ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) രണ്ട് പുതിയ ലോഞ്ച്പാഡുകൾ കൂടി വികസിപ്പിക്കാൻ ഒരുങ്ങുകയാണെന്ന്
ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലും തമിഴ്‌നാട്ടിലെ കുലശേഖരപട്ടണത്തുമാണ് പുതിയ ലോഞ്ച്പാഡുകൾ നിർമ്മിക്കുക. രണ്ട് വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതികൾ ഐഎസ്ആർഒയുടെ വളരുന്ന വിക്ഷേപണ ശക്തിയെ പിന്തുണയ്ക്കുകയും ഇന്ത്യയുടെ ബഹിരാകാശ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്ന സൗകര്യങ്ങളായിരിക്കുമെന്ന് വി. നാരായണൻ പറഞ്ഞു.

2028ൽ വിക്ഷേപിക്കാൻ പദ്ധതിയിട്ടിരിക്കുന്ന സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ 4നെക്കുറിച്ചും നാരായണൻ വിശദീകരണം നടത്തി. ചന്ദ്രയാൻ 4ന്റെ മുൻഗാമിയായ 4000 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാൻ 3ൽ നിന്നും വ്യത്യസ്തമായി 9,200 കിലോഗ്രാം ഭാരമാകും ചന്ദ്രയാൻ 4ന് ഉണ്ടാകുക. ബഹിരാകാശത്ത് ഡോക്ക് ചെയ്യുന്ന രണ്ട് മൊഡ്യൂളുകളും ഇതിൽ ഉൾപ്പെടുന്നു. ചന്ദ്രനിൽ ഇറങ്ങി സാമ്പിളുകൾ ശേഖരിക്കുകയാണ് ചന്ദ്രയാൻ 4ന്റെ പ്രാഥമിക ലക്ഷ്യം. ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ശ്രമങ്ങളിൽ സുപ്രധാന കുതിച്ചുചാട്ടമാണ് ചന്ദ്രയാൻ 4ലൂടെ സാധ്യമാകുക-അദ്ദേഹം പറഞ്ഞു.
ISRO plans two new launchpads in Andhra Pradesh and Tamil Nadu, with Chandrayaan-4 set for 2028. Key collaborations include NASA’s NISAR satellite and the G-20 climate research satellite.