകളുടെ ജോലി അപ്രത്യക്ഷമായിട്ടില്ല എന്ന് കാണാം. സാങ്കേതികവിദ്യ പുതിയ തൊഴിൽ അവസരങ്ങൾ തുറക്കുകയാണ് ചെയ്യുന്നത്. AI അധിഷ്ഠിത ഭാവിയിലേക്കായി നമ്മുടെ ജനങ്ങൾക്ക് സ്ക്കില്ലിംഗും റീ-സ്ക്കില്ലിംഗും നൽകുകയാണ് നാം ചെയ്യേണ്ടത്.
![](https://channeliam.com/wp-content/uploads/2025/02/image-32.webp)
സുഹൃത്തുക്കളെ,
AI യുടെ അപാരമായ ഊർജ്ജം നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഡാറ്റയിലും റിസോഴ്സിലും AI മോഡലുകൾ എഫിഷ്യന്റും സസ്റ്റൈയിനബിളുമാകണം. ഒരു ബൾബിന്റെ ഊർജ്ജത്തേക്കാൾ കുറഞ്ഞ അളവിലുള്ള ഊർജ്ജമുപയോഗിച്ച് മനുഷ്യ മസ്തിഷിക്കത്തിന് കവിത എഴുതാനും സ്പേസ് ഷിപ് ഡിസൈൻ ചെയ്യാനും സാധിക്കണം.
![](https://channeliam.com/wp-content/uploads/2025/02/image-33-1024x576.webp)
നമ്മൾ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് AI വികസിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച AI-യിലുള്ള മനുഷ്യ വിഭവ ശേഷി ഇന്ത്യയ്ക്കുണ്ട്. ഇന്ത്യയുടെ നാനാത്വം കണക്കിലെടുത്ത് ഞങ്ങളുടേതായ ലാർജ് ലാംഗ്വേജ് മോഡൽ വികസിപ്പിക്കുകയാണ്. കംപ്യൂട്ട് പവർ സമാഹരിക്കാനായി വ്യത്യസ്തമായ പബ്ളിക്-പ്രൈവറ്റ് പാർട്ണർഷിപ് മോഡലുകൾ ഞങ്ങൾക്കുണ്ട്. സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കുമായി താങ്ങാവുന്ന ചിലവിൽ അത് ഞങ്ങൾ നൽകുന്നു. AI ഭാവിയിൽ എല്ലാവർക്കും നല്ലതിനും നന്മയ്ക്കും വേണ്ടിയാകണമെന്ന ലക്ഷ്യത്തിലേക്കെത്താൻ ഞങ്ങളുടെ നേട്ടങ്ങൾ പങ്കിടാൻ ഇന്ത്യ ഒരുക്കമാണ്.
![](https://channeliam.com/wp-content/uploads/2025/02/image-34.webp)
സുഹൃത്തുക്കളെ,
AI യുഗത്തിന്റെ ഉദയത്തിലാണ് നമ്മൾ ഇപ്പോൾ. മാനവരാശിയെ ആകെത്തന്നെ AI സ്വാധീനിക്കുമെന്ന് ഉറപ്പാണ്. മനുഷ്യരേക്കാൾ ബുദ്ധിവെച്ച് യന്ത്രങ്ങൾ മുനുഷ്യനെ ഭരിക്കുമെന്ന് പലരും ഭയപ്പെടുന്നു. എന്നാൽ നമ്മുടെ ഒന്നിച്ചുള്ള ഭാവിയുടേയും ഭാഗധേയത്തിന്റേയും താക്കോൽ നമ്മൾ മനുഷ്യരുടെ കയ്യിൽ തന്നെയാണ് എന്ന് ഓർക്കുക.
ആ ഉത്തരവാദിത്വ ബോധം നമ്മളെ നയിക്കട്ടെ!
(ഇത് പദാനുപദ തർജ്ജിമയായിരിക്കണമെന്നില്ല)
AI is transforming our world at an unprecedented pace. To ensure its responsible growth, we must focus on governance, innovation, and inclusivity while addressing biases, job disruptions, and sustainability.