ഒൻപതു മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടന്നിരുന്ന നാസ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ മടങ്ങിയെത്തിയിരിക്കുകയാണ്. ഫ്ലോറിഡയിലെ ടാലഹാസി തീരത്ത് മെക്സിക്കോ ഉൾക്കടലിലാണ് ഇവരെ വഹിച്ചെത്തിയ സ്പേസ് എക്സ് കാപ്സ്യൂൾ വിജയകരമായി ലാൻഡ് ചെയ്തത്. നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്ക് വൈദ്യപരിശോധനയ്ക്കായി സംഘത്തെ മാറ്റിയിരിക്കുകയാണ്. ബഹിരാകാശത്ത് ദീർഘകാലം ചിലവഴിച്ച് ഭൂമിയിലേക്ക് മടങ്ങിയെത്തിയ ഇവർക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാമെന്ന് നാസ വിശദീകരിച്ചു. മടങ്ങിയെത്തിയ ബഹിരാകാശയാത്രികർ വാസ്കുലർ, കാർഡിയോ റീകണ്ടീഷനിംകിലൂടെ കടന്നുപോകും. അവരുടെ ശരീരം ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുന്നതിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിൽ തലകറക്കം അടക്കം അനുഭവപ്പെടാമെന്നും നാസ ഉദ്യോഗസ്ഥൻ പറഞ്ഞു. ആരോഗ്യ കാരണങ്ങൾ മുൻനിർത്തി ഇനിയുള്ള ദിവസങ്ങളിൽ സവിശേഷ ദിനചര്യകളിലൂടെയാണ് ഇവർ കടന്നുപോകുക.

സുനിതയും സംഘവും നാസയുടെ പ്രത്യേക വൈദ്യസംഘത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിലാകും. സംഘത്തിലെ ഓരോ ബഹിരാകാശ യാത്രികരുടേയും ആരോഗ്യസ്ഥിത് അനുസരിച്ചുള്ള വൈദ്യപരിശോധനകളാണ് നൽകുക. ഇതോടൊപ്പം തന്നെ പ്രത്യേക വ്യായാമവും പരിശീലനവും സംഘത്തിനു നൽകും. ശാരീരിക പരിശോധനകൾക്കു പുറമേ മസാജ് തെറാപ്പി, ന്യൂറോ പരിശോധന എന്നിവയ്ക്കാണ് സുനിതയടക്കമുള്ള സംഘം വിധേയരാകുക. നേരെ നിൽക്കാൻ ബുദ്ധിമുട്ട്, തലകറക്കം, തളർച്ച തുടങ്ങിയവ ഉണ്ടോ എന്നതിന് ഓരോ ഘട്ടത്തിലും പ്രത്യേക പരിശോധന നടക്കും. ഇസിജി, കാഴ്ച പരിശോധന തുടങ്ങിയവയ്ക്കും സംഘം വിവിധ ഘട്ടങ്ങളിലായി വിധേയരാകും.

ബഹിരാകാശ യാത്രികരുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലാകാൻ 45 ദിവസം വരെ സമയമെടുക്കും എന്നാണ് നാസ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. സാധാരണ ഗതിയിൽ ബഹിരാകാശ യാത്രികർ ഭൂമിയിലേക്ക് മടങ്ങിയെത്തിയാൽ ഒരാഴ്ചയ്ക്കുള്ളിൽ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കാറുണ്ട്. എന്നാൽ സുനിതയും വിൽമോറും ഒൻപത് മാസത്തോളം സ്പേസ് വാസം നടത്തിയതിനാൽ റിക്കവറി സമയം വർധിക്കും.
After nine months in space, Sunita Williams faces post-mission challenges like balance issues and cardiovascular adjustments. NASA outlines her recovery process and mission success.