നാസ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിന്റേയും ബുച്ച് വിൽമോറിന്റേയും ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം. ഒൻപത് മാസം നീണ്ട ബഹിരാകാശവാസത്തിനു ശേഷമാണ് ഇരുവരും ഭൂമിയിലേക്ക് തിരിക്കുന്നത്. ബോയിംഗ് സ്റ്റാർലൈനറിന്റെ ആദ്യ ക്രൂഡ് ഫ്ലൈറ്റ് ടെസ്റ്റിന്റെ ഭാഗമായി വെറും 8 ദിവസം മാത്രം തങ്ങാൻ പദ്ധതിയിട്ടാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാൽ പേടകത്തിലെ യന്ത്രത്തകരാർ കാരണം ഇരുവരും ഒൻപത് മാസത്തോളം ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായുള്ള ക്രൂ 10 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. ഭൂമിയിൽ നിന്ന് ഇത്ര കാലം വിട്ടു നിന്നിട്ടും അതിനെ ഇരുവരും ശാരീരികമായി എങ്ങനെ അതിജീവിച്ചു എന്നു നോക്കാം.

ദീർഘകാലത്തെ ബഹിരാകാശ വാസത്തിന്റെ ഫലമായി ബഹിരാകാശയാത്രികർ പലപ്പോഴും ആരോഗ്യപരമായി മോശം അവസ്ഥയിലൂടെ കടന്നുപോകുന്നു. ഉയർന്ന തോതിലുള്ള വികിരണത്തിന് വിധേയമാകാനും സാധ്യതകൾ ഏറെയാണ്. സുനിതയുടേയും വിൽമോറിന്റെയും കാര്യത്തിൽ ഒറ്റപ്പെട്ട അന്തരീക്ഷത്തിൽ ദീഞഘകാലം കഴിയേണ്ടി വന്നത് മാനസിക ആഘാതവും സൃഷ്ടിക്കാൻ ഇടയുണ്ടായിരുന്നു. എന്നാൽ ക്രൂ ദൗത്യങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ദീർഘകാല ബഹിരാകാശ യാത്രകളിൽ നിന്നുള്ള വിവരങ്ങൾ അപ്പപ്പോൾ നാസ ശേഖരിക്കുന്നുണ്ടായിരുന്നു. നാസയിലെ ബഹിരാകാശയാത്രികർ പതിവ് മെഡിക്കൽ വിലയിരുത്തലുകൾക്ക് വിധേയരാകുകയും ബഹിരാകാശത്ത് ആയിരിക്കുമ്പോൾ അവരുടെ ആരോഗ്യം ക്ഷയിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഫ്ലൈറ്റ് സർജന്മാർ അവരെ നിരീക്ഷിക്കുകയും ചെയ്യുന്നു. ഇത് ഇരുവരുടേയും ആരോഗ്യം ക്ഷയിക്കാതെ ഇരിക്കാൻ സഹായകരമായി.

മൂന്ന് മാസത്തിലൊരിക്കൽ പതിവ് വിതരണ ദൗത്യങ്ങളിലൂടെ ബഹിരാകാശ നിലയത്തിൽ ഭക്ഷണം, വെള്ളം, വസ്ത്രങ്ങൾ, ഓക്സിജൻ എന്നിവ സംഭരിക്കുന്നുണ്ടെന്ന് നാസ തുടർച്ചയായി ഉറപ്പാക്കുന്നു. ഗുരുത്വാകർഷണബലത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന പേശി-അസ്ഥി പ്രശ്നങ്ങൾ സംരക്ഷിക്കാൻ ISS ക്രൂ അംഗങ്ങൾ ദിവസവും രണ്ട് മണിക്കൂർ ശാരീരികമായി വ്യായാമം ചെയ്യുന്നു. ദിവസം എട്ട് മണിക്കൂർ ഉറക്കവും ഉറപ്പുവരുത്തു. ഇങ്ങനെയെല്ലാമാണ് ദീർഘകാല ബഹിരാകാശ വാസം നടത്തുന്നവർ ആരോഗ്യം നിലനിർത്തുന്നത്.

മുൻപ് നാസയിലെ ബഹിരാകാശയാത്രികനും സർജനുമായ ഫ്രാങ്ക് റൂബിയോ, തുടർച്ചയായി 371 ദിവസം ഐഎസ്‌എസിൽ ചെലവഴിച്ച് റെക്കോർഡ് സ്വന്തമാക്കിയിരുന്നു. വിരമിച്ച ആർമി ഓഫീസർ മാർക്ക് വാന്ദേ ഹെയ് 355 ദിവസവും എഞ്ചിനീയർ സ്കോട്ട് കെല്ലി 340 ദിവസവും ഇത്തരത്തിൽ ബഹിരാകാശത്ത് ചിലവഴിച്ചവരാണ്.
NASA astronauts Sunita Williams and Butch Wilmore return to Earth after an unexpected nine-month stay on the ISS due to Boeing Starliner issues.