എയർപോർട്ടുകളിൽ അടക്കം റീട്ടെയിൽ, ഭക്ഷ്യ സേവനങ്ങൾ വികസിപ്പിക്കാൻ ഒരുങ്ങി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ്. വിമാനത്താവള ബിസിനസ്സിൽ നിന്നുള്ള നോൺ-എയറോനോട്ടിക്കൽ വരുമാനം വർദ്ധിപ്പിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള വിമാനത്താവളങ്ങളിൽ 270 റീട്ടെയിൽ സ്റ്റോറുകളും 50 ഭക്ഷണ പാനീയ (F&B) ഔട്ട്‌ലെറ്റുകളും തുറക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. രണ്ടാം ഘട്ടമായി റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഹൈവേകളിലേക്കും മാളുകളിലേക്കും വ്യാപിപ്പിക്കാനും ഗ്രൂപ്പിന് പദ്ധതിയുണ്ട്.

നിലവിൽ വിമാനത്താവളങ്ങളിലെ ആഗോള, പ്രാദേശിക റീട്ടെയിലർമാരായ ഡൊമിനോസ്, യം ബ്രാൻഡ്സ്, ടാറ്റാ ഗ്രൂപ്പ്, റിലയൻസ് തുടങ്ങിയവയ്ക്ക് അദാനി ഗ്രൂപ്പിന്റെ പുതിയ നീക്കം വെല്ലുവിളി ഉയർത്തും. റിപ്പോർട്ടുകൾ പ്രകാരം അദാനി ഗ്രൂപ്പ് വിമാനത്താവള വരുമാനത്തിന്റെ ഏകദേശം മൂന്നിൽ നാല് ഭാഗത്തേക്ക് നോൺ-എയ്‌റോ ബിസിനസ്സുകളുടെ സംഭാവന ഉയർത്താൻ പദ്ധതിയിടുന്നു. ഇലക്ട്രോണിക്സ്, സൗന്ദര്യവർധന വസ്തുക്കൾ, ചോക്ലേറ്റുകൾ, ആൾക്കോ-ബെവ്, കോഫി, ജീവിതശൈലീ ഉൽപന്നങ്ങൾ, ഭക്ഷണപാനീയങ്ങൾ എന്നിവയിലാണ് അദാനി റീട്ടെയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

അദാനി എന്റർപ്രൈസസിന്റെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് അദാനി വിമാനത്താവളം. വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പരിപാലനം, ഏറ്റെടുക്കൽ എന്നിവയിലാണ് കമ്പനി ശ്രദ്ധ ചെലുത്തുന്നത്. നിലവിൽ കമ്പനിക്ക് എട്ട് വിമാനത്താവളങ്ങളുണ്ട്. അതിൽ ഏഴ് എണ്ണം പ്രവർത്തനക്ഷമമാണ്. ഈ സാഹചര്യത്തിലാണ് റീട്ടെയിൽ അടക്കമുള്ള മറ്റ് മേഖലകളിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച് വരുമാനം വർധിപ്പിക്കാനുള്ള തീരുമാനം.
Adani Group is expanding its airport retail business to 270+ stores, targeting highways and malls. The move positions Adani as a competitor to Tata and Reliance in the retail sector.