ഇലോൺ മസ്കിന്റെ ദി ബോറിംഗ് കമ്പനിയുമായി (The Boring Company) സഹകരിച്ച് ഭൂഗർഭ ഗതാഗത സംവിധാനം നിർമിക്കാൻ ദുബായ്. ദുബായ് ലൂപ്പ് എന്ന് പേര് നൽകിയിരിക്കുന്ന ഭൂഗർഭ ഗതാഗത സംവിധാനം നഗരത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായാണ് രൂപകൽപന ചെയ്യുക.

ലോക ഭരണകൂട ഉച്ചകോടിയിൽ (WGS) യുഎഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ സഹമന്ത്രിയും ഉച്ചകോടിയുടെ വൈസ് ചെയർമാനുമായ ഒമർ സുൽത്താൻ അൽ ഒലാമയാണ് ഇക്കാര്യം അറിയിച്ചത്. ഇലോൺ മസ്ക് വീഡിയോ കോൺഫറൻസ് വഴി ചടങ്ങിൽ പങ്കാളിയായി.

തിരക്കേറിയ സ്ഥലങ്ങളിൽ ആളുകൾക്ക് ഒരു പോയിന്റിൽ നിന്ന് മറ്റൊന്നിലേക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ദുബായ് ലൂപ്പ് എത്തുക. ആദ്യഘട്ടത്തിൽ 17 കിലോമീറ്റർ ദൈർഘ്യമുള്ള ഭൂഗർഭ പാതകളാണ് ദുബായ് ലൂപ്പിനായി നിർമിക്കുക.

ദുബായ് ആർടിഎയും ദി ബോറിംഗ് കമ്പനിയും ഇതിനായി കരാർ ഒപ്പുവെച്ചു. 11 സ്റ്റേഷനുകളാണ് ആദ്യഘട്ട പദ്ധതിയിൽ ഉണ്ടാകുക. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാവുന്ന ഇലക്ട്രിക് വാഹനങ്ങളാണ് ഭൂഗർഭ ഗതാഗത സംവിധാനത്തിന് ഉപയോഗിക്കുക.
Dubai partners with Elon Musk’s Boring Company to develop the ‘Dubai Loop,’ an underground transport system aimed at easing urban congestion and improving connectivity.