കേരളത്തിന്റെ സംരംഭക അന്തരീക്ഷം പ്രതീക്ഷിക്കുന്നതിലും അപ്പുറമുള്ള മാറ്റങ്ങൾക്ക് വിധേയമാകുകയാണെന്ന് എംവിആർ ആയുർവേദ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമൻ. ഇന്ത്യയിലെതന്നെ ഏറ്റവും പ്രധാന ഹാപ്പെനിങ് സ്റ്റേറ്റ് ആയി ഇൻവെസ്റ്റ് കേരളയിലൂടെ സംസ്ഥാനം മാറുകയാണെന്നും ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഈ മാറ്റങ്ങൾ കാണാം. ദേശീയ പാതാ വികസനത്തോടെ കേരളത്തിലെ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം ഇല്ലാതാകും. അതിന്റെ പ്രതിഫലനം സംരംഭകരംഗത്ത് അത്ഭുതം സൃഷ്ടിക്കും. എഐ സാങ്കേതികവിദ്യ പോലുള്ള രംഗങ്ങളിൽ ലോകോത്തര നിലവാരമുള്ള പ്രവർത്തനങ്ങളാണ് കേരളത്തിൽ നിന്നുണ്ടാകുന്നത്. ഇങ്ങനെ 25 വർഷം മുൻപൊന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത പുരോഗമനത്തിലേക്ക് കേരളം എത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
എഐയുടെ കടന്നുവരവോടെ തൊഴിൽ നഷ്ടപ്പെടും എന്നത് ഒരു താൽക്കാലിക പ്രതിഭാസം മാത്രമാണ്. യഥാർത്ഥത്തിൽ എഐ കൂടുതൽ തൊഴിൽസാധ്യതകൾ തുറക്കുകയാണ് ചെയ്യുക. ഉത്പാദന മേഖല, ആരോഗ്യ മേഖല, വിതരണമേഖല തുടങ്ങിയവയിൽ എഐ വലിയ സ്വാധീനം ചെലുത്തും. തൊഴിൽമേഖലയിലെ ഉത്പാദനക്ഷമത വർധിപ്പിക്കാൻ എഐ പ്രധാന ഘടകമാകും. കൃത്യമായി വിനിയോഗിക്കുകയാണെങ്കിൽ എഐ നൂറിരട്ടി സാധ്യതകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala is emerging as a key entrepreneurial hub with AI-driven advancements and infrastructure growth, transforming industries and creating new job opportunities.