ഏതാനും മാസങ്ങൾക്ക് മുമ്പ് ഉഗാണ്ടയിൽ ഇന്ത്യൻ വംശജനായ കോടീശ്വരൻ പങ്കജ് ഓസ്വാളിന്റെ മകളായ വസുന്ധര ഓസ്വാളിന്റെ അറസ്റ്റ് വാർത്ത ശ്രദ്ധ പിടിച്ചുപറ്റി. വസുന്ധര ആഴ്ചകളോളം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിൽ പുറത്തിറങ്ങി. സമ്പന്നരും സ്വാധീനമുള്ളവരുമായ ഒരു കുടുംബത്തിൽ പെട്ടയാളായിരുന്നിട്ടും അവർക്ക് ജയിലിൽ കഴിയേണ്ടിവന്നു. ഈ സംഭവത്തോടെ സമ്പത്തിനും ആഡംബര ജീവിതശൈലിക്കും പേരുകേട്ട ഓസ്വാൾ കുടുംബം വാർത്തകളിൽ നിറയുകയാണ്.

മുകേഷ് മെനാരിയയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് വസുന്ധര ഓസ്വാൾ പൊലീസ് കസ്റ്റഡിയിലായത്. ആരോപണങ്ങൾ തെറ്റാണെന്നും ഉഗാണ്ടൻ അധികാരികൾ തങ്ങളുടെ ബിസിനസ് എതിരാളികളുമായി ചേർന്ന് വസുന്ധരയെ കുടുക്കാൻ ശ്രമിക്കുകയാണെന്നും ഓസ്വാൾ കുടുംബം വാദിച്ചു. തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെട്ട മുകേഷ് മെനാരിയ ടാൻസാനിയയിൽ ജീവിച്ചിരിപ്പുണ്ടെന്നും സുരക്ഷിതനാണെന്നും അവർ പ്രസ്താവിച്ചു. വസുന്ധരയെ ഉഗാണ്ടൻ ഉദ്യോഗസ്ഥർ മോചിപ്പിക്കാൻ വിസമ്മതിച്ചതോടെ മൂന്നാഴ്ച അവർക്ക് ജയിലിൽ കഴിയേണ്ടി വന്നു.

സ്വിറ്റ്സർലൻഡിൽ താമസിക്കുന്ന ഇന്ത്യൻ കോടീശ്വരൻ പങ്കജ് ഓസ്വാളും ഭാര്യ രാധിക ഓസ്വാളും അടുത്തിടെ ലോകത്തിലെ ഏറ്റവും വിലയേറിയ വീടുകളിൽ ഒന്ന് വാങ്ങിയിരുന്നു. 1,649 കോടി രൂപ വിലയുള്ള ആഢംബര ബംഗ്ലാവാണ് ഇവർ വാങ്ങിയത്. ഇപ്പോൾ 26 വയസ്സുള്ള വസുന്ധര ഓസ്വാൾ തന്റെ പിതാവിന്റെ ബിസിനസ് സംരംഭങ്ങളിൽ സജീവമാണ്.

സമ്പത്തിനൊപ്പം ഓസ്വാൾ കുടുംബത്തിന് വിവാദങ്ങളുടേയും നീണ്ട ചരിത്രമുണ്ട്. സ്വിറ്റ്സർലൻഡിലേക്ക് പോകുന്നതിനുമുമ്പ് അവർ ഓസ്ട്രേലിയയിലാണ് താമസിച്ചിരുന്നത്. നികുതി തട്ടിപ്പും വായ്പാ സംബന്ധമായ അഴിമതികളും കാരണമാണ് അവർക്ക് ഓസ്ട്രേലിയ വിടേണ്ടി വന്നത്. 768 കോടി രൂപയുടെ തട്ടിപ്പും നികുതി വെട്ടിപ്പുമാണ് പങ്കജ് ഓസ്വാളിന്റേയും ഭാര്യയുടേയും പേരിൽ ആരോപിക്കപ്പെട്ടത്. ഇവരുടെ കമ്പനിയായ ബർറപ്പ് ഹോൾഡിംഗ്സ് ഓസ്ട്രേലിയയിൽ ദശലക്ഷക്കണക്കിന് ഡോളർ ദുരുപയോഗം ചെയ്തതായും ആരോപണമുണ്ട്.

നിയമപ്രശ്നങ്ങൾ വർദ്ധിച്ചതോടെ അവർ രാജ്യം വിട്ടു. 3 ബില്യൺ ഡോളറാണ് (ഏകദേശം 24,000 കോടി രൂപ) പങ്കജ് ഓസ്വാളിന്റെ ആസ്തി. സ്വകാര്യ ജെറ്റ്, ആഢംബര കാറുകൾ എന്നിവ സ്വന്തമായുള്ള അദ്ദേഹം ആഡംബരപൂർണ്ണമായ ജീവിതശൈലി ആസ്വദിക്കുന്നു.
Vasundhara Oswal, daughter of billionaire Pankaj Oswal, was arrested in Uganda in October 2023 over alleged kidnapping and murder charges. However, the accusations were later questioned as the victim was found alive. Learn more about the Oswal family’s legal history and business empire.