മുംബൈ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ 500 കോടി രൂപ നിക്ഷേപിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ സംരക്ഷണ മേഖലയിലെ സാന്നിദ്ധ്യം വിപുലീകരിക്കാനാണ് ടാറ്റ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹോസ്പിറ്റലിലെ വൻ നിക്ഷേപത്തോടെ ബ്രീച്ച് കാൻഡിയുടെ ചെയർമാൻ അടക്കമുള്ള ബോർഡ് അംഗങ്ങളിൽ ടാറ്റ ഗ്രൂപ്പിന് വൻ സ്വാധീനമുണ്ടാകും. ഇതിന്റെ ഭാഗമായി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ഒക്ടോബർ മുതൽ ബ്രീച്ച് കാൻഡ് ഹോസ്പിറ്റൽ ബോർഡ് ചെയർമാനാകും.

1946ൽ പ്രവർത്തനം ആരംഭിച്ച ബ്രീച്ച് കാൻഡി സെലിബ്രിറ്റികളുടെ സ്വന്തം ഹോസ്പിറ്റൽ എന്നാണ് അറിയപ്പെടുന്നത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് മുതൽ ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചൻ വരെ പല കാലങ്ങളിൽ നിരവധി സെലിബ്രറ്റികൾ വിവിധ ചികിത്സകൾക്കായി ബ്രീച്ച് കാൻഡിയിലെത്തി. രത്തൻ ടാറ്റയുടെ അന്ത്യം ബ്രീച്ച് കാൻഡിയിലായിരുന്നു എന്ന സൈകാരിക ബന്ധവും ആശുപത്രിക്ക് ടാറ്റ ഗ്രൂപ്പുമായി ഉണ്ട്. ടാറ്റ ട്രസ്റ്റ്സ് വഴി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ ബ്രീച്ച് കാൻഡിയിൽ നടത്തിയിരുന്നു. ബ്രീച്ച് കാൻഡി ഹോസ്പിറ്റലുമായുള്ള ദീർഘകാല ബന്ധം നിക്ഷേപത്തോടെ ടാറ്റ ഗ്രൂപ്പ് ഔദ്യോഗികമായി അംഗീകരിച്ചിരിക്കുകയാണ്.

മുംബൈയിലെ ടാറ്റ ഗ്രൂപ്പിന്റെ മൂന്നാമത്തെ പ്രധാന ആരോഗ്യ സംരംഭമാണ് ബ്രീച്ച് കാൻഡി ഹോസ്പിറ്റൽ. റിലയൻസ്, ഹിന്ദുജ, ബിർള, രഹേജ എന്നീ പ്രമുഖ ആരോഗ്യ സംരക്ഷണ ദാതാക്കൾക്കൊപ്പം മുംബൈയിലെ ആരോഗ്യ സംരക്ഷണ രംഗത്തെ പ്രധാന പേരായി മാറാൻ ബ്രീച്ച് കാൻഡിയിലൂടെ ടാറ്റയ്ക്കു സാധിക്കും.
Tata Group invests Rs 500 crore in Mumbai’s Breach Candy Hospital, strengthening its presence in healthcare. Chairman N. Chandrasekaran will lead the hospital’s board from October, marking a new era of expansion.