ഷാരൂഖിനൊപ്പം അഭിനയ അരങ്ങേറ്റം, ബോളിവുഡിൽ നിന്നും പിന്തിരിയൽ, മടങ്ങിവരവ്…ഇങ്ങനെ സംഭവബഹുലമാണ് സഞ്ജയ് മിശ്ര എന്ന നടന്റെ ജീവിതം. ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് സഞ്ജയ് മിശ്ര. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും അഭിനയം പഠിച്ചിറങ്ങിയ സഞ്ജയ് ആദ്യകാലത്ത് ടെലിവിഷൻ സീരിയലുകളിലും പരസ്യങ്ങളിലും അഭിനയിച്ചു. 1995ൽ ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. പിന്നീട് രാജ്കുമാർ, സത്യ, ദിൽസെ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം മുഖം കാണിച്ചു. അക്കാലത്ത് ഓഫീസ്-ഓഫീസ് എന്ന ടിവി സിറ്റ്കോമിലെ പ്രകടനത്തിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. തുടർന്നു കുറച്ചുകാലം അദ്ദേഹം ടെലിവിഷൻ രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
![](https://channeliam.com/wp-content/uploads/2025/02/sanjay-mishra-bollywood-golmaal-1024x576.jpg)
2006ൽ ഗോൽമാൽ എന്ന ചിത്രമാണ് സിനിമാരംഗത്ത് സഞ്ജയ് മിശ്രയ്ക്ക് വഴിത്തിരിവായത്. തുടർന്ന് വെൽക്കം, ധമാൽ, ഗുരു, ഗോൽമാൽ റിട്ടേൺസ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം നല്ല വേഷങ്ങൾ ചെയ്തു. ആയിടയ്ക്കാണ് അദ്ദേഹത്തിന്റെ പിതാവിന്റെ മരണം സംഭവിച്ചത്. പിതാവിന്റെ മരണം തന്നെ പ്രത്യേക രീതിയിൽ സ്വാധീനിച്ചതായി താരം പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അന്ത്യകർമങ്ങൾ നടത്തിയതിനുശേഷം അദ്ദേഹം മാതാവിനോടു മാത്രം പറഞ്ഞ് ഋഷികേഷിലേക്ക് യാത്ര തിരിച്ചു. അവിടെ ഗംഗയുടെ തീരത്ത് ഒരു ചെറിയ കടയിൽ 150 രൂപ ദിവസവേതനത്തിൽ കുറച്ചുകാലം ജോലി ചെയ്തു. പിന്നീട് സംവിധായകൻ രോഹിത് ഷെട്ടിയുടെ നിർദേശപ്രകാരമാണ് താൻ മുംബൈയിലേക്ക് തിരിച്ചു പോയതെന്നും അദ്ദേഹം പറഞ്ഞു.
![](https://channeliam.com/wp-content/uploads/2025/02/207695-1024x575.jpg)
സിനിമാ മേഖലയിൽ ഉള്ളവരോടുള്ള പിണക്കമല്ല തന്നെ ഇങ്ങനെയൊരു നീക്കത്തിനു പ്രേരിപ്പിച്ചത് എന്ന് അദ്ദേഹം പറയുന്നു. മറിച്ച് പിതാവിന്റെ മരണത്തോടെ ജീവിതത്തിൽ എന്തു ചെയ്യണം, എന്ത് നേടണം എന്നതിനെക്കുറിച്ചെല്ലാം ആശയക്കുഴപ്പങ്ങളുണ്ടായി. അതാണ് തന്നെ ഇത്തരമൊരു വഴിമാറിനടക്കലിന് പ്രേരിപ്പിച്ചതെന്ന് സഞ്ജയ്.
From struggling at a roadside eatery to becoming a Bollywood star, Sanjay Mishra’s journey is inspiring. Discover his rise to fame, net worth, and his dream organic farmhouse.